| Monday, 26th June 2023, 1:18 pm

ഇന്ത്യയില്‍ എന്താണ് സംഭവിക്കുന്നതെന്ന് മോദി; ജനങ്ങള്‍ സന്തുഷ്ടരും സന്തോഷവാന്മാരുമെന്ന് നദ്ദ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിദേശ സന്ദര്‍ശനം കഴിഞ്ഞ് ഇന്ത്യയിലെത്തിയ ശേഷം ഇന്ത്യക്കാരുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാനെത്തിയ ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദയോട് മോദി ആദ്യം ചോദിച്ചത് ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്നായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു വിദേശ യാത്ര കഴിഞ്ഞ് മോദി ഇന്ത്യയില്‍ തിരിച്ചെത്തിയത്. ആറ് ദിവസത്തെ യു.എസ്-ഈജിപ്ത് സന്ദര്‍ശനത്തിന് ശേഷമാണ് മോദി തിരിച്ചെത്തുന്നത്.

കേന്ദ്ര വിദേശ സഹകാര്യ മന്ത്രി മീനാക്ഷി ലേഖി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവര്‍ മോദിയെ സ്വീകരിക്കാനായി ദല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. ബി.ജെ.പി നേതാക്കളും എം.പിമാരുമായ ഹര്‍ഷ് വര്‍ധന്‍, ഹന്‍സ് രാജ് ഹന്‍സ്, ഗൗതം ഗംഭീര്‍ എന്നിവരും എയര്‍പോട്ടില്‍ ഉണ്ടായിരുന്നു.

ഇന്ത്യയിലെ കാര്യങ്ങളെല്ലാം എങ്ങനെ പോകുന്നുവെന്നായിരുന്നു മോദി നദ്ദയോട് ആദ്യം ചോദിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒന്‍പത് വര്‍ഷത്തെ റിപ്പോര്‍ട്ട് കാര്‍ഡുമായി നേതാക്കള്‍ ജനങ്ങളിലേക്ക് എത്തികൊണ്ടിരിക്കുകയാണെന്ന് നദ്ദ മറുപടി നല്‍കി. രാജ്യത്തെ ജനങ്ങള്‍ ഏറെ സന്തോഷവാന്മാരാണെന്നും നദ്ദ പറഞ്ഞതായി ബി.ജെ.പി എം.പി മനോജ് തിവാരി മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നും പാര്‍ട്ടിയുടെ ജനസമ്പര്‍ക്ക പരിപാടികള്‍ എങ്ങനെ പോകുന്നുവെന്നും മോദി ചോദിച്ചതായി ബി.ജെ.പി എം.പി പര്‍വേഷ് ശര്‍മയും പറഞ്ഞു. ഇതിന് അദ്ദേഹത്തെ തങ്ങള്‍ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബൈഡന്റെ ക്ഷണം സ്വീകരിച്ച് ജൂണ്‍ 20ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസില്‍ സന്ദര്‍ശനത്തിന് എത്തിയിരുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലെ പ്രമുഖരായ ഇന്ത്യക്കാരെ ഉള്‍പ്പെടുത്തി വാഷിങ്ടണ്‍ കെന്നഡി സെന്ററില്‍ നടന്ന അത്താഴവിരുന്നിലും അദ്ദേഹം പങ്കെടുത്തിരുന്നു. യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെയും മോദി അഭിസംബോധന ചെയ്തിരുന്നു.

യു.എസിന്റെയും ഇന്ത്യയുടെയും വിദ്യാഭ്യാസ വിനിമയം, കാലാവസ്ഥ വ്യതിയാനം, ആരോഗ്യ സുരക്ഷ തുടങ്ങിയവയിലെ ഒരുമിച്ചുള്ള പ്രവര്‍ത്തനത്തെ കുറിച്ച് ഇരു നേതാക്കളും ചര്‍ച്ചയും നടത്തിയിരുന്നു. മോദിയുടെ സന്ദര്‍ശനത്തിനിടെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ മോദിയോട് ഉന്നയിക്കണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസിലെ 75 സെനറ്റര്‍മാരും ജനപ്രതിനിധി സഭയിലെ അംഗങ്ങളും ബൈഡനോട് ആവശ്യപ്പെട്ടിരുന്നു. നരേന്ദ്ര മോദിയുടെ വലതുപക്ഷ സര്‍ക്കാരിന് കീഴില്‍ ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ അമേരിക്കന്‍ ഭരണകൂടം കണ്ണടച്ചതായും അംഗങ്ങള്‍ വിമര്‍ശിച്ചിരുന്നു.

യു.എസ് സെനറ്റിലെയും ജനപ്രതിനിധി സഭയിലെയും 75ഓളം നിയമസഭാംഗങ്ങള്‍ ഒപ്പിട്ട കത്ത് ബൈഡന് അയക്കുകയും ചെയ്തിരുന്നു. മത സ്വാതന്ത്ര്യത്തെയും പൗര സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ഇന്ത്യയുടെ കണക്കുകള്‍ സൂക്ഷ്മമായി പഠിക്കേണ്ടതുണ്ടെന്ന് ഏതാനും ഡെമോക്രാറ്റിക് അംഗങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റിനോട് നിര്‍ദേശിച്ചിരുന്നു.

നരേന്ദ്രമോദിയുടെ സന്ദര്‍ശത്തിനിടെ അമേരിക്കയില്‍ പ്രതിഷേധം നടന്നിരുന്നു. മാന്‍ഹട്ടന്‍ നഗരത്തില്‍ മോദിക്കെതിയും കേന്ദ്ര സര്‍ക്കാരിനെതിരെയുമുള്ള പ്രതിഷേധ മുദ്രാവാക്യങ്ങള്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ട്രക്കുകള്‍ പോകുന്നത് ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു.

യു.എസ് സന്ദര്‍ശനത്തിന് ശേഷം ശനിയാഴ്ചയായിരുന്നു മോദി ഈജിപ്ത് സന്ദര്‍ശിച്ചത്. പ്രധാനമന്ത്രിക്ക് ഈജിപ്തിന്റെ പരമോന്നത ബഹുതിയായ ഓര്‍ഡര്‍ ഓഫ് നൈല്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി സമ്മാനിച്ചിരുന്നു. വ്യാപാരം, നിക്ഷേപം, ഊര്‍ജ ബന്ധം എന്നിവ മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ഇരുവരും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

Content Highlight: Whats happening in india; modi asked nadda after his foreign visit

We use cookies to give you the best possible experience. Learn more