Advertisement
World News
സ്വകാര്യത നയം അംഗീകരിച്ചില്ലെങ്കിലും അക്കൗണ്ട് റദ്ദാക്കില്ലെന്ന് വാട്‌സ്ആപ്പ്; പിന്മാറ്റത്തിന് പിന്നിലെ കാരണം തേടി യൂസേഴ്‌സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 08, 03:46 am
Saturday, 8th May 2021, 9:16 am

വാഷിംഗ്ടണ്‍: വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യത നയം അംഗീകരിച്ചില്ലെങ്കിലും അക്കൗണ്ട് റദ്ദാക്കില്ലെന്ന് അറിയിച്ച് കമ്പനി. മെയ് 15നുള്ളില്‍ സ്വകാര്യത നയം അംഗീകരിക്കണമെന്ന അറിയിപ്പും വാട്‌സ്ആപ്പ് എടുത്തുകളഞ്ഞു.

പേരന്റ് കമ്പനിയായ ഫേസ്ബുക്കുമായി ഉപഭോക്താക്കുള്ള വിവരങ്ങള്‍ പങ്കുവെയ്ക്കുമെന്ന പുതിയ നയവുമായി ജനുവരിയിലാണ് വാട്‌സ്ആപ്പ് രംഗത്തുവരുന്നത്. നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ റദ്ദ് ചെയ്യുമെന്നും അറിയിച്ചിരുന്നു. ഫെബ്രുവരിയോടെ പുതിയ നയം നടപ്പില്‍ വരുത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.

ഇതിന് പിന്നാലെ വലിയ വിമര്‍ശനമാണ് വാട്‌സ്ആപ്പിനെതിരെ ഉയര്‍ന്നത്. സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്ന സിഗ്നല്‍ എന്ന ആപ്പിന് ഇതേ തുടര്‍ന്ന് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. വാട്‌സ്ആപ്പ് ഉപേക്ഷിച്ച് സിഗ്നലലിക്ക് മാറൂ എന്നാവശ്യപ്പെട്ടുകൊണ്ട് ക്യാംപെയ്‌നുകളും ആരംഭിച്ചിരുന്നു. ടെലഗ്രാമിനും ഉപയോക്താക്കള്‍ കൂടിയിരുന്നു.

സ്വകാര്യത, ഡാറ്റയുടെ സംരക്ഷണം തുടങ്ങി ഗൗരവമായ ചര്‍ച്ചകള്‍ക്കും വാട്‌സ്ആപ്പിന്റെ പുതിയ നയം വഴിവെച്ചിരുന്നു. തുടര്‍ന്നാണ് മെയ് 15 വരെ വാട്‌സ്ആപ്പ് സമയം നീട്ടി നല്‍കിയത്.

എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ നിലപാടില്‍ നിന്നും വാട്‌സ്ആപ്പ് പിന്മാറിയിരിക്കുകയാണ്. നിരവധി പേര്‍ പ്രൈവസി പോളസി അംഗീകരിച്ചു കഴിഞ്ഞുവെന്നും എന്നാല്‍ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ റദ്ദ് ചെയ്യില്ലെന്നുമാണ് വാട്‌സ്ആപ്പ് അറിയിച്ചിരിക്കുന്നത്.

സ്വകാര്യത നയത്തില്‍ നിന്നും വാട്‌സ്ആപ്പ് പിന്മാറിയതിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ഉപയോക്താക്കളുടെ ഭാഗത്തുനിന്നുമുണ്ടായ പ്രതിഷേധം, വാട്‌സ്ആപ്പ് സ്വകാര്യത നയങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ടാകാം, വാട്‌സ്ആപ്പ് ഉപേക്ഷിച്ച് സിഗ്നല്‍ പോലുള്ള ആപ്പുകളിലേക്ക് ജനങ്ങള്‍ മാറാന്‍ തുടങ്ങിയതിലെ പേടി എന്നു തുടങ്ങി നിരവധി കാരണങ്ങളാണ് വാട്‌സ്ആപ്പിന്റെ പിന്മാറ്റത്തിന് പിന്നിലെ കാരണങ്ങളായി ചൂണ്ടികാണിക്കപ്പെടുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: WhatsApp steps back from the new privacy policy