| Friday, 20th July 2018, 11:15 am

ഇനി ഫോര്‍വേഡ് മെസേജുകള്‍ അഞ്ച് പേര്‍ക്ക് മാത്രം; വ്യാജ വാര്‍ത്തകള്‍ തടയാനൊരുങ്ങി വാട്‌സ് ആപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുൂദല്‍ഹി: വ്യാജ വാര്‍ത്തകള്‍ തടയുന്നതിനായി കൂടുതല്‍ കര്‍ശന നടപടികളുമായി വാട്‌സ് ആപ്. സോഷ്യല്‍ മീഡിയയിലെ തെറ്റായ വിവരങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അക്രമസംഭവങ്ങളെ തുടര്‍ന്നാണ് ഫോര്‍വേഡിങ് സംവിധാനത്തില്‍ വാട്സ് ആപ്പ് നിയന്ത്രണം കൊണ്ടുവരുന്നത്. ഒരു മെസേജ് തന്നെ ഫോര്‍വേഡ് ചെയ്യുന്നതിന് പരിധി നിശ്ചയിക്കാനാണ് വാട്‌സ് ആപിന്റെ പദ്ധതി.

പുതിയ രീതി പ്രകാരം സന്ദേശങ്ങള്‍ക്ക് പുറമെ, വീഡിയോകളും ഇമേജുകളും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ക്ക് ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കില്ല. അഞ്ചില്‍ കൂടുതല്‍ ചാറ്റുകള്‍ ഫോര്‍വേഡിങ്ങിനായി സെലക്ട് ചെയ്താല്‍ ഈ ഫോര്‍വേഡ് ബട്ടണ്‍ നീക്കം ചെയ്യുന്ന രീതിയുള്ള സംവിധാനമാണ് വാട്സ്ആപ്പ് ഒരുക്കിയിരിക്കുന്നത്.

Read Also : ശശി തരൂരിന്റെ ഇംഗ്ലീഷ് മനസ്സിലാകുന്നില്ലെന്ന് പരാതിയുമായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍

വ്യാജവാര്‍ത്തകള്‍ തടയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ രണ്ടാമത്തെ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കാന്‍ വാട്‌സ് ആപ് നിര്‍ബന്ധിതമായത്. വാട്‌സ് ആപിലുടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ രാജ്യത്തെ ആള്‍ക്കൂട്ട കൊലകള്‍ക്ക് കാരണമായതിനെ തുടര്‍ന്നാണ് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ സുപ്രീം കോടതിയും രംഗത്ത് വന്നിരുന്നു.

നേരത്തെ വ്യാജ വാര്‍ത്തകളെ തടയുന്നതിനായി വാട്‌സ് ആപ് ഫോര്‍വേഡ് മെസേജുകള്‍ക്ക് മുകളില്‍ പ്രത്യേക ലേബല്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജ വാര്‍ത്തകള്‍ തടയുന്നതിനായി വാട്‌സ് ആപിന്റെ പുതിയ നീക്കം.

We use cookies to give you the best possible experience. Learn more