ന്യൂദല്‍ഹി: വ്യാജവാര്‍ത്തകള്‍ കണ്ടെത്താനുള്ള ടിപ്‌സുകള്‍ നല്‍കി പത്രങ്ങളില്‍ വാട്‌സ്ആപ്പിന്റെ ഫുള്‍പേജ് പരസ്യം. ചൊവ്വാഴ്ചത്തെ പത്രങ്ങളിലാണ് വാട്‌സ്ആപ്പ് പരസ്യം നല്‍കിയിരിക്കുന്നത്.
വ്യാജവാര്‍ത്തകള്‍, തെറ്റായ പ്രചരണങ്ങള്‍ എന്നിവ ഇല്ലാതാക്കാന്‍ ടെക്‌നോളജി കമ്പനികളും സമൂഹവും സര്‍ക്കാറും ഒരുമിച്ച് നിന്നാല്‍ മാത്രമേ സാധ്യമാകൂവെന്ന് വാട്‌സ്ആപ്പ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യാജവാര്‍ത്തകള്‍ തിരിച്ചറിയാനുള്ള സൂചനകള്‍ നല്‍കി വാട്‌സ്ആപ്പ് ഉടമസ്ഥരായ ഫേസ്ബുക്ക് പരസ്യം നല്‍കിയിരിക്കുന്നത്.
പത്ത് ടിപ്‌സ് ആണ് വാട്‌സ്ആപ്പ് നല്‍കിയിരിക്കുന്നത്. മെസേജ് ഒരു ഫോര്‍വേര്‍ഡ് മെസേജാണോയെന്ന് നോക്കുകയെന്നതാണ് ആദ്യ ടിപ്. ഫോര്‍വേര്‍ഡ് മെസേജുകള്‍ തിരിച്ചറിയാന്‍ ഈയാഴ്ച മുതല്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്നും പരസ്യത്തില്‍ പറയുന്നുണ്ട്. ഒറിജിനല്‍ സന്ദേശം ആരാണ് അയച്ചതെന്ന് വ്യക്തമായിട്ടില്ലാത്ത കാര്യങ്ങള്‍ വസ്തുതാപരിശോധനയ്ക്ക് വിധേയമാക്കുക.
Also Read:താജ്മഹലിനകത്ത് ഇനി പുറത്തുനിന്നുള്ളവര്‍ക്ക് നിസ്‌ക്കരിക്കാനാകില്ല; സുപ്രീം കോടതി
വാട്‌സ്ആപ്പ് നല്‍കുന്ന മറ്റു ടിപ്‌സുകള്‍ ഇവയാണ്:
നിങ്ങളെ അസ്വസ്ഥരാക്കുന്ന വിവരങ്ങള്‍ ചോദ്യം ചെയ്യുക
നിങ്ങള്‍ ഭീതിപ്പെടുത്തുന്ന ദേഷ്യപ്പെടുത്തുന്ന എന്തെങ്കിലും ലഭിച്ചാല്‍ അത് നിങ്ങളെ അസ്വസ്ഥരാക്കാനായി ലക്ഷ്യമിട്ട് ഷെയര്‍ ചെയ്തതാണോയെന്ന് ഒരുനിമിഷം ആലോചിക്കുക. അതെയെന്നാണ് ഉത്തരം ലഭിക്കുന്നതെങ്കില്‍ ഷെയര്‍ ചെയ്യുന്നതിനു മുമ്പ് രണ്ടുവട്ടം ചിന്തിക്കുക.
അവിശ്വസനീയമായ വിവരങ്ങള്‍ പുനപരിശോധിക്കുക
വിശ്വസിക്കാന്‍ ബുദ്ധിമുട്ടുതോന്നുന്ന കാര്യങ്ങള്‍ പലപ്പോഴും വസ്തുതാവിരുദ്ധമായിരിക്കും. അത് ശരിയാണോയെന്ന് മറ്റേതെങ്കിലും സോഴ്‌സുകള്‍ വഴി പരിശോധിക്കുക.
