ഫേസ്ബുക്കുമായി വിവരങ്ങള്‍ പങ്കുവെക്കില്ല; സ്റ്റാറ്റസിട്ട് ഉപയോക്താക്കളെ വിവരങ്ങളറിയിച്ച് വാട്‌സ്ആപ്പ്
Tech News
ഫേസ്ബുക്കുമായി വിവരങ്ങള്‍ പങ്കുവെക്കില്ല; സ്റ്റാറ്റസിട്ട് ഉപയോക്താക്കളെ വിവരങ്ങളറിയിച്ച് വാട്‌സ്ആപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th January 2021, 8:26 am

ഒടുവില്‍ സ്വകാര്യതാ നയം മാറ്റം വരുത്താനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറുകയാണെന്ന വിവരം ഉപയോക്താക്കളെ ഔദ്യോഗികമായി അറിയിച്ച് വാട്‌സ്ആപ്പ്. സ്റ്റാറ്റസ് വഴിയാണ് ഇക്കാര്യം ഉപയോക്താക്കളെ വാട്‌സ്ആപ്പ് അറിയിച്ചത്.

ഉപയോക്താക്കള്‍ക്കെല്ലാം അവരുടെ സ്റ്റാറ്റസില്‍ വാട്‌സ്ആപ്പിന്റേതായി ഒരു സ്റ്റാറ്റസ് വന്നിരിക്കുകയായിരുന്നു. നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ് എന്നാണ് ആദ്യത്തെ സ്റ്റാറ്റസില്‍ പറയുന്നത്. നിങ്ങളുടെ കോണ്‍ടാക്ട് ഫേസ്ബുക്കുമായി പങ്കുവെക്കില്ലെന്നാണ് അടുത്തത്. എന്‍ക്രിപ്റ്റഡ് ആയതിനാല്‍ നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങള്‍ വായിക്കാനോ കേള്‍ക്കാനോ ലൊക്കേഷന്‍ അറിയാനോ വാട്‌സ്ആപ്പിനാവില്ലെന്നും തുടര്‍ന്നുള്ള സ്റ്റാറ്റസുകളില്‍ പറയുന്നു.

സ്വകാര്യതാ നയം നടപ്പാക്കുന്നത് നീട്ടിവെച്ചതായി കഴിഞ്ഞ ദിവസം വാട്‌സ്ആപ്പ് അറിയിച്ചിരുന്നു. മേയ് മാസം 15 വരെ പുതിയ നയം നടപ്പാക്കില്ല. പുതിയ നയം സംബന്ധിച്ച് ഉപയോക്താക്കള്‍ക്കിടയില്‍ ഉള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ നടപടി എടുക്കുമെന്നുമായിരുന്നു അറിയിച്ചിരുന്നത്.

വാട്സ്ആപ്പ് സ്വകാര്യതാനയം പുതുക്കിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരുന്നു. മാതൃ കമ്പനിയായ ഫേസ്ബുക്കുമായി വിവരങ്ങള്‍ പങ്കുവയ്ക്കുമെന്നുമായിരുന്നു പുതിയ നയം. ഈ നയം അംഗീകരിച്ചില്ലെങ്കില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാനിവില്ലെന്നും അറിയിച്ചിരുന്നു. ഫേസ്ബുക്കിന് പരസ്യവരുമാനം വര്‍ധിപ്പിക്കുന്നതിനായിരുന്നു ഈ നീക്കം.

ഇതിന് പിന്നാലെ വാട്‌സ്ആപ്പിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നു. വാട്‌സ്ആപ്പ് ഉപേക്ഷിച്ച് സ്വാകാര്യതക്ക് വലിയ പ്രാധാന്യം നല്‍കുന്ന സിഗ്നലിലേക്ക് ജനങ്ങള്‍ കൂട്ടത്തോടെ മാറാന്‍ തുടങ്ങിയിരുന്നു. മേഖലയിലെ പ്രമുഖര്‍ വരെ സിഗ്നലിലേക്ക് മാറാന്‍ ആഹ്വാനം ചെയ്ത് രംഗത്തെത്തിയതും വാട്‌സ്ആപ്പിനെ സമ്മര്‍ദത്തിലാക്കി. തുടര്‍ന്നാണ് തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യക്തിഗത സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്തിട്ടുള്ളത് തന്നെയാണെന്ന് കഴിഞ്ഞ ദിവസം വാട്‌സ്ആപ്പ് അറിയിച്ചിരുന്നു. ഉപയോക്താവിന്റെ ഫോണ്‍ നമ്പറോ എവിടേക്കെല്ലാം പോകുന്നു എന്നതോ ഉള്ള വിവരങ്ങള്‍ ഫേസ്ബുക്കിനോ മറ്റുള്ളവര്‍ക്കോ മറിച്ചു നല്‍കില്ലെന്ന് വാട്സ്ആപ്പ് പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ ഉപയോക്താക്കളെ സ്റ്റാറ്റസ് വഴി അറിയിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ് ഇപ്പോള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: WhatsaApp sends personal status message to users saying they will not share contacts with facebook