| Wednesday, 30th October 2019, 2:43 pm

ചാരന്മാര്‍ക്കു വേണ്ടി യു.എ.ഇ അടക്കം 20 രാജ്യങ്ങളില്‍ ഫോണ്‍ ഹാക്കിങ്; ഇസ്രയേലി കമ്പനിക്കെതിരെ വാട്‌സാപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാന്‍ ഫ്രാന്‍സിസ്‌കോ: ചാരന്മാരെ സഹായിക്കുന്നതിനു വേണ്ടി ഫോണ്‍ ഹാക്ക് ചെയ്‌തെന്നാരോപിച്ച് ഇസ്രയേലി കമ്പനിക്കെതിരെ നിയമനടപടിയുമായി വാട്‌സാപ്പ്. നാലു വന്‍കരകളിലായി 1,400-ഓളം ഉപഭോക്താക്കളുടെ ഫോണുകളിലാണ് എന്‍.എസ്.ഒ ഗ്രൂപ്പ് എന്ന കമ്പനി നുഴഞ്ഞുകയറിയത്. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും നയതന്ത്രജ്ഞരെയും ലക്ഷ്യമിട്ടായിരുന്നു ഇവയൊക്കെ.

സാന്‍ ഫ്രാന്‍സിസ്‌കോയിലെ കോടതിയിലാണു ചൊവ്വാഴ്ച വാട്‌സാപ്പ് കേസ് ഫയല്‍ ചെയ്തത്. മെക്‌സിക്കോ, യു.എ.ഇ, ബഹ്‌റൈന്‍ തുടങ്ങി 20 രാജ്യങ്ങളിലാണ് ഈ ഹാക്കിങ് നടന്നതെന്ന് അവര്‍ ആരോപിക്കുന്നു. 100 പ്രമുഖരെയാണു ലക്ഷ്യംവെച്ചതെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ എന്‍.എസ്.ഒ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. കേസിനെതിരെ പോരാടുമെന്നും അവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഭീകരവാദത്തിനും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്കും എതിരെ പോരാടുന്ന സര്‍ക്കാര്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ക്കും അന്വേഷണ ഏജന്‍സികള്‍ക്കും സാങ്കേതിക വിദ്യ ലഭ്യമാക്കുക മാത്രമാണു തങ്ങള്‍ ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.

വാട്‌സാപ്പിന്റെ വീഡിയോ കോളിങ് സംവിധാനത്തില്‍ കടന്നുകയറിയാണ് ഫോണിലേക്ക് വൈറസ് കടത്തിവിടുന്നതെന്നും അങ്ങനെയാണ് ഹാക്കിങ് നടത്തിയതെന്നും വാട്‌സാപ്പ് ആരോപിച്ചു.

മുന്‍പും എന്‍.എസ്.ഒയ്‌ക്കെതിരെ സമാനമായ ആരോപണം ഉയര്‍ന്നിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവരെയാണ് എന്‍.എസ്.ഒ ലക്ഷ്യമിടാറ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സൗദി രാജകുമാരന്റെത് അടക്കമുള്ള ഫോണുകള്‍ ഹാക്ക് ചെയ്യാന്‍ യു.എ.ഇ എന്‍.എസ്.ഒയോട് ആവശ്യപ്പെട്ടിരുന്നതായി കഴിഞ്ഞവര്‍ഷം ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞവര്‍ഷം ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ നടന്ന ജമാല്‍ ഖഷോഗ്ജിയുടെ കൊലയുമായി ബന്ധപ്പെട്ട് വരെ സമാനമായ സാന്നിധ്യം കണ്ടെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more