| Wednesday, 17th October 2018, 6:16 pm

മാധ്യമങ്ങളുടെ സംപ്രേഷണം നിര്‍ത്തിക്കണം, ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍ ചാനല്‍ എന്നിവയെ തടസ്സപ്പെടുത്തണം; നിലയ്ക്കലില്‍ ആക്രമണങ്ങള്‍ ഏകോപിപ്പിക്കുന്നത് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാന്‍ വാട്‌സ്ആപ് ഗ്രൂപ്പുകളിലൂടെ ആഹ്വാനം. ആക്രമണങ്ങള്‍ ഏകോപിപ്പിക്കുന്നത് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ. ശബരിമലയ്ക്കായ്, ജനം ടി.വി 3, ജനം ടി.വി 4 എന്നീ ഗ്രൂപ്പുകളിലൂടെയാണ് മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ വിശ്വാസികള്‍ക്ക് എതിരാണെന്ന് പറഞ്ഞാണ് മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഗ്രൂപ്പില്‍ ആഹ്വാനമുള്ളത്.

“പ്രവര്‍ത്തകര്‍ ആരെങ്കിലും നിലയ്ക്കല്‍ ഉണ്ടെങ്കില്‍ ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍ ചാനല്‍ എന്നിവയുടെ സംപ്രേഷണം തടസ്സപ്പെടുത്തണം. വാര്‍ത്തകള്‍ എല്ലാം വിശ്വാസികള്‍ക്ക് എതിരാണ്. പ്രവര്‍ത്തകര്‍ക്ക് ക്ഷീണമുണ്ടാക്കുന്നതാണ്”- ഗ്രൂപ്പിലെ ഒരംഗം പറയുന്നു.


“ചാനലുകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളാണ് നല്‍കുന്നത്. ശബരിമാലയിലെ ആളുകളെ ബന്ധപ്പെടാന്‍ നോക്കണം. ആ ചാനലുകളൊന്നും കാണാതെ കൃത്യമായ വാര്‍ത്തകള്‍ കാണാന്‍ വിശ്വാസികള്‍ ജനം ടി.വി കാണാനും ഗ്രൂപ്പിലെ മറ്റൊരംഗം പറയുന്നുണ്ട്.

“അയ്യപ്പന്‍ റോഡ് വരെ ഒരു സ്ത്രീ വന്നു. അവരെ ഇറക്കിവിട്ടു. അവരെ ശബരിമല കയറാന്‍ അനുവദിച്ചില്ല. യുക്തിവാദി സംഘത്തില്‍പ്പെട്ട ലിബി എന്ന് പേരുള്ള ഒരു സ്ത്രീ വന്നു. ആ സ്ത്രീ മാവോയിസ്റ്റ് സംഘത്തില്‍പ്പെട്ട ഒരാളാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. പൊലീസിന് അത് മനസ്സിലായിട്ടുണ്ട്. കേരളത്തില്‍ ആഭ്യന്തര കലാപത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ഈ പ്രശ്‌നം വഷളാക്കിയത് കേരള സര്‍ക്കാരാണെന്നും റിപ്പോര്‍ട്ടിലുണ്ട്. നിങ്ങള്‍ ആരും ടെന്‍ഷനടിക്കേണ്ട, പ്രത്യേകിച്ച് ഗോപാലകൃഷ്‌ണേട്ടന്‍”. ശബരിമലയ്ക്കായ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ഒരു സന്ദേശമാണിത്.

“നെറ്റും, വൈദ്യുതിയും കട്ട് ചെയ്യാനുള്ള പദ്ധതിയുണ്ട്. നിലയ്ക്കലില്‍ പൊലീസ് വേഷത്തില്‍ നില്‍ക്കുന്നതും ആര്‍.എസ്.എസുകാരാണെന്നു പറഞ്ഞ് നില്‍ക്കുന്നതും സി.പി.ഐ.എമ്മുകാരാണ്. കള്ളമ്മാരാണ്. അതുകൊണ്ട് ഈ വാര്‍ത്ത സ്‌പ്രെഡ് ചെയ്ത് നമ്മുടെ പ്രവര്‍ത്തകര്‍ എത്രയും പെട്ടെന്ന് അവിടെ എത്തണം. നമ്മള്‍ പോങ്ങന്മാരല്ല എന്ന് അവരെ തെളിയിച്ചു കൊടുക്കണം”- ഗ്രൂപ്പിലെ മറ്റൊരംഗം പറയുന്നു.


പ്രതിഷേധക്കാര്‍ എത്തുന്ന വാഹനങ്ങള്‍ നിലയ്ക്കലില്‍ എത്തിക്കാതെ പ്രധാന വഴികളില്‍ തടയാനാണ് പോലീസിന്റെ പുതിയ നീക്കം. അതിനാല്‍ ശബരിമല ക്ഷേത്ര ദര്‍ശനത്തിനു പോകുന്ന പോലെ പോകുക. അത്തരം വാഹങ്ങള്‍ കടത്തി വിടുന്നതാണ്. ഗ്രൂപ്പിലെ മറ്റൊരു സന്ദേശമാണിത്.

അതേസമയം, സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ശബരിമലയിലെ മൂന്നിടങ്ങളില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പമ്പ, നിലയ്ക്കല്‍, സന്നിധാനം, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നിരോധനാജ്ഞ നിലവില്‍വന്നശേഷം യാതൊരുവിധ പ്രക്ഷോഭങ്ങളും അനുവദിക്കില്ലെന്നും സന്നിധാനത്തേക്ക് എത്തുന്ന ഭക്തര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.

We use cookies to give you the best possible experience. Learn more