സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍: തുടക്കമിട്ടത് 'വോയ്‌സ് ഓഫ് ട്രൂത്ത്'; 16 കാരനായ അഡ്മിന്‍ കുടുങ്ങി
Kerala
സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍: തുടക്കമിട്ടത് 'വോയ്‌സ് ഓഫ് ട്രൂത്ത്'; 16 കാരനായ അഡ്മിന്‍ കുടുങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st April 2018, 9:01 am

മലപ്പുറം:കഠവ സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച സംസ്ഥാനത്ത് നടന്ന സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ ഉറവിടം കണ്ടെത്തി. വോയ്സ് ഓഫ് യൂത്ത് എന്ന വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് സന്ദേശങ്ങള്‍ പ്രചരിച്ചത്. ഇതേതുടര്‍ന്ന് തിങ്കളാഴ്ചത്തെ ഹര്‍ത്താലിന് ആഹ്വാനം നടത്തിയെന്നാരോപിച്ചു 15 വയസ്സുകാരന്റെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. ഫോണ്‍ സൈബര്‍ സെല്ലിനു കൈമാറി.

കുട്ടിയെ അഡ്മിനാക്കി യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. രാജ്യത്താകെ അംഗങ്ങളുളള “വോയ്‌സ് ഓഫ് യൂത്ത്” എന്ന പേരിലുള്ള നാലു വാട്‌സാപ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ച ഹര്‍ത്താല്‍ ആഹ്വാനമാണു കുഴപ്പങ്ങള്‍ സൃഷ്ടിച്ചതെന്നു പൊലീസ് പറയുന്നു. ഈ പേരിലുള്ള ഒരു ഗ്രൂപ്പിന്റെ അഡ്മിനാണു തിരൂരിലെ പതിനാറുകാരന്‍.


Read Also: ‘ ഞങ്ങളുടെ കുട്ടികളെ ഞങ്ങളാണോ കൊന്നത് ? രണ്ട് കൊല്ലം കഴിഞ്ഞാല്‍ അവര്‍ ബാബു ബജ്‌രംഗിയെയും വെറുതെ വിടും’ : നരോദാപാട്യ വിധി ചോദ്യം ചെയ്ത് ഇരകള്‍


സംസ്ഥാനത്താകെ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കും വിധം ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ സന്ദേശം തയാറാക്കിയവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. തിരുവനന്തപുരം, കിളിമാനൂര്‍ സ്വദേശികളായ അഞ്ചു പേരാണ് മഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലുളളത്. ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ ആദ്യ വാട്‌സാപ് സന്ദേശം കിളിമാനൂര്‍ സ്വദേശിയാണ് പോസ്റ്റു ചെയ്തതെന്ന സംശയത്തിലാണ് ചോദ്യം ചെയ്യല്‍.

അപ്രഖ്യാപിത ഹര്‍ത്താലില്‍ അക്രമം നടത്തിയതിനു മേഖലയില്‍ 16 കുട്ടികള്‍ ഇതുവരെ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഇവരെ ജുവനൈല്‍ ഹോമിലേക്കു മാറ്റിയിരിക്കുകയാണ്.

കോഴിക്കോടും അറസ്റ്റിലായവരുടെ ഫോണ്‍ പിടിച്ചെടുത്ത് വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരെ വിളിച്ച് വരുത്തി അന്വേഷണം തുടങ്ങയിട്ടുണ്ട്.