ഇന്ത്യയിലെ തീവ്ര ഹിന്ദുത്വവാദികൾ ക്രിസ്ത്യാനികളെ നിർബന്ധപൂർവം മതം മാറ്റുന്നു; റിപ്പോർട്ട്
national news
ഇന്ത്യയിലെ തീവ്ര ഹിന്ദുത്വവാദികൾ ക്രിസ്ത്യാനികളെ നിർബന്ധപൂർവം മതം മാറ്റുന്നു; റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th October 2024, 12:51 pm

ന്യൂഡൽഹി: ഇന്ത്യയിലെ തീവ്ര ഹിന്ദുത്വവാദികൾ ക്രിസ്ത്യാനികളെ നിർബന്ധപൂർവം  മതം മാറ്റുന്നതായി റിപ്പോർട്ട്. ക്രിസ്ത്യൻ കുടുംബങ്ങൾ ഏറ്റവും ദുർബലരായിരിക്കുന്ന സാഹചര്യത്തിൽ ഹിന്ദു ദേശീയവാദികൾ അവരെ ടാർഗെറ്റ്‌ ചെയ്യുന്നതായി റെസ്റ്റ് ഓഫ് വേൾഡ് റിപ്പോർട്ട് ചെയ്തു.

ക്രിസ്ത്യൻ കുടുംബങ്ങളിൽ മരണം നടക്കുമ്പോൾ മൃതദേഹം സംസ്കരിക്കണമെങ്കിൽ മതം മാറണമെന്ന ആവശ്യവുമായാണ് വാട്സാപ്പ് വിജിലന്റ്സ് എത്തുന്നത്. ഇതിനായി അവർ വാട്സാപ്പ് വഴി സന്ദേശങ്ങൾ കൈമാറുകയും മരണപ്പെട്ട വ്യക്തിയുടെ വീടുകളിൽ അണികളുമായി എത്തുകയും അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

ഛത്തീസ്ഗഢിലെ ജനസംഖ്യയുടെ 2% മാത്രമാണ് ക്രിസ്ത്യാനികൾ. അതിൽ വലിയൊരു ഭാഗം ബദപരകോട് ഗ്രാമത്തിലാണ് ഉള്ളത്. ഇവരെ കേന്ദ്രീകരിച്ച് വിശ്വഹിന്ദു പരിഷ്വത്തിന്റെ വലിയൊരു വിഭാഗം പ്രവർത്തിക്കുന്നുണ്ടായിരുന്നു. തന്റെ മാതാവിന്റെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കാതെയാണ് വിശ്വ ഹിന്ദു പരിഷത്ത് തങ്ങളെ നിർബന്ധിത മതപരിവർത്തനം നടത്തിയതെന്ന് ബദപരകോട് ഗ്രാമനിവാസിയായ ജലധാർ കശ്യപ് പറയുന്നു.

2014ൽ അമ്മയ്ക്ക് തൊണ്ടയിൽ കാൻസർ ഉണ്ടെന്ന് കണ്ടെത്തിയപ്പോൾ തന്റെ കുടുംബം പരിഭ്രാന്തരായെന്ന് അദ്ദേഹം പറയുന്നു. മധ്യേന്ത്യയിലെ മലനിരകളിലെ പാർശ്വവൽക്കരിക്കപ്പെട്ട ഒരു ഗോത്രത്തിൽ നിന്നുള്ള കർഷകരായിരുന്നു അവർ. നല്ല വൈദ്യ പരിചരണ സഹായം അമ്മക്ക് നൽകാൻ അവർക്ക് സാധിക്കുമായിരുന്നില്ല.

‘ഞങ്ങൾ പള്ളിയിലും പ്രാർത്ഥനയിലുമായിരുന്നു ആശ്വാസം കണ്ടെത്തിയത്,’ ജലധാർ കശ്യപ് പറഞ്ഞു. അക്കാലത്ത്, ക്രിസ്ത്യാനിയാകുന്നത് ഇന്ത്യയുടെ ഭൂരിപക്ഷ മതത്തെ അപമാനിക്കുന്നതായി കരുതിയ ഹിന്ദു വിജിലൻറ് ഗ്രൂപ്പുകൾ വലിയതോതിൽ ആക്രമണം അഴിച്ച് വിടുന്നത് ബസ്തറിൻ്റെ കുറഞ്ഞ ഇൻ്റർനെറ്റ് ഉപയോഗം കാരണം അവർ അറിഞ്ഞിരുന്നില്ല.

അമ്മയുടെ ചികിൽസ ചെലവിനായി അവർ തങ്ങളുടെ കൃഷിയിടവും പണയപ്പെടുത്തി. ഒടുവിൽ ‘അമ്മ കാൻസർ മോചിതയായെങ്കിലും കഴിഞ്ഞ മെയ് മാസത്തിൽ കാൻസർ വീണ്ടും വന്നു. ഒടുവിൽ ‘അമ്മ മരണത്തിന് കീഴടങ്ങിയപ്പോൾ മൃതദേഹം സംസ്കരിക്കാൻ വിശ്വ ഹിന്ദു പരിഷത്തിലെ അംഗങ്ങൾ അനുവദിച്ചില്ല.

