| Wednesday, 21st March 2018, 9:17 am

'ഇതാണ് സമയം...ഡിലീറ്റ് ഫേസ്ബുക്ക്'; ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യണമെന്ന ആഹ്വാനവുമായി വാട്‌സാപ്പ് സഹസ്ഥാപകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വാട്‌സാപ്പ് സഹ സ്ഥാപകന്‍ ബ്രയാന്‍ ആക്ടണ്‍. കേംബ്രിഡ്ജ് അനലിറ്റിക്ക അഞ്ചുകോടി ആളുകളുടെ വിവരം ദുരുപയോഗിച്ച സാഹചര്യത്തിലാണ് ബ്രയാന്‍ ആക്ടണ്‍ ഡിലീറ്റ് ഫേസ്ബുക്ക് എന്ന ഹാഷ്ടാഗോടെ ട്വീറ്റ് ചെയ്തിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജാന്‍ കൗമും ബ്രയാന്‍ ആക്ടണും ചേര്‍ന്നാണ് 2009-ല്‍ വാട്സ് ആപ്പ് മെസഞ്ചര്‍ ഉണ്ടാക്കിയത്. ഇത് 2014-ല്‍ ഫേസ്ബുക്കിന് വിറ്റിരുന്നു. 1900 കോടി ഡോളറിനായിരുന്നു വില്‍പന.

നേരത്തെ “സാമൂഹിക മാധ്യമം”എന്ന് ബ്രാന്‍ഡ് ചെയ്യപ്പെട്ട ഒരു “സര്‍വെയിലന്‍സ് കമ്പനി”യാണ് ഫേസ്ബുക്കെന്ന് എഡ്വേഡ് സ്നോഡന്‍ അഭിപ്രായപ്പെട്ടിരുന്നു. പത്തു ദശലക്ഷം ഫേസ്ബുക്ക് ഉപഭോക്താക്കളില്‍നിന്നായി കേംബ്രിഡ്ജ് അനലിറ്റിക്ക ശേഖരിച്ച വിവരങ്ങള്‍ നീക്കം ചെയ്യുന്നില്ലെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്ക് കുറ്റപ്പെടുത്തിയിരുന്നു.

ബ്രയാന്‍ ആക്ടണ്‍

അതേസമയം ഫേസ്ബുക്കിന്റെയും മറ്റു സാമൂഹിക മാധ്യമങ്ങളുടേയും ഉത്തരവാദിത്വമില്ലായ്മയെ ചൂണ്ടിക്കാട്ടി കേംബ്രിഡ്ജ് അനലിറ്റിക്കയും രംഗത്തെത്തി. ഫേസ്ബുക്കുമായുള്ള കരാറിനു വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഫേസ്ബുക്ക് നിബന്ധനകള്‍ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും കേംബ്രിഡ്ജ് അനലിറ്റിക്ക ശനിയാഴ്ച പ്രസ്താവനയിറക്കിയിരുന്നു.

Related News: ‘സാമൂഹിക മാധ്യമം’എന്ന് ബ്രാന്‍ഡ് ചെയ്യപ്പെട്ട ഒരു ‘സര്‍വെയിലന്‍സ് കമ്പനി’യാണ് ഫേസ്ബുക്ക്: എഡ്വേഡ് സ്‌നോഡന്‍

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു കാമ്പെയ്നില്‍ പ്രവര്‍ത്തിച്ച കമ്പനിയായിരുന്നു കേംബ്രിഡ്ജ് അനലിറ്റിക്ക.

We use cookies to give you the best possible experience. Learn more