|

ഒരു ദുരൂഹമരണം സമാധിയിലെത്തുമ്പോള്‍

ശ്രീലക്ഷ്മി എസ്.

ഗോപന്‍സ്വാമി, 81 വയസ്, നെയ്യാറ്റിന്‍കരയില്‍ താമസം, ദുരൂഹമരണം. പ്രാണായാമം കുംഭഗം ചെയ്ത് ബ്രഹ്‌മത്തിലേക്ക് ലയിക്കുന്ന സമാധി,. അച്ഛന്‍ ബ്രഹ്‌മത്തില്‍ ലയിച്ചുവെന്നും സമാധിയായെന്നും പറയുന്ന മകന്‍. സമാധിയില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്ന നാട്ടുകാരിലുമാണ് കഥ ആരംഭിക്കുന്നത്.

സമാധി സ്ഥലത്ത് കുടുംബം

വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെ അച്ഛന്‍ സമാധിയായി. രാവിലെ എഴുന്നേറ്റ് തന്നെ വിളിച്ച അച്ഛന്‍ ഗോപന്‍ സ്വാമി താനിന്ന് സമാധിയാകുമെന്നും താന്‍ സമാധിയായാല്‍ ചെയ്യേണ്ട കര്‍മങ്ങള്‍ എന്താണെന്നും മകനോട് പറഞ്ഞുകൊടുക്കുന്നു. പിന്നാലെ അച്ഛന്റെ സുഗന്ധദ്രവ്യങ്ങളും കോണ്‍ക്രീറ്റുമുപയോഗിച്ച് അച്ഛനെ മക്കള്‍ തന്നെ സമാധിയാക്കുന്നു. ഇങ്ങനെയൊക്കെയാണ് മക്കള്‍ പറയുന്നത്. പോസ്റ്റര്‍ ഒട്ടിക്കുന്നു. നാട്ടുകാരറിയുന്നു. സംഭവം വിവാദമാകുന്നു. പൊലീസ് കേസെടുക്കുന്നു. സംഭവ ബഹുലം.

രാവിലെ പതിനൊന്നോടെ മരണപ്പെട്ടുവെന്ന് മക്കള്‍ പറയുന്നുണ്ടെങ്കിലും ശില ഉണ്ടാക്കിയതും കോണ്‍ക്രീറ്റിട്ട് മൂടുന്നതും പുലര്‍ച്ചെ 3.30.യ്ക്ക് മുഹൂര്‍ത്ത സമയത്ത്. പിന്നാലെ 3.30ന് തന്നെ ഓം കാവുവുളാകം ശ്രീ കൈലാസ നാഥ മഹാദേവ ക്ഷേത്രം ആചാര്യ ഗുരു ബ്രഹ്‌മ ശ്രീ ഗോപന്‍ സ്വാമി സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ ഒട്ടിച്ച് എല്ലാവരെയും അറിയിക്കുന്നു.

ആധുനിക കാലത്ത് ഇങ്ങനെയൊക്കെ പറഞ്ഞാല്‍ ആളുകള്‍ വിശ്വസിക്കുമോ എന്ന് ചോദിച്ചാണ് നാട്ടുകാര്‍ രംഗത്തെത്തുന്നത്. സമാധിയാവാന്‍ സമീപത്തുള്ള സമാധിക്കല്ല് അഥവാ ഋഷിപീഠത്തില്‍ സ്വന്തമായി പോയി ഇരുന്നുവെന്നും ബി.പിയുടെ ഗുളികയും ഭക്ഷണവും കഴിച്ചാണ് ഗോപന്‍ സ്വാമി സമാധിയാവാന്‍ പോയതെന്ന കുടുംബത്തിന്റെ വാദം നാട്ടുകാര്‍ സംശയത്തോടെയാണ് നോക്കിക്കണ്ടത്.