കശ്യപിന്റെ മാതാവായ രാധാഭായിയെയും കശ്യപടങ്ങുന്ന കുടുംബവും മതം മാറിയാൽ മാത്രമേ സംസ്കാരം നടത്താൻ അനുവദിക്കൂ എന്നവർ പറഞ്ഞു. ഇതിനായവർ ആദ്യമേ ഒരുങ്ങിയിരുന്നെന്ന് കശ്യപ് പറയുന്നു. മരണം നടന്നതിന്റെ തലേന്ന് തന്നെ സമീപ ഗ്രാമമായ പൽവയിലെ ഒരു കുടിലിൽ താമസിക്കുന്ന ഘാസിറാം ബാഗേലിന്  ഒരു വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചു. അതിൽ പറയുന്ന ലക്ഷ്യം മരണവീട്ടിലേക്ക് അണികളെയും കൂട്ടി എത്തുവാനും അവരെ നിർബന്ധിത മതപരിവർത്തനം നടത്തിക്കുകയും ചെയ്യുക എന്നതായിരുന്നു.

ഇസ്‌ലാം, ക്രിസ്തുമതം, കമ്മ്യൂണിസം എന്നിവ തടയുന്നതിനായി 1964-ൽ സ്ഥാപിതമായ വിശ്വഹിന്ദു പരിഷത്ത് എന്ന സംഘടനയുടെ കാലാളാണ് ബാഗേൽ. വി.എച്ച്.പിക്ക് ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുമായി അടുത്ത ബന്ധമുണ്ട്, രാജ്യത്തുടനീളം ശക്തമായ സാന്നിധ്യമുണ്ട്. ഏകദേശം 50 ഗ്രാമങ്ങളിൽ വി.എച്ച്. പി ഇൻഫോർമൻ്റ് നെറ്റ്‌വർക്കിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനും നിയന്ത്രിക്കാനും ബാഗേൽ തന്റെ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നു.

താൻ അടുത്തിടെ ഒരു പുതിയ പള്ളിയുടെ കെട്ടിടം നശിപ്പിക്കുന്നത് ഏകോപിപ്പിക്കാൻ വാട്ട്‌സ്ആപ്പ് ഉപയോഗിച്ചിരുന്നു എന്ന് ബാഗേൽ ജൂണിൽ ഒരു അഭിമുഖത്തിൽ, റെസ്റ്റ് ഓഫ് വേൾഡിനോട് പറഞ്ഞു. അതും വ്യക്തമായ തെളിവുകൾ നൽകിക്കൊണ്ട്.

ജൽധർ കശ്യപിനെതിരെ ആൾക്കൂട്ടത്തെ സംഘടിപ്പിക്കാനും ഇയാൾ വാട്ട്‌സ്ആപ്പ് ഉപയോഗിച്ചു. ബസ്തറിൽ, വി.എച്ച്.പിയിൽ ആയിരക്കണക്കിന് അംഗങ്ങളുണ്ട്, 50 ഗ്രാമങ്ങളെ ഉൾക്കൊള്ളുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളായി അവയെ തിരിച്ചിരിക്കുന്നു.

തുടർന്ന് അവയെ ഓരോ ചെറു ഗ്രൂപ്പുകളാക്കി മാറ്റുന്നു. ഓരോ ഗ്രൂപ്പും നിയന്ത്രിക്കുന്നത് ബാഗേലിനെപ്പോലെയുള്ള ഒരു ഡയറക്‌ടറാണ്, അവർ വിവരങ്ങൾ ഫിൽട്ടർ ചെയ്യുകയും അതിലൂടെ ലഭിക്കുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നു. അതുവഴി, 38,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് വി.എച്ച്.പിക്ക് പൗരന്മാരെ നിരീക്ഷിക്കാനും വേഗത്തിൽ പ്രവർത്തനങ്ങൾ നടപ്പിലാക്കാനും കഴിയും.

ഇന്ത്യയിൽ വാട്ട്‌സ്ആപ്പിൻ്റെ ശക്തി പ്രയോജനപ്പെടുത്തുന്ന ഒരേയൊരു സംഘടന വി.എച്ച്.പി മാത്രമല്ല.

ദേശീയ തെരഞ്ഞെടുപ്പ് മുതൽ ചെറുകിട ബിസിനസ്സ് വരെയുള്ള എല്ലാ കാര്യങ്ങളെയും സ്വാധീനിക്കാനുള്ള അതിൻ്റെ ശക്തി അതിനെ ഒരു പ്രാഥമിക ആശയവിനിമയ ഉപകരണമാക്കി മാറ്റി.

ബി.ജെ.പിയുടെയും മോദിയുടെയും രാഷ്ട്രീയ ആധിപത്യത്തിനും വാട്ട്സ്ആപ്പ് അനിവാര്യമാണ്. വോട്ടർമാരെ അണിനിരത്തുന്നതിനും  തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും പാർട്ടി പ്ലാറ്റ്‌ഫോമിനെ ആശ്രയിക്കുന്നു . അതേസമയം, ഇന്ത്യയിൽ നിന്നുള്ള റിപ്പോർട്ടിങ് , മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കാനും ഏകോപിപ്പിക്കാനും പരസ്യപ്പെടുത്താനും വി.എച്ച്. പി ഉൾപ്പെടെയുള്ള ഹിന്ദു ദേശീയവാദ ഗ്രൂപ്പുകൾ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നു.

മുസ്‌ലിം, ക്രിസ്ത്യൻ പുണ്യസ്ഥലങ്ങൾ നശിപ്പിക്കൽ, പശുക്കളെ രക്ഷിക്കാനെന്ന വ്യാജേന മുസ്‌ലിങ്ങളെ മർദിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുക , ഹിന്ദു സ്ത്രീകളും മുസ്‌ലിം പുരുഷന്മാരും തമ്മിലുള്ള വിവാഹത്തെ എതിർക്കുക തുടങ്ങിയവയെല്ലാം വാട്ട്സ്ആപ്പിലൂടെ അവർ പ്രൊമോട്ട് ചെയ്യുന്നു.

 

 

 

 

Content Highlight: WhatsApp vigilantes in India are converting Christians by force