| Saturday, 29th August 2020, 2:04 pm

'മോദി സര്‍ക്കാരിന് വേണ്ടി ഇനി വാട്‌സ് ആപ്പും ബി.ജെ.പി കൈപ്പിടിയിലാക്കും'; രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അസം ബി.ജെ.പി നേതാവിന്റെ വിദ്വേഷ പ്രസംഗങ്ങളെ ഫേസ്ബുക്ക് സംരക്ഷിച്ചുവെന്ന ടൈം മാഗസിന്‍ തെളിവുകള്‍ പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

‘ബി.ജെ.പി-വാട്‌സ്ആപ്പ് ബന്ധത്തെപ്പറ്റി അമേരിക്കയുടെ ടൈം മാഗസിന്‍ വെളിപ്പെടുത്തുന്നു. മോദി സര്‍ക്കാരിന്റെ അനുമതി ആവശ്യമുള്ള ഇടപാടുകള്‍ നടത്താന്‍ ഇനി വാട്ട്‌സ് ആപ്പും. 40 കോടി ഇന്ത്യാക്കാര്‍ ഉപയോഗിക്കുന്നതാണിത്. അതിനാല്‍ വാട്‌സ് ആപ്പും ബി.ജെ.പി കൈപ്പിടിയിലാക്കും’- രാഹുല്‍ ട്വീറ്റ് ചെയ്തു.

അസം ബി.ജെ.പി എം.എല്‍.എ ശിലാദിത്യദേവിനെ ഫേസ്ബുക്ക് സംരക്ഷിച്ചെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് രാഹുലിന്റെ ഈ പ്രതികരണം. ടൈം മാഗസിനിന്റെ ആഗസ്റ്റ് 27ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം പുറത്തുവിട്ടത്.

ഒരു കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയായ മുസ്‌ലിം സമുദായത്തില്‍ പെട്ടയാളെക്കുറിച്ചാണ് ശിലാദിത്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘നമ്മുടെ അമ്മ-പെങ്ങന്മാരെ ബംഗ്ലാദേശി മുസ്‌ലീങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത് ഇങ്ങനെയാണ്’- സംസ്ഥാനത്ത് വന്‍ പ്രതിഷേധമുയര്‍ത്തിയ ഈ സംഭവത്തിന്റെ വാര്‍ത്ത ഷെയര്‍ ചെയ്ത് ശിലാദിത്യ ദേവ് കുറിച്ചത് ഇങ്ങനെയാണ്.

ഈ പോസ്റ്റ് വളരെപ്പെട്ടെന്ന് നിരവധിപേര്‍ ഷെയര്‍ ചെയ്തിരുന്നു. വര്‍ഗ്ഗീയ-വിദ്വേഷ പോസ്റ്റെന്ന നിലയില്‍ വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്‌തെന്നാണ് ഫേസ്ബുക്കിന്റെ വാദം.

എന്നാല്‍ ഒരു വര്‍ഷത്തോളം ഈ പോസ്റ്റ് നീക്കം ചെയ്തിട്ടില്ലെന്ന് ടൈം മാഗസീന്‍ ചൂണ്ടിക്കാട്ടി. 2020 ഓഗസ്റ്റ് 21ന് ടൈം മാഗസിന്‍ ഫേസ്ബുക്കുമായി ബന്ധപ്പെട്ട ശേഷമാണ് ഈ പോസ്റ്റ് നീക്കം ചെയ്തത്.

നേരത്തേ അന്താരാഷ്ട്ര നിരീക്ഷക ഗ്രൂപ്പായ ആവാസിലെ മുതിര്‍ന്ന അംഗം അല്‍ഫാബിയ സൊയാബ് 2019 ല്‍ ഫേസ്ബുക്ക് ഇന്ത്യ ജീവനക്കാരുമായി ഒരു വീഡിയോ ചാറ്റ് നടത്തിയിരുന്നു. വിദ്വേഷ പ്രസംഗ ചട്ടങ്ങള്‍ ലംഘിച്ച 180 ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ഒരു മണിക്കൂര്‍ നീണ്ട ഈ ചര്‍ച്ച പകുതിയായപ്പോള്‍ മുതിര്‍ന്ന ഫേസ്ബുക്ക് ഉദ്യോഗസ്ഥനായ ശിവ്‌നാഥ് തുക്രാല്‍ ഇറങ്ങിപ്പോയെന്ന് സൊയാബ് പറഞ്ഞു.

ഫേസ്ബുക്ക് മുന്‍ ജീവനക്കാര്‍ ശിവ്‌നാഥ് തുക്രാലിനെപ്പറ്റി ചില കാര്യങ്ങള്‍ ടൈം മാഗസീനെ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന് വേണ്ടി ലോബിയിംഗ് നടത്തലാണ് അദ്ദേഹത്തിന്റെ പ്രധാന ജോലിയെന്നാണ് മുന്‍ ജീവനക്കാര്‍ ടൈം മാഗസീനോട് പറഞ്ഞത്.

അതേസമയം വര്‍ഗീയ വിദ്വേഷ പ്രചാരണത്തിന്റെ പേരില്‍ ശിലാദിത്യ ദേവിന്റെ പേരില്‍ അസമില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു മുസ്‌ലീം വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ അദ്ദേഹത്തിന് എതിരെ കേസെടുത്തിട്ടുണ്ട്.

എന്നാല്‍ കേസില്‍ കോടതിയില്‍ ഹാജരാകാന്‍ അദ്ദേഹം തയ്യാറായില്ല. തുടര്‍ന്ന് ശിലാദിത്യ ദേവിനെതിരെ അറസ്റ്റ് വാറണ്ട് വരെ പുറപ്പെടുവിച്ചിട്ടുണ്ട്.

ഓള്‍ അസം  മൈനോറിറ്റി  സ്റ്റുഡന്റ്‌സ് യൂണിയന്‍ അടക്കം നിരവധി സംഘടനകള്‍ ശിലാദിത്യ ദേവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ മുസ്‌ലീം ഭൂരിപക്ഷ ജില്ലകളില്‍ പെരുന്നാള്‍ ദിവസം ബോംബ് സ്‌ഫോടനങ്ങള്‍ നടത്താന്‍ തീവ്രവാദി ഗ്രൂപ്പായ ഉള്‍ഫയോട് ശിലാദിത്യ ദേവ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം ആവാസ് പ്രവര്‍ത്തകര്‍ ഇക്കാര്യം തങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തന്നെ വിശദമായി പരിശോധിച്ചിരുന്നു. പ്രസംഗം നീക്കം ചെയ്യാത്തത് തങ്ങളുടെ വീഴ്ചയാണെന്നും ഫേസ്ബുക്ക് അറിയിച്ചു.

ആവാസ് ചൂണ്ടിക്കാട്ടിയ 180 പോസ്റ്റുകളില്‍ 70 എണ്ണത്തിന്റെ കാര്യത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ട് എന്ന് ഫേസ്ബുക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഇതില്‍ ബി.ജെ.പി നേതാക്കളുണ്ടോ എന്ന് കാര്യം വ്യക്തമാക്കിയിട്ടില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHTS:  rahul gandhi slams modi government for facebook hate speech row

Latest Stories

We use cookies to give you the best possible experience. Learn more