ഇന്ന് ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടുതലും ഏതെങ്കിലും ഒരു മതത്തെ കൂട്ടുപിടിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്നത് കാണാം. മതവും രാഷ്ട്രീയവും ഒരിക്കലും ഒന്നിക്കേണ്ടതല്ലെന്നും അവ രണ്ടായി തന്നെ നിലനിര്‍ത്തേണ്ടതാണെന്നുമുള്ള വസ്തുത ഇന്ന് നമ്മുടെ രാജ്യത്ത് നടക്കുന്ന പല കാര്യങ്ങളില്‍ നിന്നും മനസിലാക്കാന്‍ സാധിക്കും.
ഇത് തന്നെയാണ് മലയാളി ഫ്രം ഇന്ത്യ എന്ന സിനിമയും പറയുന്നത്. ആല്‍പറമ്പില്‍ ഗോപിയെന്ന കഥാപാത്രമായി നിവിന്‍ പോളി എത്തിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ഡിജോയുടെ സംവിധാനത്തില്‍ എത്തിയ മൂന്നാമത്തെ സിനിമയാണ് മലയാളി ഫ്രം ഇന്ത്യ.
ക്വീന്‍, ജനഗണമന എന്നീ സിനിമകള്‍ക്ക് ശേഷം ഏറെ സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് മലയാളി ഫ്രം ഇന്ത്യ പറയുന്നത്. ആല്‍പറമ്പില്‍ ഗോപിയുടെ കഥ ഇന്ത്യയിലെ രാഷ്ട്രീയത്തെ മുന്‍നിര്‍ത്തി ആക്ഷേപഹാസ്യ രൂപത്തില്‍ പറഞ്ഞു പോകുകയാണ് ഡിജോ ചെയ്തിട്ടുള്ളത്. വോട്ടിനായി മതത്തെയും ജാതിയെയും കൂട്ടുപിടിക്കുന്നവരെയും സിനിമ കാണിക്കുന്നുണ്ട്.
സിനിമയില്‍ നിവിന്‍ പോളിക്ക് പുറമെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സലിം കുമാറാണ്. ഹംസ എന്ന കഥാപാത്രമായാണ് അദ്ദേഹം എത്തുന്നത്. ഹംസ സിനിമയുടെ ഒരു പ്രധാന ഘട്ടത്തില്‍ പറയുന്ന വാക്കുകള്‍ ഇന്നത്തെ ഇന്ത്യയുടെ സാമൂഹിക അവസ്ഥയില്‍ ഏറെ യോജിക്കുന്നതാണ്.
‘രാഷ്ട്രീയം പറയാന്‍ ഇല്ലെങ്കില്‍ മതത്തെ കൂട്ടി കൊടുക്കരുത്’ എന്നതാണ് ആ ഡയലോഗ്. തന്റെ നാട്ടില്‍ രണ്ട് പാര്‍ട്ടികളും വിഭാഗങ്ങളും തമ്മില്‍ വലിയ സംഘര്‍ഷം നടക്കുമ്പോള്‍ അതിലേക്ക് വീണ്ടും തീ കോരിയൊഴിച്ച് പ്രശ്നം ആളികത്തിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരനോടാണ് ഹംസ ഈ കാര്യം പറയുന്നത്.
മനുഷ്യര്‍ക്ക് മാത്രമാണ് മതവും മറ്റും പറഞ്ഞുള്ള വേര്‍തിരിവ് ഉള്ളതെന്ന സത്യവും മലയാളി ഫ്രം ഇന്ത്യ പറയുന്നു. ഒരു ഘട്ടത്തില്‍ നാട്ടില്‍ നടക്കുന്ന ആക്രമങ്ങളില്‍ ഇരയാകേണ്ടി വരുന്ന മുസ്‌ലിം സ്ത്രീയോട് മുത്തപ്പന്‍ ‘നീ എനിക്ക് എല്ലാവരെയും പോലെ തന്നെയാണ്’ എന്ന് പറയുന്നതും കാണാം. അവിടെ മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന് മുന്നില്‍ ഈ പറഞ്ഞ മതമോ ജാതിയോ രാഷ്ട്രീയമോ ഇല്ലെന്ന് പറഞ്ഞു വെക്കുന്നു.
മലയാളി ഫ്രം ഇന്ത്യയുടെ കഥ മുന്നോട്ട് പോകുമ്പോള്‍ കടന്നു വരുന്ന കഥാപാത്രമാണ് ദീപക് ജേത്തി അവതരിപ്പിച്ച സാഹിബിന്റേത്. ഒരു പാക്കിസ്ഥാനിയായാണ് അദ്ദേഹം സിനിമയില്‍ എത്തുന്നത്. അയാള്‍ ഒരു ഘട്ടത്തില്‍ ഗോപിയോട് പറയുന്ന വാക്കുകള്‍ സിനിമ കാണുന്ന പ്രേക്ഷകരുടെ ഉള്ളില്‍ പതിക്കുന്നതാണ്.
‘മതം ഒരു രാജ്യത്തിന്റെ ഭരണഘടന ആയാല്‍ ആ രാജ്യം നശിക്കും. അതിപ്പോള്‍ എന്റേതായാലും നിന്റേതായാലും’. അവിടെ ഇന്ത്യ – പാക് ബന്ധത്തെ കുറിച്ചും ഒരു പ്രത്യേക മതത്തില്‍ ഉള്ളവരെ മാത്രം തീവ്രവാദികളാക്കി മുദ്രകുത്തുന്ന രീതിയെ കുറിച്ചും സിനിമ പറയുന്നു.
സ്വര്‍ഗം തേടിയിറങ്ങി തീവ്രവാദത്തിലേക്ക് തിരിയുന്ന ആളുകളെ കുറിച്ച് ഗോപി പറയുമ്പോള്‍ ‘എന്റെ മതം പറഞ്ഞത് സ്വര്‍ഗം എന്റെ ഉമ്മാന്റെ കാലിന് അടിയിലാണ്’ എന്ന് സാഹിബ് പറയുന്നത് കാണാം. ഒപ്പം തന്റെ മതഗ്രന്ഥം തുടങ്ങുന്നത് ‘ഇഖ്റ’ എന്ന വാക്കിലാണെന്നും അതിനര്‍ത്ഥം വായിക്കുക എന്നാണെന്നും അയാള്‍ ഗോപിയോട് പറയുന്നുണ്ട്.
സിനിമയുടെ അവസാനമെത്തുമ്പോള്‍ ജാതിയും മതവുമൊക്കെ മറന്ന് മനുഷ്യര്‍ വേര്‍തിരിവുകള്‍ ഇല്ലാതെ ജീവിക്കട്ടെ എന്ന ആശയമാണ് പറഞ്ഞു വെക്കുന്നത്. ഇത്തരത്തില്‍ ഇന്നത്തെ ഇന്ത്യയില്‍ ചര്‍ച്ച ചെയ്യേണ്ട ഒരുപാട് കാര്യങ്ങള്‍ മലയാളി ഫ്രം ഇന്ത്യയിലൂടെ ഡിജോ പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നു വെക്കുന്നു.
Content Highlight: When A Religion Becomes The Constitution Of The Country; Malayali From India