കോഴിക്കോട്: സി.കെ ജാനുവുമായി സംസാരിക്കാന്‍ ഇടനിലക്കാരുടെ ആവശ്യമില്ലെന്ന കെ. സുരേന്ദ്രന്റെ വാദം പൊളിയുന്നു. സി.കെ ജാനുവുമായി സംസാരിക്കുന്നതിനായി ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ട്രഷറര്‍ ആയ പ്രസീതയുമായി കെ.സുരേന്ദ്രന്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് പുറത്തായി.
മീഡിയ വണ്‍ ചാനലാണ് ചാറ്റുകള്‍ പുറത്തുവിട്ടത്. ഫെബ്രുവരി 24, 26 തിയ്യതികളില്‍ നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ശ്രീലേഷ് വയനാട് എന്ന് പറയുന്ന വ്യക്തിയുടെ നമ്പര്‍ അയച്ചുകൊടുക്കുന്നുതും സി.കെ ജാനു ആറാം തിയ്യതി ആലപ്പുഴയിലേക്ക് എത്തില്ലെന്നും പറയുന്ന ചാറ്റുകളാണ് പുറത്തായത്.
നേരത്തെ സി.കെ. ജാനുവിന് പണം നല്‍കിയിട്ടില്ലെന്ന കെ.സുരേന്ദ്രന്‍ പറഞ്ഞിരുന്നു. പ്രസീതയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് സമ്മതിക്കുന്ന സുരേന്ദ്രന്‍ എന്നാല്‍ അത് തന്റെ ശബ്ദമല്ലെന്നും ശബ്ദരേഖ പൂര്‍ണ്ണമല്ലെന്നും പറഞ്ഞിരുന്നു.
സി.കെ.ജാനുവുമായി സംസാരിക്കാന്‍ തങ്ങള്‍ക്ക് ഇടനിലക്കാരുടെ ആവശ്യമില്ലെന്നും സി.കെ ജാനു അവരുടെ ആവശ്യത്തിനായി പണം ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആരോപണം നിഷേധിച്ച് ജാനുവും രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ ആരോപണമുന്നയിച്ച ജെ.ആര്‍.പി നേതാക്കള്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. ജെ.ആര്‍.പി സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊറാഴ, ട്രഷറര്‍ പ്രസീത എന്നിവര്‍ക്കെതിരെയാണ് കേസ്.
ഏഴ് ദിവസത്തിനകം ആരോപണം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്നുമാണ് ആവശ്യം.
തനിക്ക് വര്‍ധിച്ചു വരുന്ന ജനപിന്തുണയിലും, രാഷ്ട്രീയ പിന്തുണയിലും വിറളി പൂണ്ടവരാണ് കഴിഞ്ഞ മൂന്നു ആഴ്ചയായി സമൂഹ, ദൃശ്യ, അച്ചടി മാധ്യമങ്ങള്‍ വഴി ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പ്രകാശന്‍ മൊറാഴ ജെ.ആര്‍.പിയുടെ സംസ്ഥാന സെക്രട്ടറി അല്ല, ലെറ്റര്‍ പാഡും, സീലും വ്യാജമായി നിര്‍മിച്ചുണ്ടാക്കി തനിക്കെതിരെ ഉപയോഗിക്കുകയിരുന്നുയെന്നാണെന്നും ജാനു വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു.
എന്നാല്‍ 10 ലക്ഷത്തിന് പുറമെ 40 ലക്ഷം കൂടി ബി.ജെ.പി, സി.കെ ജാനുവിന് കൈമാറിയെന്ന് ജെ.ആര്‍.പി മുന്‍ സംസ്ഥാന സെക്രട്ടറി ബി.സി ബാബു പറഞ്ഞത്. സുല്‍ത്താന്‍ ബത്തേരിയില്‍ വച്ചാണ് 40 ലക്ഷം രൂപ ജാനുവിന് കൈമാറിയതെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും ബാബു പറഞ്ഞു.
ജാനുവിന് പണം നല്‍കിയില്ലെന്ന സുരേന്ദ്രന്റെ വാദവും ബാബു തള്ളി. തിരുവനന്തപുരത്ത് അമിത് ഷാ വന്ന ദിവസം സുരേന്ദ്രന്‍ നേരിട്ടാണ് ജാനുവിന് പണം കൈമാറിയതെന്ന് ബാബു പറഞ്ഞു.