| Wednesday, 11th November 2020, 9:28 am

ജയ്ശ്രീറാം മുഴക്കുന്നതില്‍ എന്താണ് കുഴപ്പം?'മോദിയെ പുകഴ്ത്തി' ജ്യോതിരാദിത്യ സിന്ധ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ജയശ്രീറാം മുഴക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്ന് ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

താന്‍ എപ്പോഴും പാര്‍ട്ടിയിലെ ഒരു സാധാരണ പ്രവര്‍ത്തകന്‍ മാത്രമാണെന്നും പദവികള്‍ മോഹിച്ചല്ല ബി.ജെ.പിയിലേക്ക് വന്നതെന്നും സിന്ധ്യ പറഞ്ഞു.

കോണ്‍ഗ്രസിലെ ചിലരെ പോലെ താന്‍ അധികാര കസേരയ്ക്കായി മത്സരിച്ചിട്ടില്ലെന്നും സിന്ധ്യ പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാക്കളെ പേരെടുത്ത് പറയാതെയായിരുന്നു സിന്ധ്യയുടെ വിമര്‍ശനം.

അതേസമയം രണ്ട് പതിറ്റാണ്ടോളം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ശേഷം മറ്റൊരു പാര്‍ട്ടിയുമായി പൊരുത്തപ്പെടാന്‍ താന്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചെന്നും എന്നാല്‍ ആ പിന്‍മാറ്റത്തെ അംഗീകരിക്കാന്‍ ബി.ജെ.പിയിലെ സഹപ്രവര്‍ത്തകര്‍ സഹായിച്ചെന്നുമാണ് സിന്ധ്യ പറഞ്ഞത്.

ജയ് ശ്രീറാം, അയോധ്യ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബി.ജെ.പി ഉപയോഗിക്കുന്നതിനെപ്പറ്റിയും സിന്ധ്യ പ്രതികരിച്ചു.

പ്രധാനമന്ത്രി ഇന്ത്യയുടെ മാത്രമല്ല. 130 കോടി ജനങ്ങളുടെ പ്രധാനമന്ത്രിയാണ്. ജയ് ശ്രീറാം മുഴക്കുന്നതില്‍ എന്താണ് കുഴപ്പം? മതേതരന്‍ ആണെങ്കില്‍ ജയ് ശ്രീറാം വിളിക്കാന്‍ പാടില്ലേ? ഇനി തുക്‌ടെ തുക്‌ടെ സംഘത്തെ സംബന്ധിച്ചാണെങ്കില്‍, സത്യമിതാണ്. ഇന്ത്യയുട ഐക്യത്തെ വെല്ലുവിളിക്കുന്ന ആരെയും എതിര്‍ക്കണം. രാജ്യത്തെ അഖണ്ഡത തകര്‍ക്കുന്നവര്‍ക്ക് കഠിനമായ ശിക്ഷ ഏര്‍പ്പെടുത്തുകയും വേണം- സിന്ധ്യ പറഞ്ഞു.

അതേസമയം പ്രചാരണ വേളയില്‍ കോണ്‍ഗ്രസ് ചിഹ്നത്തിന് വോട്ട് രേഖപ്പെടുത്തണമെന്ന് താന്‍ പറഞ്ഞുവെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളിലും സിന്ധ്യ വിശദീകരണം നല്‍കി.

വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിടത്ത് നിന്ന് പെട്ടെന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍ സ്വാഭാവികമായും അവരുമായുള്ള സാംസ്‌കാരിക സമന്വയത്തിന് സമയമെടുക്കും. അക്കാര്യം ഞാന്‍ നിഷേധിക്കുന്നില്ല- സിന്ധ്യ പറഞ്ഞു.

സിന്ധ്യയും 22 എം.എല്‍.എമാരും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതോടെയാണ് മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സിന്ധ്യയും കൂട്ടരും പാര്‍ട്ടി വിട്ടതോടെ കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീണിരുന്നു. തുടര്‍ന്ന് 28 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights:  Jyotiraditya scindia response after madhyapradesh bypolls

We use cookies to give you the best possible experience. Learn more