ന്യൂദല്‍ഹി: വാട്‌സ്ആപ്പ് വഴിയുള്ള തട്ടിപ്പ് കോളുകളില്‍ കമ്പനിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ മാസം ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തട്ടിപ്പ് കോളുകള്‍ വരുകയും ചിലര്‍ തട്ടിപ്പിനിടയാകുകയും ചെയ്തതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.
ഏതൊക്കെ ടെലകോം സേവനദാതാക്കളുടെ നമ്പര്‍ ഉപയോഗിച്ചാണ് വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയിരിക്കുന്നത് എന്നറിയുന്നതിനായി ടെലകോം കമ്പനികളുടെ വിവരങ്ങള്‍ കൈമാറാനാണ് വാട്സ് ആപ്പിനോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
‘വിദേശ നമ്പറുകള്‍ ഉപയോഗിച്ച് വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ ഉണ്ടാക്കി സൈബര്‍ തട്ടിപ്പ് നടത്തുന്നതായി ഐ.ടി മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
തട്ടിപ്പ് നടത്താന്‍ ഉപയോഗിച്ചിരിക്കുന്ന നമ്പറുകളുടെ സേവനദാതാക്കളെ കുറിച്ചുള്ള വിവരങ്ങളാണ് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്,’ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വാട്‌സ് ആപ്പ് ഐ.ടി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷം ടെലികോം സേവനദാതാക്കള്‍ക്കളുടെ നമ്പറിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് വിവരം. സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാന്‍ വാട്‌സ് ആപ്പ് തയ്യാറായതായാണ് സൂചന.
എന്നാല്‍ വിഷയത്തില്‍ വാട്‌സ് ആപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അന്താരാഷ്ട്ര തട്ടിപ്പ് കോളുകള്‍ 50 ശതമാനമെങ്കിലും കുറക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിംഗ് സംവിധാനവും വര്‍ധിപ്പിച്ചതായി വാട്‌സ് ആപ്പ് അറിയിച്ചു.
രാജ്യത്തെ ഇത്തരം നമ്പറുകള്‍ ഉണ്ടാക്കുന്ന പ്ലാറ്റ്‌ഫോമുകളെ തടയുന്നതിനായി ഐ.ടി മന്ത്രാലയം ടെലികോം വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഐ.ടി. സഹമന്തി രാജീവ് ചന്ദ്രശേഖര്‍ നേരത്തെ ഇന്ത്യന്‍ എക്പ്രസിനോട് പറഞ്ഞിരുന്നു.
തട്ടിപ്പുകോളുകളില്‍ ഉള്‍പ്പെടുന്നവരുമായി നടത്തിയ സംഭാഷണത്തില്‍ നിന്നും ഇന്ത്യയില്‍ നിന്ന് കൊണ്ട് തന്നെ നമ്പറുകള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് നേരത്തെ ഇന്ത്യന്‍ എക്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോടിക്കണക്കിന് ഡോളറിന്റെ വ്യവസായമാണിതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പല വഴികളിലൂടെയാണ് തട്ടിപ്പിനായി ഇവര്‍ നമ്പറുകള്‍ ശേഖരിക്കുന്നത്. വിവിധ രാജ്യങ്ങളുടെ വെര്‍ച്വല്‍ ഫോണ്‍ നമ്പറുകള്‍ ഉണ്ടാക്കുന്ന വെബ്‌സൈറ്റുകള്‍, ക്രിപ്‌റ്റോ കറന്‍സി വഴി അടക്കുന്ന ഫീസിലൂടെ അത്തരം നമ്പറുകള്‍ ഉണ്ടാക്കുന്ന പ്ലാറ്റ്‌ഫോം,
ടെലഗ്രാം, ഇബേ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ ഡീലര്‍മാര്‍ എന്നിവരിലൂടെയാണ് ഇവര്‍ക്ക് നമ്പറുകള്‍ ലഭിക്കുന്നതെന്ന് ഇന്ത്യന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Contenthighlight: Whatsapp scam call: Cente asked company to submit report