ബോളിവുഡ് താരങ്ങളെ ക്യാമറയില്‍ പകര്‍ത്തുന്നതിനേക്കാള്‍ ഇപ്പോള്‍ പല ഫോട്ടോഗ്രാഫര്‍മാരും പ്രധാന്യം നല്‍കുന്നത് സെലിബ്രറ്റികളുടെ മക്കളുടെ മുഖം എങ്ങനെയെങ്കിലും ക്യാമറയില്‍ ഒപ്പിയെടുക്കാനാണ്.
പലപ്പോഴും ക്യാമറമാന്‍മാരുടെ ഈ തള്ളിക്കയറ്റം അതിരുവിടുന്നതായും കേള്‍ക്കാറുണ്ട്. ഏറ്റവും ഒടുവിലായി ഇതിന് ഇരയായത് ബോളിവുഡ് താരം റാണി മുഖര്‍ജിയാണ്. റാണിയുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മുഖം ക്യാമറയില്‍ പകര്‍ത്താനായിരുന്നു ഒരുകൂട്ടം ക്യാമറാച്ചേട്ടന്‍മാരുടെ തിരക്ക്.
കഴിഞ്ഞ ദിവസം മുംബൈ എയര്‍പ്പോര്‍ട്ടില്‍ വെച്ച് അനുവാദമില്ലാതെ തന്റെ മകളുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ഫോട്ടോഗ്രാഫര്‍ക്ക് നേരെ റാണി തട്ടിക്കയറുകയും ചെയ്തിരുന്നു.
മകളുടെ ഫോട്ടോ എടുക്കാന്‍ പാടില്ലെന്ന് റാണി തന്നെ അവരോട് ആവശ്യപ്പെട്ടതായി മിഡ്ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. റാണിയുടെ മകളുടെ ഫോട്ടോ എന്ന പേരില്‍ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ ഒരു ചിത്രം പ്രചരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അത് തന്റെ മകളുടെ ഫോട്ടോ അല്ലെന്നും തന്റേതെന്ന പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്നാണ് ഫോട്ടോ ഷെയര്‍ ചെയ്തതെന്നും വ്യക്തമാക്കി റാണി തന്നെ രംഗത്തെത്തുകയായിരുന്നു.
ഇതിന് മുന്‍പ് ബോളിവുഡ് താരം അക്ഷയ്കുമാറിന്റെ മകളുടെ ചിത്രം എടുക്കാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ കൂടിയിരുന്നു. എന്നാല്‍ ഫോട്ടോഗ്രാഫര്‍മാരെ ഒന്നിച്ചുകണ്ടതോടെ മകളും അമ്പരന്നു.
ഫോട്ടോഗ്രാഫര്‍മാരുടെ ശല്ല്യം മൂലം പൊതുസ്ഥലങ്ങളില്‍ ബോളിവുഡ് താരങ്ങളില്‍ പലര്‍ക്കും സമചിത്തത നഷ്ടപ്പെടുന്നതായാണ് പുതിയ വാര്‍ത്തകള്‍ പൊതുസ്ഥലങ്ങളില്‍ ഫോട്ടോഗ്രാഫര്‍മാരെ കാണുമ്പോള്‍ കുട്ടികള്‍ വല്ലാതെ അസ്വസ്ഥരാവാറുണ്ടെന്ന് ബോളിവുഡ് താരം ഐശ്വര്യ റായ് പറയുന്നു.
തന്റെ നാലു വയസ്സുകാരിയായ മകള്‍ ആര്യാധ്യയും ക്യാമറകാണുമ്പോള്‍ പരിഭ്രാന്തപ്പെടാറുണ്ടെന്നും എന്നാല്‍ അവള്‍ നല്ല മൂഡില്‍ നില്‍ക്കുന്ന സമയമാണെങ്കില്‍ ഫോട്ടോക്ക് പോസ് ചെയ്യുകയും തമാശകള്‍ പറയുകയും ചെയ്യുമെന്ന് ഐശ്വര്യ വ്യക്തമാക്കുന്നു.
എന്നാള്‍ ആളുകള്‍ കൂടുന്നതോടെ അവള്‍ ആകെ പരിഭ്രാന്തിയിലാകും. ആ അവസരങ്ങളില്‍ അവളെ താന്‍ എടുക്കാറാണ് പതിവെന്നും ഐശ്വര്യ പറയുന്നു.
അടുത്തിടെ മുംബൈ എയര്‍പോര്‍ട്ടിലെത്തിയ ഐശ്വര്യയേയും ആരാധ്യയേയും ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഐശ്വര്യയുടെ മാതാവ് ബ്രിന്ദ റായി വീണ് കാലിന് പരിക്ക് പറ്റിയിരുന്നു.
ചിത്രകലാപ്രദര്‍ശനത്തിടെ തന്റെ സമ്മതമില്ലാതെ ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫറോട് ജയാബച്ചന്‍ ദേഷ്യപ്പെട്ടതും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.