ന്യൂദല്‍ഹി: ദേശീയ പൗരത്വ പട്ടികയുടെ അന്തിമരൂപം ജൂലൈ 31ന് മുമ്പ് പ്രസിദ്ധീകരിക്കണമെന്ന് ആസാമിലെ എന്‍.ആര്‍.സി കോഡിനേറ്റര്‍ പ്രതീക് ഹലേജയോട് സുപ്രീം കോടതി. നിയമപ്രകാരം അദ്ദേഹത്തിന്റെ അധികാരം വിനിയോഗിക്കൂവെന്നാണ് കോടതി നിര്‍ദേശം.
പൗരത്വപട്ടികയുമായി ബന്ധപ്പെട്ട് എതിര്‍പ്പു പ്രകടിപ്പിച്ചവരുടെ വാദം കേള്‍ക്കല്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഹാജരായിട്ടില്ലെന്ന് പ്രതീക് കോടതിയെ അറിയിച്ചപ്പോഴായിരുന്നു കോടതി ഇങ്ങനെ പറഞ്ഞത്.
‘നിങ്ങളുടെ വിവേചനാധികാരം പ്രയോഗിക്കൂ. നിയമം എന്താണെന്ന് മനസില്‍ വെക്കുക. നിങ്ങള്‍ക്ക് ചെയ്യാനാവുന്നതെല്ലാം ചെയ്യൂ. അന്തിമ പൗരത്വപട്ടിക ജൂലൈ 31ഓടെ പ്രസിദ്ധീകരിക്കൂ. ഒരുദിവസം മുമ്പേയാകാം. പക്ഷേ ഒട്ടും വൈകരുത്’ എന്നാണ് കോടതി പറഞ്ഞത്.
കഴിഞ്ഞവര്‍ഷം ജൂലൈ 30ന് പ്രസിദ്ധീകരിച്ച പൗരത്വ പട്ടികയില്‍ നിന്നും 40 ലക്ഷത്തിലേറെ പേര്‍ പുറത്തായിരുന്നു. 36 ലക്ഷം പേരാണ് പൗരത്വത്തിന് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരിക്കുന്നത്.
ഫെബ്രുവരിയില്‍ കേസ് പരിഗണിച്ച വേളയിലും കേന്ദ്രസര്‍ക്കാറിന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പൗരത്വ പട്ടികയുടെ അന്തിമ രൂപം തയ്യാറാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെതിരെയായിരുന്നു കോടതി രംഗത്തുവന്നത്.
പൗരത്വപട്ടികയില്‍ അനര്‍ഹരെ ഉള്‍പ്പെടുത്തിയതിനെതിരെയും പരാതി നല്‍കാമായിരുന്നു. ഇത്തരത്തില്‍ രണ്ടുലക്ഷത്തിലേറെ പരാതിയാണ് ലഭിച്ചത്. ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ലെങ്കിലും ബാര്‍പേട്ട ജില്ലയില്‍ മാത്രം 75000 പരാതികളാണ് ഇത്തരത്തില്‍ ലഭിച്ചത്. നാഗൗണിലും മോറിഗൗണിലുമായി 35,000ത്തോളം പരാതികളും ലഭിച്ചിട്ടുണ്ട്.