ന്യൂദൽഹി: വാട്സ്ആപ്പ് തങ്ങളുടെ സ്വകാര്യതാ നയത്തിൽ ഇന്ത്യൻ യൂസേഴ്സിനിയെും അവരുടെ തന്നെ യൂറോപ്യൻ യൂസേഴ്നിനെയും വേർതിരിച്ചു കാണുന്നതിൽ ദൽഹി ഹെെക്കോടതിയിൽ എതിർപ്പറിയിച്ച് കേന്ദ്ര സർക്കാർ. വാട്സ്ആപ്പിന്റെ രീതി ആശ്ചര്യപ്പെടുത്തുന്നതാണെന്നാണ് കേന്ദ്രം കോടതിയിൽ പറഞ്ഞത്.
യൂറോപ്യൻ ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് വാഗ്ദാനം ചെയ്യുന്ന സ്വകാര്യതാ നയത്തിൽ വിവരങ്ങൾ ഫേസ്ബുക്കുമായി പങ്കിടുന്നത് വിലക്കുന്നുണ്ട്. അതേസമയം ഈ വ്യവസ്ഥ ഇന്ത്യൻ ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് അനുവദിച്ചിരിക്കുന്ന പ്രൈവസി പോളിസിയിൽ ഇല്ല. ഇന്ത്യൻ ഉപയോക്താക്കൾ വാട്സ്ആപ്പ് യുസേഴ്സിന്റെ അടിത്തറയുടെ
നിർണായക ഭാഗമാണെന്നിരിക്കെയാണിത്, കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ്മ പറഞ്ഞു.
ഈ വേർതിരിവാണ് സർക്കാരിനെ ആശങ്കപ്പെടുത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് സേവനം ലഭ്യമാകണമെങ്കിൽ ഏകപക്ഷീയമായ വാട്സ്ആപ്പിന്റെ തീരുമാനം അംഗീകരിക്കേണ്ടി വരുന്നതിലും സർക്കാരിന് ആശങ്കയുണ്ടെന്ന് ശർമ്മ കോടതിയിൽ പറഞ്ഞു. മറ്റ് കമ്പനികളുമായി വാട്സ്ആപ്പ് ഡാറ്റ പങ്കിടുന്നത് ഒഴിവാക്കാനുള്ള സ്വാതന്ത്ര്യം ഉപയോക്താക്കൾക്ക് നൽകാത്ത പക്ഷം വാട്സ്ആപ്പ് ഇന്ത്യൻ ഉപയോക്താക്കളെ സമീപിക്കുന്നത് ശരിയായ രീതിയിൽ അല്ല എന്നാണ് മനസിലാകുന്നതെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.
ഇത് രണ്ട് സ്വാകാര്യ കക്ഷികൾ തമ്മിലുള്ള പ്രശ്നമാണെങ്കിലും വാട്സ്ആപ്പിന്റെ വിപുലമായ അടിത്തറ ഈ പ്രശ്നത്തെ വ്യക്തിഗത ഡാറ്റാ സുരക്ഷ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസിൽ വാദം കേൾക്കുന്നത് കോടതി മാർച്ച് ഒന്നിലേക്ക് മാറ്റി. വാട്സ്ആപ്പിന്റെ സ്വകാര്യതാ നയത്തിൽ പ്രതിഷേധിച്ച് വലിയൊരു വിഭാഗം ഉപയോക്താക്കളും സിഗ്നൽ പോലുള്ള ഇൻസ്റ്റൻഡ് മെസജിങ്ങ് ആപ്ലിക്കേഷനുകളിലേക്ക് മാറിയിരുന്നു. ഇതിന് പിന്നാലെ തങ്ങളുടെ സ്വാകാര്യത നയത്തിൽ വിശദീകരണവുമായി വാട്സ്ആപ്പും രംഗത്തെത്തിയിരുന്നു.