വിശുദ്ധിയെന്ന ആധാര ശക്തികളെ ഉണര്‍ത്തി കുണ്ഡലീന ശക്തികളെ ഉണര്‍ത്തി മരണത്തിലേക്കല്ല സമാധിയിലേക്കാണ് അച്ഛന്‍ പോയതെന്ന് മക്കള്‍ വിശദീകരിക്കുന്നു. ബ്രഹ്‌മമുഹൂര്‍ത്തം തെറ്റിക്കാന്‍ പാടില്ലെന്നും മക്കള്‍ മാത്രം തന്റെ കര്‍മങ്ങള്‍ നടത്തിയാല്‍ മതിയെന്നും അച്ഛന്‍ പറഞ്ഞതിനാലാണ് നാട്ടുകാരെയും ബന്ധുക്കളെയും അറിയിക്കാതിരുന്നതെന്നാണ് കുടുംബത്തിന്റെ വാദം.

81വയസ്സായ ഗോപന്‍ സ്വാമിക്ക് നടക്കുന്നതിനുള്‍പ്പെടെ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും തനിയെ നടന്നുപോയി സമാധിയിരിക്കാനുള്ള സാധ്യത കുറവാണെന്നുമാണ് ബന്ധുക്കളുടെ മൊഴി. തങ്ങളെ ആരെയും ഒന്നും അറിയിച്ചില്ലെന്നും പോസ്റ്ററിലൂടെയാണ് കാര്യങ്ങള്‍ അറിഞ്ഞതെന്നും നാട്ടുകാര്‍ പറയുന്നു.

അതേസമയം സമാധി ആയത് മനസിലാക്കിയതും മരണം സ്ഥിരീകരിച്ചതും താനാണെന്നും ഡോക്ടര്‍ തൊട്ടാല്‍ അശുദ്ധിയാവും കളങ്കപ്പെടുമെന്നൊക്കെ മകന്‍ വാതോരാതെ വാദിക്കുന്നുണ്ട്. യോഗകലകളും പ്രാണശക്തിയും ഉണര്‍ത്തി അച്ഛന്‍ ഋഷിപീഠത്തിലിരുന്നുവെന്നും ശരീരത്തില്‍ ഭസ്മവും പൂക്കളും സുഗന്ധദ്രവ്യങ്ങളുമിട്ട് അച്ഛനെ തങ്ങള്‍ നിമജ്ഞനം ചെയ്തുവെന്നും മകന്‍ അഭിമാനത്തോടെ വിളിച്ചുപറയുന്നുണ്ട്.

അച്ഛന്റെ മരണം സ്ഥിരീകരിക്കാതെ മക്കള്‍ കോണ്‍ക്രീറ്റ് സ്ലാബിട്ട് അഥവാ മകന്‍ രാജസേനന്‍ പോറ്റിയുടെ ഭാഷയില്‍ പറഞ്ഞാല്‍ മയിലാടിയിലെ കൃഷ്ണശില അഥവാ നപുംസക ശിലയിലിട്ട് മൂടുന്നു.

പട്ടാപ്പകല്‍ ഇത്തരത്തിലൊരു കാര്യം നടക്കുമ്പോള്‍ എന്താണ് സത്യാവസ്ഥ എന്നറിയാനാണ് നാട്ടുകാരുള്‍പ്പെടെയുള്ളവര്‍ സംഭവത്തില്‍ ഇടപെടുന്നത്. ദുരൂഹത നിറഞ്ഞുനില്‍ക്കുകയാണെന്നും മക്കളുടെ മൊഴിയിലെ വൈരുദ്ധ്യവും സംശയം വര്‍ധിപ്പിക്കുകയാണ്.

ദൂരൂഹമരണത്തിന്റെ സത്യാവസ്ഥ കണ്ടെത്തണമെന്നും മരണം സ്ഥിരീകരിക്കണമെന്നുമുള്ള നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അധികൃതര്‍ സംഭവത്തില്‍ ഇടപെടുന്നത്. പിന്നാലെ പൊലീസ് മിസ്സിങ് കേസ് രജിസ്റ്റര്‍ ചെയ്തു.