അക്ഷരത്തെറ്റുകളും മറ്റുമുള്ള സന്ദേശങ്ങള്‍ വ്യാജവാര്‍ത്തയാവാം
വ്യാജവാര്‍ത്തകളും കുപ്രചരണങ്ങളും അടങ്ങിയ സന്ദേശങ്ങളില്‍ പലപ്പോഴും അക്ഷരത്തെറ്റുണ്ടാവും. സന്ദേശം ശരിയാണോയെന്ന് പരിശോധിക്കാന്‍ ഈ ലക്ഷണങ്ങള്‍ നോക്കാം.
മെസേജിലെ ഫോട്ടോസ് നന്നായി പരിശോധിക്കുക
മെസേജിലെ ഫോട്ടോകളും മറ്റും നിങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി എഡിറ്റ് ചെയ്യപ്പെട്ടവയാവാം. ചിലപ്പോള്‍ ഫോട്ടോ യഥാര്‍ത്ഥമായിരിക്കാം. പക്ഷേ അതുമായി ബന്ധപ്പെട്ട വാര്‍ത്തയാവണമെന്നില്ല കൂടെയുള്ളത്. അതുകൊണ്ട് ഈ ഫോട്ടോ എവിടെനിന്നുവന്നതാണെന്ന് പരിശോധിക്കുക.
ലിങ്കുകളും പരിശോധന വിധേയമാക്കുക
അറിയപ്പെടുന്ന വെബ്‌സൈറ്റിന്റെ ലിങ്കായാണ് ഒറ്റനോട്ടത്തില്‍ ഫീല്‍ ചെയ്യുക. എന്നാല്‍ വിശദപരിശോധനയില്‍ ചില സ്‌പെല്ലിങ് മിസ്റ്റേക്കുകളും മറ്റും കാണാം. ഇതുതന്നെ വ്യാജവാര്‍ത്തയുടെ ലക്ഷണമാണ്.
ക്രോസ് ചെക്കിന് മറ്റു സോഴ്‌സുകള്‍ ഉപയോഗിക്കുക
ഇതേവാര്‍ത്ത മറ്റേതെങ്കിലും ഇടങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടോയെന്ന് ഓണ്‍ലൈനില്‍ പരിശോധിക്കുക.
നിങ്ങള്‍ക്ക് ഉറപ്പുള്ള കാര്യങ്ങള്‍ മാത്രം ഷെയര്‍ ചെയ്യുക
സോഴ്‌സിനെക്കുറിച്ച് നിങ്ങള്‍ക്ക് ഉറപ്പില്ലെങ്കില്‍ സന്ദേശത്തിലെ വിവരങ്ങള്‍ തെറ്റാണെന്ന സംശയമുണ്ടെങ്കില്‍ ഷെയര്‍ ചെയ്യുന്നതിനു മുമ്പ് രണ്ടുവട്ടം ചിന്തിക്കുക.
Also Read:സി.എസ്.ഐ സഭയില്‍ വന്‍ സാമ്പത്തിക കുംഭകോണം; കേന്ദ്ര ഏജന്‍സി അന്വേഷണം ശക്തമാക്കി
നിങ്ങള്‍ എന്ത് കാണണമെന്ന് തീരുമാനിക്കുന്നത് നിങ്ങളാണ്
വാട്‌സ്ആപ്പില്‍ നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഏതു നമ്പറും നിങ്ങള്‍ക്ക് ബ്ലോക്ക് ചെയ്യാം. ഇഷ്ടമില്ലാത്ത ഏത് ഗ്രൂപ്പില്‍ നിന്നും പുറത്തുപോവുകയും ചെയ്യാം.
വ്യാജവാര്‍ത്തകള്‍ വൈറലാവാറുണ്ട്. കൂടുതല്‍ തവണ ലഭിക്കുന്ന സന്ദേശങ്ങളെ ജാഗ്രതയോടെ നിരീക്ഷിക്കുക
കൂടുതല്‍ തവണ നിങ്ങള്‍ക്ക് ഒരേ മെസേജ് തന്നെ കിട്ടിയെന്നതു ശ്രദ്ധിക്കേണ്ട. ഒരു മെസേജ് പലതവണ ഷെയര്‍ ചെയ്യപ്പെട്ടുവെന്നതുകൊണ്ടു മാത്രം ഇത് ശരിയാവണമെന്നില്ല.