| Saturday, 27th August 2022, 10:18 am

'ഒന്നുകില്‍ എടുക്കു അല്ലെങ്കില്‍ ഉപേക്ഷിക്കൂ', വാട്‌സ്ആപ്പ് ഉപയോക്താക്കളെ നിര്‍ബന്ധിക്കുന്നു; സ്വകാര്യതാ നയത്തിനെതിരെ ദല്‍ഹി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ‘പറ്റാത്തവര്‍ക്കു പോവാം’എന്ന നിലപാടാണ് വാട്‌സ്ആപ്പിന്റെ 2021ലെ സ്വകാര്യതാ നയം മുന്നോട്ടുവയ്ക്കുന്നതെന്നും ഫലത്തില്‍ ഇത് ഉപഭോക്താക്കളെ നിര്‍ബന്ധിക്കുന്നത് തന്നെയാണെന്നും ദല്‍ഹി ഹൈക്കോടതി. ഇത്തരമൊരു നയം മുന്നോട്ടുവച്ച് ഉപഭോക്താക്കളുടെ വിവരം മാതൃ കമ്പനിയായ ഫെയ്സ്ബുക്കുമായി പങ്കുവയ്ക്കുകയാണ് വാട്ട്സ്ആപ്പ് ചെയ്യുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

വാട്‌സ്ആപ്പിന്റെ സ്വകാര്യതാ നയത്തെക്കുറിച്ച് അന്വേഷിക്കാനുള്ള കോംപറ്റിഷന്‍ കമ്മിഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് കമ്പനി നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹൈക്കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചെങ്കിലും ഇന്നാണ് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തത്.

ഓവര്‍ ദ ടോപ്പ് (ഒ.ടി.ടി) മെസേജിങ് വിപണിയില്‍ പ്രമുഖ സ്ഥാനമാണ് വാട്‌സ്ആപ്പിനുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇങ്ങനെയൊരു സ്ഥാനം കയ്യാളുന്ന കമ്പനി ഉപഭോക്താക്കളെ സമ്മര്‍ദത്തിലാക്കുന്നതാണ് അന്വേഷിക്കുന്നത്. അതിനെതിരെ കമ്പനി മുന്നോട്ടുവച്ച വാദങ്ങള്‍ക്ക് ന്യായീകരണമില്ലെന്ന് ചീഫ് ജസ്റ്റിസ് സതീശ് ചന്ദ്ര ശര്‍മയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.

സ്വകാര്യതാ നയത്തെക്കുറിച്ച് അന്വേഷിക്കാനുള്ള കോംപറ്റിഷന്‍ കമ്മിഷന്‍ ഉത്തരവ് കഴിഞ്ഞ ഏപ്രിലില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവച്ചിരുന്നു. ഇതിനെതിരെയാണ് വാട്ട്സ്ആപ്പും ഫേസ്ബുക്കും അപ്പീല്‍ നല്‍കിയത്.

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വാട്‌സ്ആപ്പിന്റെ സ്വകാര്യതാ നയത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോംപറ്റിഷന്‍ കമ്മിഷന്‍ സ്വമേധയാ തീരുമാനിക്കുകയായിരുന്നു. നയം നിലവില്‍ മരവിപ്പിച്ചിരിക്കുകയാണെന്നാണ് വാട്‌സ്ആപ്പ് കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.

ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍, സുപ്രീം കോടതിയിലും ഹൈക്കോടതികളിലുമുള്ള കേസുകള്‍ എന്നിവ കണക്കിലെടുത്താണ് നയം മരവിപ്പിച്ചിട്ടുള്ളത്. നിലവില്‍ നടപ്പാക്കാത്ത നയത്തെക്കുറിച്ച് കോംപറ്റിഷന്‍ കമ്മിഷന് അന്വേഷിക്കാനാവില്ലെന്ന് കമ്പനി വാദിച്ചു. ഇത് തള്ളിയാണ് ഹൈക്കോടതി ഉത്തരവ്.

വാട്സ്ആപ്പിലെ വിവരങ്ങള്‍ മാതൃ കമ്പനിയായ ഫേസ്ബുക്കുമായി പങ്കുവെയ്ക്കുമെന്ന് വ്യക്തമാക്കിയാണ് കമ്പനി സ്വകാര്യതാ നയം പുതുക്കിയത്. വന്‍ തോതില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ നയം പിന്നീട് മരവിപ്പിക്കുകയായിരുന്നു.

‘ഫേസ്ബുക്കുമായി ഡേറ്റ പങ്കുവെക്കുന്നതില്‍ നിന്ന് 30 ദിവസത്തിനുള്ളില്‍ പിന്‍വാങ്ങാന്‍, 2016ലെ വാട്‌സ്ആപ്പിന്റെ സ്വകാര്യത നയത്തില്‍ ഉപയോക്താക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാല്‍ പുതിയ നയം ഉപയോക്താവിനെ, ‘ഒന്നുകില്‍ എടുക്കു അല്ലെങ്കില്‍ ഉപേക്ഷിക്കൂ’ എന്ന അവസ്ഥയിലെത്തിച്ച് നയം അംഗീകരിക്കാന്‍ നിര്‍ബന്ധിക്കുകയാണ്. ശേഷം ഈ ഡേറ്റ ഫേസ്ബുക്കുമായി പങ്കുവെക്കുകയും ചെയ്യും’ കോടതി വിവരിച്ചു.

Content Highlight: WhatsApp forces users to agree to the privacy policy says Delhi HC

We use cookies to give you the best possible experience. Learn more