ന്യൂദല്‍ഹി: ദിവസേന പുതിയ പരീക്ഷണങ്ങളുമായാണ് വാട്‌സ് ആപ്പ് രംഗത്തെത്തുന്നത്. ഇപ്പോള്‍ ഇതാ നോട്ടിഫിക്കേഷനില്‍ തന്നെ വീഡിയോ പ്രിവ്യൂ നടത്താന്‍ സാധിക്കുന്ന ഫീച്ചര്‍ വാട്ട്‌സ്ആപ്പ് പരീക്ഷിക്കുന്നു.
വാട്ട്‌സ്ആപ്പ് വാര്‍ത്തകള്‍ ആദ്യം പുറത്തുവിടുന്ന ഡബ്യൂ.എ ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ആദ്യഘട്ടത്തില്‍ ഐ.ഒ.എസ് പ്ലാറ്റ്‌ഫോമിലാണ് ഈ ഫീച്ചര്‍ പരീക്ഷിച്ചത്. ഇത് മൂലം വീഡിയോകള്‍ അനാവശ്യമായി ഡൌണ്‍ലോഡ് ചെയ്ത് എം.ബി നഷ്ടപ്പെടുത്തേണ്ട എന്നതാണ് ഗുണം. ഒപ്പം സമയവും ലഭിക്കും.
ഐ.ഒ.എസ് വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് 2.18.102.5 അപ്‌ഡേഷന്‍ മുതല്‍ ഈ ഫീച്ചര്‍ ലഭിച്ചേക്കും. ഐ.ഒ.എസ് ഉപയോക്താക്കള്‍ക്ക് വീഡിയോ ഒഴികെയുള്ള ചാറ്റുകള്‍ ഇപ്പോള്‍ പ്രിവ്യൂവില്‍ കാണാന്‍ സാധിക്കും.
അതേസമയം ഇത്രയും കാലം പരസ്യ വിതരണത്തില്‍ നിന്നും അകന്ന നിന്ന വാട്‌സ് ആപ്പ് ആ നിലപാടും മാറ്റാനൊരുങ്ങുകയാണ്. വാട്‌സ് ആപ്പിന്റെ പ്രധാന ആപ്ലിക്കേഷന്‍ വഴി തന്നെ പരസ്യ വിതരണം നടത്താനൊരുങ്ങുകയാണ് കമ്പനിയിപ്പോള്‍.ലോകത്തെങ്ങും ഏറെ ജനപ്രീതിയാര്‍ജിച്ച വാട്‌സാപ്പ് സേവനത്തില്‍ നിന്നും ഏത് വിധേനയും വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാതൃസ്ഥാപനമായ ഫെയ്‌സ്ബുക്കിന്റെ നീക്കങ്ങള്‍.