| Sunday, 10th December 2017, 4:25 pm

'ജിഹാദികള്‍ സൂക്ഷിച്ചുകൊള്ളുക ജയ് ശ്രീറാം'; കൊലയാളിയെ പ്രശംസിച്ച് ബി.ജെ.പി എം.പിയും എം.എല്‍.എയും അംഗമായ വാട്‌സ്ആപ്പ് ഗ്രൂപ്പ്

എഡിറ്റര്‍

ജയ്പൂര്‍: ലൗ ജിഹാദ് ആരോപിച്ച് മുസ്‌ലിം യുവാവിനെ ജീവനോടെ ചുട്ടെരിച്ച ശംഭുലാല്‍ റൈഗാറിനെ അഭിനന്ദിച്ച് ബി.ജെ.പി എം.പിയും എം.എല്‍.എയും അംഗമായ വാട്‌സ്ആപ്പ് ഗ്രൂപ്പ്. രാജ്‌സമന്ദില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ ഹരിഓം സിങ് റാത്തോഡ്, എം.എല്‍.എ കിരണ്‍ മഹേശ്വരി എന്നിവരുള്‍പ്പെട്ട ഗ്രൂപ്പിലാണ് കൊലപാതകിയെ പ്രശംസിച്ച് കൊണ്ടുള്ള സന്ദേശങ്ങള്‍ വന്നത്.

ബി.ജെ.പിയുടെ ബൂത്തുതല പ്രവര്‍ത്തകനായ പ്രേം മാലി രൂപികരിച്ച “സ്വച്ഛ് രാജ്‌സമന്ദ്, സ്വച്ഛ് ഭാരത”് എന്ന ഗ്രൂപ്പിലാണ് ലൗ ജിഹാദ് ആരോപിച്ചുള്ള കൊലെ ന്യായീകരിക്കുന്നത്. “ലൗ ജിഹാദികള്‍ സൂക്ഷിച്ചുകൊള്ളൂ, ശംഭുലാല്‍ ഉണര്‍ന്നു, ജയ് ശ്രീറാം” എന്നായിരുന്നു കൊലപാതകത്തിനു പിന്നാലെ ഗ്രൂപ്പിലെത്തിയ മെസ്സേജ്.

പിന്നീട് ശംഭുലാലിനു വേണ്ടി കോടതിയില്‍ ഹാജരാകുന്ന വക്കീലിനെ പ്രശംസിച്ചും ഗ്രൂപ്പില്‍ സന്ദേശങ്ങള്‍ നിറയുകയായിരുന്നു. “സുഖ്‌ദേവ് ശംഭുവിനായി പൊരുതും, അദ്ദേഹത്തിന് നീതി വാങ്ങിക്കൊടുക്കും. ഒരു വക്കീല്‍ നിങ്ങളെ പോലായിരിക്കണം. ജയ് മേവാര്‍, ജയ് മാവ്‌ലി. അഡ്വക്കേറ്റ് സുഖ്‌ദേവ് ഉജ്ജ്വല്‍ മാവ്‌ലി പണം പറ്റാതെ പോരാടും” എന്നായിരുന്നു ക്രൂര കൃത്യം ലോകത്ത ചര്‍ച്ചയാകുമ്പോഴും ഗ്രൂപ്പില്‍ നിറയുന്ന സന്ദേശങ്ങളില്‍ ഒന്നില്‍ പറയുന്നത്.

വിദ്വേഷ സന്ദേശങ്ങളും വീഡിയോകളും പ്രചരിക്കുന്ന സംഘപരിവാര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ അംഗമായിരുന്നു ശംഭുലാല്‍ റൈഗാര്‍ എന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ നോട്ടു നിരോധനത്തിന്റെ ഇരയാണ് ക്രൂര കൃത്യം ചെയ്ത ശംഭുലാല്‍ റൈഗാര്‍ എന്ന ദേശീയ മാധ്യമമായ “ദ ഇന്ത്യന്‍ എക്പ്രസ്” ആണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്നു കൂട്ടികളുടെ പിതാവായ ശംഭുലാലിന്റെ മാര്‍ബിള്‍ കച്ചവടം നോട്ട് നിരോധനം മൂലം തകരുകയായിരുന്നു.

പിന്നീട് വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ വരുന്ന ഹേറ്റ് വീഡിയകള്‍ കാണുക എന്നതായിരുന്നു ഇയാളുടെ പ്രധാന ഹോബി. അതോടൊപ്പം തന്നെ വിദ്വേഷപ്രചരണങ്ങള്‍ വ്യാപമായി പ്രചരിക്കാനും ഇയാള്‍ ആരംഭിച്ചിരുന്നു. ബി.ജെ.പിയുടെ എം.പിമാരും എം.എല്‍.എമാരും ഇത്തരത്തിലുള്ള ഗ്രൂപ്പുകളില്‍ അംഗമാണെന്നാണ് “സ്വച്ഛ് രാജ്‌സമന്ദ്, സ്വച്ഛ് ഭാരത്” പോലുള്ള ഗ്രൂപ്പുകളിലൂടെ തെളിയുന്നത്.

ശംഭുലാലിനു വേണ്ടി ഹാജരാകുന്ന സുഖ്‌ദേവ് ഉജ്ജ്വല്‍ ഉദയ്പൂര്‍ ജില്ലയിലെ മാവ്‌ലി സ്വദേശിയാണ്. എന്നാല്‍ വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്ന കാര്യം സുഖ്‌ദേവ് നിഷേധിച്ചിട്ടുണ്ട്. താന്‍ ശംഭുലാലിനായി ഹാജരാകുമെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നാണ് സുഖ്‌ദേവ് പറയുന്നത്.

ഗ്രൂപ്പിലെത്തിയ സന്ദേശങ്ങളെ സംബന്ധിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് എം.പി റാത്തോഡിന്റെ വാദം. എം.എല്‍.എയും സംഭവം നിഷേധിച്ചിട്ടുണ്ട്.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more