ഗുവാഹട്ടി: തിയേറ്ററില്‍ ദേശീയഗാനത്തിന് എഴുന്നേല്‍ക്കാത്തതിന് ഭിന്നശേഷിക്കാരനെ “ദേശദ്രോഹി”യാക്കി. മനുഷ്യാവകാശ പ്രവര്‍ത്തകനും അസാം സ്വദേശിയുമായ അര്‍മാന്‍ അലിക്കെതിരെയാണ് തിയേറ്ററില്‍ അധിക്ഷേപം ഉണ്ടായത്.
വെള്ളിയാഴ്ച അസമിലെ ഒരു മള്‍ട്ടിപ്ലെക്‌സില്‍ വെച്ചായിരുന്നു സംഭവം. എഴുന്നേല്‍ക്കാത്തതിന് “പാകിസ്ഥാനി” വിളിയടക്കം കേട്ടതായി അര്‍മാന്‍ അലി വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.
സുപ്രീംകോടതി ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടുകയാണ്. ഇത് പരിശോധിക്കപ്പെടേണ്ടതുണ്ട്. ദേശീയ ഗാനം ചൊല്ലുമ്പോള്‍ എന്തു ചെയ്യണമെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. കപടദേശീയത നമുക്ക് ആവശ്യമില്ല. ഞാന്‍ ഒരു മുസ്‌ലിമാണെന്ന കാര്യം അറിഞ്ഞു കൊണ്ടാണോ ഇതെന്ന് എനിക്ക് സംശയമുണ്ട്. അര്‍മാന്‍ അലി പറഞ്ഞു.
സംഭവത്തില്‍ പ്രധാനമന്ത്രിക്കും സുപ്രീംകോടതിയ്ക്കും കത്തെഴുതുമെന്നും അര്‍മാന്‍ പറഞ്ഞു.
ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന ശിശു സാരഥി എന്ന എന്‍.ജി.ഒയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് അര്‍മാന്‍ അലി.