മതവിദ്വേഷ പ്രചരണം; വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഉത്തരവാദിത്തത്തോടെ പോസ്റ്റ് ചെയ്യണമെന്ന് മുംബൈ ഹൈക്കോടതി
national news
മതവിദ്വേഷ പ്രചരണം; വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഉത്തരവാദിത്തത്തോടെ പോസ്റ്റ് ചെയ്യണമെന്ന് മുംബൈ ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th July 2023, 8:11 pm

മുംബൈ: വ്യക്തികള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഉത്തരവാദിത്തത്തോടെ പോസ്റ്റ് ചെയ്യണമെന്നും തെറ്റിദ്ധാരണകള്‍ ഉണ്ടാക്കരുതെന്നും മുംബൈ ഹൈക്കോടതി. മുംബൈ സ്വദേശിയായ കിഷോര്‍ പാണ്ഡുരംഗ് ലാന്‍ഡ്കര്‍ (27) എന്ന വ്യക്തിക്കെതിരെ ചുമത്തിയ മതവിദ്വേഷം പ്രചരിപ്പിച്ചതിനും, എസ്.സി-എസ്.ടി അതിക്രമങ്ങള്‍ നടത്തിയതിനും, ഐ.ടി ആക്ട് ലംഘിച്ചതിനും എടുത്ത കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.

വാട്‌സ്ആപ്പ് സ്റ്റാറ്റസ് വഴി എന്തെങ്കിലും ആശയവിനിമയം നടത്തുമ്പോള്‍ ഉത്തരവാദിത്ത ബോധത്തോടെ പെരുമാറണമെന്ന്, കേസ് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് കിഷോര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് നിര്‍ദേശിച്ചു.

‘നിങ്ങള്‍ എന്ത് ചിന്തിക്കുന്നു, എന്ത് ചെയ്യുന്നു എന്നുള്ളതാണ് സ്റ്റാറ്റസായി വരുന്ന വീഡിയോകളും ചിത്രങ്ങളും. അത് 24 മണിക്കൂറിന് ശേഷം അപ്രത്യക്ഷമാകും. സ്റ്റാറ്റസുകളുടെ ഉദ്ദേശം കോണ്‍ടാക്ടിലുള്ളവരെ എന്തെങ്കിലും അറിയിക്കുക എന്നതാണ്.

ആളുകള്‍ സ്റ്റാറ്റസ് പതിവായി പരിശോധിക്കുന്നവരുമാണ്. സ്റ്റാറ്റസുകള്‍ ഒരു ആശയവിനിമയ രീതിയല്ലാതെ മറ്റൊന്നുമല്ല. മറ്റുള്ളവരോട് എന്തെങ്കിലും ആശയവിനിമയം നടത്തുമ്പോള്‍ വ്യക്തികള്‍ ഉത്തരവാദിത്ത ബോധത്തോടെ പെരുമാറണം,’ ഹൈക്കോടതി പറഞ്ഞു.

2023 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയായ കിഷോര്‍ തന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ ഒരു ചോദ്യം ചോദിച്ചിരുന്നു. ഞെട്ടിക്കുന്ന ഫലങ്ങള്‍ ലഭിക്കുന്നതിന് ഗൂഗിളില്‍ ഇതേ കുറിച്ച് തിരയാന്‍ അദ്ദേഹം തന്റെ സുഹൃത്തുക്കളോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇത് ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ മതവികാരം വ്രണപ്പെടുത്തുന്ന ആക്ഷേപകരമായ കാര്യങ്ങളാണ് കണ്ടതെന്ന് പരാതിയില്‍ പറയുന്നു.

താന്‍ മതവിദ്വേഷം പ്രചരിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടല്ല വാട്‌സ്ആപ്പില്‍ സ്റ്റാറ്റസിട്ടതെന്ന് പ്രതി കോടതിയില്‍ പറഞ്ഞു. തന്റെ നമ്പര്‍ സേവ് ചെയ്തവര്‍ക്ക് മാത്രമേ സ്റ്റാറ്റസ് കാണാന്‍ സാധിക്കുകയുള്ളൂവെന്നും ഇയാള്‍ വിശദീകരിച്ചു.

അതേസമയം, പ്രതി അപ്‌ലോഡ്‌ ചെയ്ത വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചുവെന്ന് കോടതി വിലയിരുത്തി. കുറ്റാരോപിതനായ വ്യക്തിക്ക് എന്താണ് വേണ്ടതെന്ന് വായിക്കാന്‍ പ്രേരിപ്പിച്ചതായും ബെഞ്ച് ഉത്തരവില്‍ പറഞ്ഞു. പ്രതിയുടെ പ്രവര്‍ത്തി ബോധപൂര്‍വവും ദുരുദ്ദേശ്യത്തോടെ ഉള്ളതുമാണെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Content Highlights: whatsapp status should be posted responsibly says bombay high court