'ജുഡീഷ്യറിക്ക് മേല്‍ എന്ന് ബി.ജെ.പിക്ക് നിയന്ത്രണം ലഭിക്കുന്നോ അന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവസാന ദിനമായിരിക്കും': ഉദ്ധവ് താക്കറെ
national news
'ജുഡീഷ്യറിക്ക് മേല്‍ എന്ന് ബി.ജെ.പിക്ക് നിയന്ത്രണം ലഭിക്കുന്നോ അന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവസാന ദിനമായിരിക്കും': ഉദ്ധവ് താക്കറെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd April 2023, 6:18 pm

 

മുംബൈ: ഇന്ത്യന്‍ ജുഡീഷ്യറിക്ക് മേല്‍ എന്ന് ബി.ജെ.പിക്ക് നിയന്ത്രണം ലഭിക്കുന്നോ അന്ന് രാജ്യത്തെ ജനാധിപത്യത്തിന്റെ അവസാന ദിനമായിരിക്കുമെന്ന്‌ ഉദ്ധവ് താക്കറെ. ഔറംഗാബാദില്‍ മഹാവികാസ് അഘാടിയുടെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ബി.ജെ.പിയും അവരുടെ നേതാക്കളും ജുഡീഷ്യറിക്ക് മേല്‍ നിരന്തരം ആക്രമണം നടത്തുകയാണെന്നും കൊളീജിയം സംവിധാനത്തെ തകര്‍ത്തു കൊണ്ട് ജുഡീഷ്യറിയെ തങ്ങളുടെ വരുതിക്ക് കൊണ്ടു വരാന്‍ ശ്രമിക്കുകയാണെന്നും ഉദ്ധവ് പറഞ്ഞു.

‘ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളെയെല്ലാം അധികാരമുപയോഗിച്ച് കൊണ്ട് ബി.ജെ.പി തകര്‍ക്കുകയാണ്. അവസാനത്തെ പ്രതീക്ഷ ജുഡീഷ്യറിയാണ്. അതു കൂടി ബി.ജെ.പിക്കാരുടെ കൈപ്പിടിയിലാകുന്ന ദിവസം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവസാനമായിരിക്കും. ഇസ്രാഈലില്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ ജനങ്ങള്‍ തെരുവിലിറങ്ങുകയാണ്. ഇസ്രാഈല്‍ പ്രധാനമന്ത്രി, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്താണ്. മോദിയെപ്പോലെ എല്ലാം തന്റെ നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുന്നയാളാണ്. എന്നാല്‍ ജനങ്ങള്‍ അതിനെ എതിര്‍ത്ത് തോല്‍പ്പിച്ചു. ഇസ്രാഈലിലെ ജനങ്ങള്‍ നടത്തിയതു പോലൊരു സമരം, ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനായി നാം നടത്തേണ്ടതുണ്ട്,’ ഉദ്ധവ് പറഞ്ഞു.

പ്രതിപക്ഷ നേതാക്കളെ ആക്രമിക്കാനായി അവര്‍ക്ക് മേല്‍ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുക എന്നതാണ് ബി.ജെ.പി ഇപ്പോള്‍ പിന്തുടര്‍ന്നു കൊണ്ടിരിക്കുന്ന ഒരു രീതിയെന്നു അതിനു ശേഷം ഈ ആരോപണങ്ങളുടെ പേരില്‍ അവരെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്നും ഉദ്ധവ് കൂട്ടിച്ചേര്‍ത്തു. നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെയാണ്

ബി.ജെ.പി മഹാവികാസ് അഘാടി ഗവണ്‍മെന്റിനെ പുറത്താക്കിയതെന്നും തന്റെ പിതാവ് ബാലാസാഹിബ് താക്കറെയുടെ രാഷ്ട്രീയ പാരമ്പര്യത്തെ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു.

ബി.ജെ.പിക്കാര്‍ക്കും അവരുടെ ഭരണ പങ്കാളിയായ ഏക്‌നാഥ് ഷിന്‍ഡെക്കും ധൈര്യമുണ്ടെങ്കില്‍, ബാലാസാഹിബ് താക്കറെയുടെ പേരിലല്ല നരേന്ദ്ര മോദിയുടെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ചെന്ന് വോട്ട് അഭ്യര്‍ത്ഥിക്കാന്‍ കഴിയുമോ എന്നും ഉദ്ധവ് വെല്ലുവിളിച്ചു.

Content Highlights: When B.J.P gets control over judiciary, thats the last day of indian democracy: udhav thackeray