വാട്‌സാപ്പ് ഇന്ത്യ മേധാവിയും ഫേസ്ബുക്ക് പബ്ലിക് പോളിസി ഡയറക്ടറും രാജിവെച്ചു
national news
വാട്‌സാപ്പ് ഇന്ത്യ മേധാവിയും ഫേസ്ബുക്ക് പബ്ലിക് പോളിസി ഡയറക്ടറും രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th November 2022, 7:09 pm

ന്യൂദല്‍ഹി: വാട്‌സ്ആപ്പ് ഇന്ത്യ മേധാവി അഭിജിത് ബോസ് (Abhijit Bose) രാജിവെച്ചു.

ഫേസ്ബുക്ക് മെറ്റയുടെ ഇന്ത്യയിലെ പബ്ലിക് പോളിസി ഡയറക്ടര്‍ (Public Policy Director) രാജീവ് അഗര്‍വാളും (Rajiv Aggarwal) സ്ഥാനത്ത് നിന്ന് രാജി വെച്ചതായാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവിലെ വാട്‌സാപ്പ് ഇന്ത്യയുടെ പബ്ലിക് പോളിസി ഡയറക്ടറായ ശിവ്‌നാഥ് തുക്രാലിനെ (Shivnath Thukral) എല്ലാ മെറ്റ ബ്രാന്‍ഡുകളുടെയും പബ്ലിക് പോളിസി ഡയറക്ടറായി നിയമിക്കുമെന്നാണ് റിപ്പോര്‍ട്ട്.

”വാട്‌സ്ആപ്പ് ഇന്ത്യയുടെ ആദ്യത്തെ തലവന്‍ എന്ന രീതിയില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് ഞാന്‍ അഭിജിത് ബോസിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ സംരഭകത്വത്തിന്റെ സഹായത്തോടെ ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് പുതിയ സേവനങ്ങള്‍ നല്‍കാന്‍ ഞങ്ങളുടെ ടീമിനായി.

ഇന്ത്യയ്ക്കായി വാട്‌സ്ആപ്പിന് ഇനിയും കുറേയധികം കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്നത് തുടരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.

മറ്റൊരവസരം തേടുന്നതിനായി സ്ഥാനമൊഴിയാന്‍ രാജീവ് അഗര്‍വാള്‍ തീരുമാനിച്ചു. ഉപയോക്തൃ സുരക്ഷ, സ്വകാര്യത വര്‍ധിപ്പിക്കല്‍ തുടങ്ങിയ മേഖലകളിലെ ഞങ്ങളുടെ ഇനീഷ്യേറ്റീവുകള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ കഴിഞ്ഞ വര്‍ഷം അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചു,” ഇരുവരുടെയും രാജിക്കാര്യം വ്യക്തമാക്കിക്കൊണ്ട് വാട്‌സ്ആപ്പ് മേധാവി വില്‍ കാത്കാര്‍ട്ട് (Will Cathcart) പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

അഭിജിത് ബോസിന് പകരക്കാരനായി പുതിയ ആളെ ഉടന്‍ നിയമിക്കുമെന്നാണ് സൂചന.

തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ മെറ്റ നീക്കം നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന് ദിവസങ്ങള്‍ക്കകമാണ് മെറ്റയുടെ ഇന്ത്യയിലെ പ്രമുഖ സ്ഥാനങ്ങളിലിരിക്കുന്നവര്‍ കൂട്ടത്തോടെ രാജി വെക്കുന്നതും.

രണ്ടാഴ്ച മുമ്പ് ഫേസ്ബുക്ക് ഇന്ത്യ മേധാവി അജിത് മോഹനും സ്ഥാനത്ത് നിന്ന് രാജി വെച്ചിരുന്നു. മെറ്റ പ്ലാറ്റ്‌ഫോംസ് തന്നെയായിരുന്നു ഇക്കാര്യം പുറത്തുവിട്ടത്.

ഫേസ്ബുക്കിന്റെ ‘എതിരാളികളായ’ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോം സ്നാപ്ചാറ്റിലേക്കായിരിക്കും അജിത് പോവുകയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അതേസമയം, 11,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാനാണ് മെറ്റയുടെ നീക്കമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ 13 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് മെറ്റ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചിരുന്നു.

