| Wednesday, 3rd July 2019, 10:34 pm

പണിമുടക്കി ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍; സര്‍വര്‍ തകരാറാണെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ ലോകത്ത് പലയിടത്തും തടസപ്പെട്ടു. ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും ഇന്‍സ്റ്റഗ്രാമിലും ചിത്രങ്ങള്‍ ലോഡ് ചെയ്യുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതായി ഉപയോക്താക്കള്‍ പരാതിപ്പെട്ടു.

സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെന്നും സ്റ്റാറ്റസുകളും വീഡിയോകളും കാണാനാകുന്നില്ലെന്നും പരാതിയുണ്ട്. സര്‍വര്‍ തകരാറാണെന്നാണ് പ്രാഥമിക നിഗമനം.

ഫേസ്ബുക്ക് സര്‍വറിലാണ് ഈ മൂന്ന് സോഷ്യല്‍ മീഡിയ വെബ് സൈറ്റുകളും പ്രവര്‍ത്തിക്കുന്നത്. സര്‍വറുകളുടെ തകരാര്‍ സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

അമേരിക്കയിലും യൂറോപ്പിലുമാണ് പ്രശ്‌നം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യ, ഓസ്‌ട്രേലിയ, ബ്രസീല്‍ എന്നിവിടങ്ങളിലും സേവനങ്ങള്‍ക്ക് തടസം നേരിടുന്നുണ്ട്. കൊളംബിയ, ജപ്പാന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഉപയോക്താക്കള്‍ പരാതി ഉന്നയിച്ചിരുന്നു.

വൈകീട്ട് ആറ് മണിക്ക് ശേഷമാണ് പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടത്. സമാനമായ പ്രശ്‌നം കഴിഞ്ഞ മാര്‍ച്ച് 13നും സംഭവിച്ചിരുന്നു. അന്നും വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ താറുമാറാകുകയും പലര്‍ക്കും ലോഗിന്‍ ചെയ്യാനാകാത്ത സാഹചര്യവുമായിരുന്നു.

We use cookies to give you the best possible experience. Learn more