Kerala News
മതാടിസ്ഥാനത്തില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ്; ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Nov 08, 05:23 pm
Friday, 8th November 2024, 10:53 pm

തിരുവനന്തപുരം: മലയാളിയായ ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന വിവാദത്തില്‍ കെ.ഗോപാലകൃഷ്ണനെതിരെ പൊലീസ് റിപ്പോര്‍ട്ട്. ഫൊറന്‍സിക് പരിശോധനയിലും ഹാക്കിങ് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നത്.

ഹാക്കിങ് നടന്നിട്ടില്ലെന്ന് ഗൂഗിളും മെറ്റയും അറിയിച്ചതിന് പിന്നാലെയാണ് ഹാക്കിങ് നടന്നിട്ടില്ലെന്ന ഫോറന്‌സിക് സ്ഥിരീകരണം വരുന്നത്. ഇതോടെ ഉദ്യോഗസ്ഥന്റെ ഫോണ്‍ ഹാക്കിങ്ങിന് വിധേയമായിട്ടില്ലെന്നതില്‍ പൊലീസ് റിപ്പോര്‍ട്ട് വരികയായിരുന്നു.

ഹാക്കിങ്ങ് നടന്നിട്ടില്ലെന്ന ഗൂഗിളിന്റെ റിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തത വരുത്താനായിരുന്നു പൊലീസ് ഫോറന്‍സിക് പരിശോധനയക്ക് അയച്ചത്.

ഐ.എ.എസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മതാടിസ്ഥാനത്തില്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയത് വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്‍തന്നെയെന്ന നിഗമനത്തില്‍ പൊലീസ് എത്തിയിരുന്നു.

സംസ്ഥാനത്ത് ഹിന്ദു ഐ.എ.എസ് ഓഫീസര്‍മാര്‍ക്കായി പ്രത്യേക വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതായി റിപ്പോര്‍ട്ട് വന്നിരുന്നു. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഐ.എ. എസ് ആയിരുന്നു അഡ്മിന്‍. വിവാദമായതിനെ തുടര്‍ന്ന് ഗ്രൂപ്പ് മണിക്കൂറുകള്‍ക്കുള്ളില്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്നും താനല്ല ഗ്രൂപ്പ് നിര്‍മിച്ചതെന്നുമുള്ള അവകാശവാദവുമായി കെ. ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.

മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരില്‍ നിര്‍മിക്കപ്പെട്ട ഗ്രൂപ്പില്‍ സര്‍വീസിലെ മുതിര്‍ന്ന ഓഫീസര്‍മാരും അംഗങ്ങളായിരുന്നു. ഗ്രൂപ്പില്‍ ആഡ് ചെയ്യപ്പെട്ട ചില ഓഫീസര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കെ. ഗോപാലകൃഷ്ണന്‍ ഗ്രൂപ്പ് ഡിലീറ്റ് ആക്കുകയും തുടര്‍ന്ന് തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഗ്രൂപ്പില്‍ അംഗങ്ങളാക്കപ്പെട്ടവരെ അറിയിക്കുകയും ചെയ്യുകയായിരുന്നു.

തന്റെ ഫോണ്‍ കോണ്ടാക്ടുകള്‍ ചേര്‍ത്ത് 11 വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ആണ് നിര്‍മിക്കപ്പെട്ടതെനന്നായിരുന്നു കെ. ഗോപാലകൃഷ്ണന്റെ വാദം.

Content Highlight: WhatsApp group on religious basis; Forensic report says IAS officer’s phone was not hacked