വാട്ട്‌സപ്പൈറ്റിസും ടെക്സ്റ്റ് നെക്കും; അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം നിങ്ങളെ രോഗിയാക്കിയേക്കാം
Health
വാട്ട്‌സപ്പൈറ്റിസും ടെക്സ്റ്റ് നെക്കും; അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം നിങ്ങളെ രോഗിയാക്കിയേക്കാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th August 2018, 11:20 pm

അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം രോഗങ്ങളുണ്ടാക്കുമെന്ന് പഠനറിപ്പോര്‍ട്ടുകള്‍. വാട്ട്‌സപ്പൈറ്റിസ്, ടെക്സ്റ്റ് നെക്ക് എന്നീ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതകളാണ് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

സന്ദേശങ്ങള്‍ ടൈപ്പ് ചെയ്യുന്നതിനുവേണ്ടി തള്ളവിരല്‍ അമിതമായി ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന രോഗമാണിത്. ചാറ്റിങിന് പ്രധാനമായും വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നതിനാലാണ് ഈ അസുഖത്തിന് വാട്ട്‌സപ്പൈറ്റിസ് എന്ന പേര് നല്‍കിയിരിക്കുന്നത്.

തള്ളവിരലുകളെ ബാധിക്കുന്ന ഈ രോഗം സോഷ്യല്‍ മീഡിയ ഉപഭോക്താക്കളില്‍ വ്യാപകമായി പടര്‍ന്നുപിടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയോടുള്ള അമിതാസക്തി അസ്ഥികള്‍ക്കും ജോയിന്റുകള്‍ക്കും പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.


സ്ത്രീകളിലെ അമിതവണ്ണം ഗര്‍ഭാശയ ക്യാന്‍സറിന് കാരണമാകുമെന്ന് പുതിയ പഠനങ്ങള്‍


നിരന്തരമായ ടൈപ്പിംഗ് കൈത്തണ്ടക്കും കൈകള്‍ക്കും കഴപ്പ് ബാധിക്കുന്ന കാര്‍പറല്‍ ടണര്‍ സിന്‍ഡ്രോമിനും കാരണമാകുമെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.

ദീര്‍ഘനേരം കമ്പ്യൂട്ടറിന് മുന്നില്‍ ചെലവഴിക്കുന്നത് കഴുത്തിലെ പേശികളെ ദോഷകരമായി ബാധിക്കും. ടെക്‌സ്റ്റ് നെക്ക് എന്നാണ് ഈ രോഗത്തിന് നല്‍കിയിട്ടുള്ള പേര്. ഫോണിന്റെ ഉപയോഗം കൂടുന്നതും കഴുത്തിനും നട്ടെല്ലിനും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ചെറുപ്പക്കാരില്‍ നട്ടെല്ല് തേയ്മാനം വ്യാപകമായി കണ്ടെത്തിയതാണ് ഇത്തരത്തിലൊരു പഠനം നടത്താന്‍ കാരണമായതെന്ന് വൈദ്യസംഘം അറിയിച്ചു. സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ടുവന്നില്ലെങ്കില്‍ വലിയ രീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കാണ് ഈ ആസക്തി വഴിവെക്കുകയെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.