18 വര്‍ഷത്തിനിടക്ക് ഇതാദ്യമായാണ് മെറ്റ ഇത്തരമൊരു കൂട്ടപ്പിരിച്ചുവിടല്‍ നടത്തുന്നത്. കണക്കുകള്‍ പ്രകാരം കമ്പനിയില്‍ 87,000 ജീവനക്കാരാണുള്ളത്.

‘ഓണ്‍ലൈന്‍ കൊമേഴ്സ് മുന്‍കാല ട്രെന്‍ഡുകളില്‍ എത്താതിരിക്കുക, മാക്രോ ഇക്കണോമിക് മാന്ദ്യം, വര്‍ധിച്ച കോമ്പറ്റീഷന്‍, പരസ്യ നഷ്ടം എന്നീ കാരണങ്ങള്‍ നമ്മുടെ വരുമാനം പ്രതീക്ഷിച്ചതിലും കുറയാന്‍ കാരണമായി. അതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു,’ എന്നായിരുന്നു മാര്‍ക്ക് സക്കര്‍ബര്‍ഗ് ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞത്.

ഈ വര്‍ഷം സ്റ്റോക്ക് മാര്‍ക്കറ്റില്‍ വന്‍ ഇടിവാണ് മെറ്റയ്ക്ക് നേരിടേണ്ടി വന്നത്. വരുമാനത്തില്‍ വലിയ നഷ്ടം നേരിടേണ്ടിവരുമെന്നും അതിനാല്‍ തന്നെ അടുത്ത കൊല്ലവും കമ്പനിയുടെ വിപണിമൂല്യം കുറയാനിടയുണ്ടെന്നും കമ്പനി മുന്‍കൂട്ടി കണ്ടിരുന്നു.

ആഗോള സാമ്പത്തികമാന്ദ്യം, ടിക് ടോക്കില്‍ നിന്ന് നേരിടുന്ന കടുത്ത മത്സരം, സ്വകാര്യതാ നയത്തില്‍ ആപ്പിള്‍ കൊണ്ടുവന്ന മാറ്റങ്ങള്‍, നിയന്ത്രണ ചട്ടങ്ങള്‍ എന്നിവ മൂലമുള്ള പ്രതിസന്ധികളും മെറ്റ നേരിടുന്നുണ്ട്.

മെറ്റവേഴ്സില്‍ നടത്തിയ നിക്ഷേപങ്ങള്‍ ഇതുവരെ കാര്യമായ ഗുണമൊന്നും നല്‍കിയിട്ടില്ല. മെറ്റാവേഴ്സില്‍ നിന്നുള്ള വരുമാനം ലഭിക്കാന്‍ അടുത്ത പത്ത് വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെ പറയുന്നത്.

അതിനാല്‍ തന്നെ മറ്റ് വഴികളില്‍ കൂടി ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി പുതിയ ജീവനക്കാരെ എടുക്കുന്നത് താല്‍കാലികമായി നിര്‍ത്തുന്നതടക്കമുള്ള കാര്യങ്ങളാണ് മെറ്റ ആലോചിക്കുന്നത്. തങ്ങളുടെ ന്യൂസ് ബിസിനസ് പ്രോജക്ടുകള്‍ അവസാനിപ്പിക്കാനും മെറ്റ തീരുമാനിച്ചിട്ടുണ്ട്.

ജീവനക്കാരുടെ നിയമനത്തിലും മുതല്‍മുടക്കിലും കുറവ് വരുത്തണമെന്ന് മെറ്റയുടെ ഷെയര്‍ ഹോള്‍ഡറായ ഓള്‍ട്ടീമീറ്റര്‍ ക്യാപിറ്റല്‍ മാനേജ്‌മെന്റ് സക്കര്‍ബര്‍ഗിനയച്ച തുറന്ന കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പിരിച്ചുവിടലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Content Highlight: WhatsApp India head Abhijit Bose and Meta India public policy director Rajiv Aggarwal resigns