കാര്യങ്ങള്‍ സ്ഥിരീകരിക്കാനായി സബ് കളക്ടറടക്കം സമാധി അഥവാ ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിച്ച് പരിശോധിച്ച് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ സ്വീകരിക്കാമെന്നും തീരുമാനിച്ച് സ്ഥലത്തെത്തുകയും കുടുംബത്തോട് സംസാരിക്കുകയും ചെയ്തു.

എന്നാല്‍ കല്ലറ പൊളിക്കുന്നത് ഹിന്ദു ആചാരങ്ങളോടുള്ള ലംഘനമാണെന്നും ഇത് ഭീഷണിയാണെന്നും താന്‍ ആത്മഹൂതി ചെയ്യുമെന്ന് മക്കള്‍ വാദിക്കുകയുണ്ടായി. പിന്നാലെ ഹിന്ദുഐക്യവേദിയും രംഗത്തെത്തി. ഖബര്‍ ആരും പൊളിക്കാന്‍ ശ്രമിക്കുന്നില്ലല്ലോ എന്നും ‘മുസ്‌ലിം തീവ്രവാദികളാണ്’ സമാധി പൊളിക്കുന്നതിന് പിന്നിലെന്നായിരുന്നു മകന്റെ വാദം.

സംഭവസ്ഥലം സംഘര്‍ഷഭരിതമാവുകയായിരുന്നു. ഗോപന്‍ സ്വാമിയുടെ മരണത്തിലെ ദുരൂഹത നീക്കാനെത്തിയ പൊലീസിന്റെ ശ്രമങ്ങളെ തടയാന്‍ സംഘപരിവാറിന്റെ നീക്കമായിരുന്നു പിന്നീട് കണ്ടത്. എന്‍.ഡി.എ സഖ്യകക്ഷി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരനടക്കമുള്ള ആളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

അതേസമയം ഹിന്ദു ആചാരങ്ങളോടുള്ള ഭീഷണിയാണെന്നും ആചാരലംഘനമാണെന്നുമുള്ള സംഘപരവാറിന്റെ പ്രചരണത്തിന്‍ എളുപ്പത്തില്‍ തന്നെ നാട്ടുകാര്‍ തടയിടുകയും ചെയ്തു.

വി.എസ്.ഡി.പിയും ഹൈന്ദവ സംഘടനകളും ചേര്‍ന്ന് വര്‍ഗീയ ധ്രുവീകരണത്തിന് നടത്തിയ ശ്രമങ്ങള്‍ക്കെതിരെ സി.പി.ഐ.എം നേതൃത്വത്തില്‍ നാട്ടുകാര്‍ ശക്തമായി പ്രതികരിക്കുകയുണ്ടായി. സംഭവസ്ഥലത്ത് വര്‍ഗീയതയില്ലെന്നും ഇതെല്ലാം വര്‍ഗീയ ശക്തികള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി സുജിത്ത് അടക്കമുള്ളവര്‍ പ്രതികരിച്ചത്.

വിഷയത്തെ നിയമപരമായി മാത്രമാണ് കണ്ടതെന്നും വര്‍ഗീയത ആരോപിക്കേണ്ട ആവശ്യമില്ലെന്നും സബ് കളക്ടര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

വിഷയത്തിലെ സംശയ ധൂരീകരണം അത്യാവശ്യമാണ്. എന്താണുണ്ടായതെന്ന് അറിയേണ്ടതുണ്ട്. ഇന്നലെ ഉണ്ടായ വിഷയങ്ങളും സാഹചര്യവും കണക്കിലെടുത്ത് മറ്റൊരു ദിവസത്തേക്ക് നടപടികള്‍ മാറ്റിവെച്ചുവെന്നാണ് ഔദ്യോഗിക വിവരം. അതേസമയം ഒരു ദുരൂഹമരണ വാര്‍ത്ത സമാധി വിവാദമാക്കി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമനിലപാടും തിരുത്തപ്പെടേണ്ടതുണ്ട്.

Content Highlight: When a mysterious death reaches samadhi

ശ്രീലക്ഷ്മി എസ്.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം