തെഹ്‌റാന്‍: ഇറാനില്‍ വാട്‌സ്ആപ്പിന് വിലക്കേര്‍പ്പെടുത്തി. ഇറാന്റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ഇര്‍നയാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. വാട്‌സ്ആപ്പിനെ കൂടാതെ മെസഞ്ചര്‍ സംവിധാനങ്ങളായ ലൈന്‍, ടാങ്കോ തുടങ്ങിയവയും ഇറാന്‍ നിരോധിച്ചിട്ടുണ്ട്. ഇറാന്‍ കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.
വാട്‌സ്ആപ്പ് അടക്കമുള്ളവയെ നിരോധിക്കുന്നതിനെതിരെ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഭരണകൂടം ഏറെ നാളായി എതിര്‍പ്പ് പ്രകടിപ്പിച്ച് വരികയായിരുന്നു. ഇതിനെ മറികടന്നാണ് ഇപ്പോള്‍ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി ഏഴ് മുതലാണ് നിരോധനം പ്രാബല്യത്തില്‍ വന്നത്.
അതെ സമയം നിയമ വിരുദ്ധവും, അശ്ലീലം നിറഞ്ഞതുമായ സന്ദേശങ്ങളാണ് വാട്‌സ്ആപ്പ് വഴി അയക്കപ്പെടുന്നതെന്നാണ് ഇറാനിലെ തീവ്രവാദി വിഭാഗം ആരോപിക്കുന്നത്.
ലോകത്ത് ഏറ്റവും അധികം ഇന്റര്‍നെറ്റ് ഫില്‍ട്ടറിംഗ് നടക്കപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇറാന്‍.
നേരത്തെ 2009ല്‍ ഇറാനിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം ഭരണകൂടത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധം തടയിടുന്നതിനായി രാജ്യത്ത് ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ നിരോധിച്ചിരുന്നു.
ഹസന്‍ റൂഹാനി ഭരണകൂടം അധികാരമേറ്റതിന് ശേഷം ഇന്റര്‍നെറ്റുകളില്‍ ഭരണകൂടത്തിന് അസ്വീകാര്യമായ കാര്യങ്ങള്‍ സെന്‍സര്‍ ചെയ്യുന്നതിനായി “സ്മാര്‍ട്ട് ഫില്‍ട്ടറിംഗ്” സംവിധാനം കൊണ്ടുവന്നിരുന്നു.