പഞ്ചാബ് തൂത്തുവാരി ആം ആദ്മി; വലിയ സിംഹാസനങ്ങള്‍ കുലുങ്ങുമെന്ന് രാഘവ് ചദ്ദ
India
പഞ്ചാബ് തൂത്തുവാരി ആം ആദ്മി; വലിയ സിംഹാസനങ്ങള്‍ കുലുങ്ങുമെന്ന് രാഘവ് ചദ്ദ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th March 2022, 10:29 am

ചണ്ഡീഗഡ്: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ പഞ്ചാബ് തൂത്തുവാരി ആം ആദ്മി പാര്‍ട്ടി. പഞ്ചാബിലെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഭൂരിപക്ഷം കടന്നിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി.

‘ഞങ്ങള്‍ ‘ആം ആദ്മി’ ആണ്, എന്നാല്‍ ‘ആം ആദ്മി’ ഉയരുമ്പോള്‍, ഏറ്റവും ശക്തരായ ചിലരുടെ സിംഹാസനങ്ങള്‍ കുലുങ്ങുന്നു. ഇന്ന് ഇന്ത്യയുടെ ചരിത്രത്തിലെ ഒരു സുപ്രധാന ദിനമാണ്. ആം ആദ്മി പാര്‍ട്ടി ഒരു സംസ്ഥാനം കൂടി ജയിച്ചതുകൊണ്ടു മാത്രമല്ല അത്. മറിച്ച് ഒരു ദേശീയ ശക്തിയായി എ.എ.പി മാറിയതുകൊണ്ട് കൂടിയാണ്. കോണ്‍ഗ്രസിന് ബദലായി ആം ആദ്മി മാറിയിരിക്കുകയാണ്. പഞ്ചാബ് കെജ്‌രിവാളിന്റെ മാതൃകാഭരണം സ്വീകരിച്ചുകഴിഞ്ഞെന്നും രാഘവ് ചദ്ദ പറഞ്ഞു.

59 സീറ്റാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. നിലവില്‍ 85 സീറ്റുകളില്‍ മുന്നേറുകയാണ് ആം ആദ്മി പാര്‍ട്ടി.

നിലവില്‍ ആം ആദ്മി ആസ്ഥാനങ്ങളില്‍ വിജയാഘോഷവും തുടങ്ങിയിരിക്കുകയാണ്. ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഭഗ്‌വന്ത് മനിന്റെ വസതിക്ക് മുമ്പില്‍ അണികള്‍ ആഘോഷ പ്രകടനം നടത്തുകയാണ്.

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ തന്നെ ആം ആദ്മി പാര്‍ട്ടി കൃത്യമായ ലീഡ് നിലനിര്‍ത്തിപ്പോന്നിരുന്നു. എന്നാല്‍ തുടക്കം മുതലേ കോണ്‍ഗ്രസിന് കാലിടറുന്ന കാഴ്ചയായിരുന്നു കണ്ടത്. പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചരണ്‍ജിത് സിംഗ് ചന്നി ചാംമ്പ്കൗര്‍ സാഹിബ് മണ്ഡലത്തില്‍ പിന്നിലാണ്.

117 സീറ്റില്‍ നിലവില്‍ 88 സീറ്റില്‍ ആം ആദ്മിയും 13 സീറ്റില്‍ കോണ്‍ഗ്രസും നാല് സീറ്റില്‍ ബി.ജെ.പിയുമാണ് ലീഡ് ചെയ്യുന്നത്. എട്ട് സീറ്റുകളില്‍ ശിരോമണി അകാലിദളും ലീഡ് ചെയ്യുന്നുണ്ട്.