ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ പ്രതിഷേധ പ്രകടനത്തിനിടെ ഉണ്ടായ കല്ലേറിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായ പിതാവിന്റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് മകന്‍ വി.പി സിങ്.
പൊലീസില്‍ നിന്നും തങ്ങള്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും സ്വന്തം ജീവനക്കാര്‍ക്ക് പോലും സംരക്ഷണം നല്‍കാനാവാത്ത ഡിപാര്‍ട്‌മെന്റായി പൊലീസ് മാറിയിരിക്കുന്നെന്നും വി.പി. സിങ് പറഞ്ഞു.
50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് എന്റെ അച്ഛന്റെ ജീവന്റെ വിലയാണോ? ഇതുകൊണ്ട് ഞങ്ങള്‍ എന്ത് ചെയ്യണമെന്നാണ്? അച്ഛന് പകരം ഈ തുക ലഭിച്ചതുകൊണ്ട് എന്തുകാര്യം- വി.പി സിങ് ചോദിക്കുന്നു.
കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ സുരേഷ് വത്സിന്റെ ഭാര്യയ്ക്ക് 40 ലക്ഷം രൂപയും മാതാപിതാക്കള്‍ക്ക് 10 ലക്ഷം രൂപയുമായിരുന്നു യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്.
ഇന്നലെ ഗാസിപൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത റാലി കഴിഞ്ഞതിന് പിന്നാലെയായിരുന്നു അക്രമ സംഭവം. നിഷാദ് സമുദായക്കാര്‍ സംവരണം വേണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ പരിപാടിയിലായിരുന്നു അക്രമമുണ്ടായത്.
റാലിയില്‍ സുരക്ഷാ ചുമതല നിര്‍വ്വഹിച്ച ശേഷം നോഹാര പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്ന സുരേഷ് വല്‍സ് പ്രതിഷേധ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ചെല്ലുകയായിരുന്നു. ഇവിടെ വെച്ചാണ് പ്രതിഷേധക്കാര്‍ പൊലീസിനെ കല്ലെറിഞ്ഞത്. കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
സംഭവസമയത്ത് നടന്ന കല്ലേറില്‍ നിഷാദ് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്നും ബി.ജെ.പി പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയ അക്രമം തങ്ങളുടെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണെന്നും നിഷാദ് പാര്‍ട്ടി പ്രസിഡന്റ് സഞ്ജയ് നിഷാദ് ഇന്ത്യാ ടുഡേയോട് പറഞ്ഞിരുന്നു.
“”സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണം. ഇതിനെല്ലാം പിന്നില്‍ ബി.ജെ.പിയാണ്. അവര്‍ തങ്ങള്‍ക്കെതിരെ കളിക്കുകയാണ്. കല്ലെറിഞ്ഞത് ഞങ്ങളല്ല. ബി.ജെ.പിക്കാരാണ്. എന്നിട്ട് അത് തങ്ങളുടെ മേല്‍ കെട്ടിവെക്കാനാണ് ശ്രമിക്കുന്നത്.
സംവരണമെന്ന ആവശ്യമുയര്‍ത്തി തങ്ങള്‍ നടത്തിയ പ്രതിഷേധം ജനാധിപത്യമായ രീതിയില്‍ തന്നെയായിരുന്നു. പൊലീസുകാരനെ കല്ലെറിഞ്ഞുകൊന്ന സംഭവത്തില്‍ നിഷാദ് പാര്‍ട്ടിക്ക് പങ്കില്ല. അത് ബി.ജെ.പിയുടെ പ്ലാന്‍ ആയിരുന്നു. യോഗി ജിയും മോദി ജിയും അധികാരത്തിലിരിക്കുമ്പോള്‍ അതിന് എളുപ്പമാണ്. എന്നായിരുന്നു സഞ്ജയ് പറഞ്ഞത്.
ഡിസംബര്‍ മൂന്നിന് ബുലന്ദ്ശഹറില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായ സുബോധ് കുമാര്‍ സിങ് കൊല്ലപ്പെട്ടിരുന്നു.
പശുവിന്റെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നാരോപിച്ച് ബുലന്ദ്ശഹറില്‍ സംഘപരിവാറുകാരായിരുന്നു കലാപം അഴിച്ചുവിട്ടത്.
ആക്രമണം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ സബ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിനെ അക്രമി സംഘം വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു.
2014 ല്‍ ദാദ്രിയില്‍ അഖ്ലാഖ് ഗോമാംസം കൈവശം വച്ചുവെന്ന് ആരോപിച്ച് കൊലചെയ്യപ്പെട്ട കേസ് ആദ്യം അന്വേഷിച്ചത് സുബോധ് കുമാറായിരുന്നു.
സുബോധ് കുമാര്‍ സിങ്ങ് കൊല്ലപ്പെട്ട വേളയില്‍ ഇന് തനിക്ക് തന്റെ പിതാവിന്റെ ജീവന്‍ നഷ്ടമായെന്നും നാളെ മറ്റാര്‍ക്കോ അത് നഷ്ടപ്പെടാന്‍ ഇരിക്കുന്നെന്നും മകന്‍ അഭിഷേക് പറഞ്ഞിരുന്നു. മതത്തിന്റെ പേരിലാണ് തനിക്ക് അച്ഛനെ നഷ്ടമായതെന്നും അന്ന് അഭിഷേക് പറഞ്ഞിരുന്നു.