ന്യൂദല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരം അറസ്റ്റിലായതോടെ ഉയരുന്ന പ്രധാന ആരോപണം ഇത് രാഷ്ട്രീയമായ വേട്ടയാടലെന്നായിരുന്നു. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും ശക്തനായ നേതാവായിരുന്ന പി.ചിദംബരത്തെ അറസ്റ്റ് ചെയ്യുമ്പോള്‍ ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുജറാത്തില്‍ ആഭ്യന്തര മന്ത്രിയായിരുന്ന അമിതാഷായെ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ജയിലിലടച്ചതിന്റെ കഥയാണ്
കോണ്‍ഗ്രസിന് പറയാനുള്ളത്.
കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കയും രാഹുലും അടക്കം നിരവധി നേതാക്കള്‍ ചിദംബരത്തിന്റെ അറസ്റ്റില്‍ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോഴും ഉയര്‍ത്തിയത് കേസ് രാഷ്ട്രീയ പ്രേരിതമെന്ന ആരോപണമായിരുന്നു.
വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത്ഷാ അറസ്റ്റിലാവുമ്പോള്‍ കേന്ദ്രആഭ്യന്തര വകുപ്പ് ചിദംബരത്തിന്റെ കൈയ്യിലായിരുന്നു. ഇന്ന് ചിദംബരം അറസ്റ്റിലാവുമ്പോള്‍ ആഭ്യന്തരം അമിത്ഷായുടെ കയ്യിലും.
2010 ല്‍ രണ്ടാം യു.പി.എ സര്‍ക്കാരില്‍ ചിദംബരം ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ് അമിത്ഷായുടെ അറസ്റ്റ്. സൊറാബുദ്ദീന്‍ ഷെയ്ക്കിനെയും ഭാര്യയെയും വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചുവെന്നതായിരുന്നു കുറ്റം. ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ ചില പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തു എന്ന് സി.ബി.ഐ കണ്ടെത്തി. 2010 ജൂലൈയില്‍ അറസ്റ്റിലായ അമിതാഷാ മൂന്നുമാസം ജയിലില്‍ കിടക്കേണ്ടി വന്നു. മൂന്ന് മാസത്തിന് ശേഷം 2010 ഒക്ടോബര്‍ 29 ന് അമിത് ഷായ്ക്ക് ഗുജറാത്ത് ഹൈക്കോടതി ജാമ്യം
അനുവദിക്കുകയായിരുന്നു. അതേസമയം 2010 മുതല്‍ 2012 വരെ രണ്ട് വര്‍ഷത്തേക്ക് ഗുജറാത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് അമിത് ഷായെ വിലക്കിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
2014 നായിരുന്നു അമിത്ഷായെ കോടതി കുറ്റവിമുക്തനാക്കിയത്. അപ്പോഴേക്കും കേന്ദ്രത്തില്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയിരുന്നു.
അന്ന് മോദി അധികാരത്തിലെത്തിയപ്പോള്‍ തുടങ്ങിയതാണ് പി.ചിദംബരത്തിനെതിരെയുള്ള വേട്ടയാടലുകള്‍. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരമാണ് ആദ്യം അറസ്റ്റിലായത്. പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ദല്‍ഹിയിലെ ജോര്‍ ബാഗ് വസതിയില്‍ നിന്നായിരുന്നു ഇന്നലെ പി.ചിദംബരം അറസ്റ്റിലാവുന്നത്.
ഐ.എന്‍.എക്സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്. സി.ബി.ഐയുടെ വളരെ നാടകീയമായ അറസ്റ്റിനെതിരെ ഇന്നലെ ചിദംബരത്തിന്റെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോദി വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയിരുന്നു.