| Tuesday, 17th December 2024, 5:51 pm

സിറിയയുടെ തകര്‍ച്ചയ്ക്ക് പിന്നാലെ ഗോലാന്‍ കുന്ന് കീഴടക്കി ഇസ്രഈല്‍ നേടുന്നതെന്ത്?

അമയ. കെ.പി.

സിറിയയില്‍ 53 വര്‍ഷം നീണ്ടുനിന്ന അസദ് കുടുംബത്തിന്റെ ഭരണം അവസാനിപ്പിച്ച് ഹയാത്ത് തെഹ്‌രീര്‍ അല്‍ ഷാം (എച്ച്.ടി.എസ്)അധികാരം പിടിച്ചെടുത്തപ്പോള്‍ അത് കേവലം ഒരു രാജ്യത്തെ മാത്രം ബാധിക്കുന്ന രാഷ്ട്രീയ മാറ്റം എന്ന രീതിയില്‍ ആയിരുന്നില്ല വിലയിരുത്തപ്പെട്ടത്.

കാരണം അറബ് ലോകത്ത് ഇസ്രഈല്‍ വിരുദ്ധ ചേരിയായി നിലകൊണ്ടിരുന്ന വിരലിലെണ്ണാവുന്ന രാജ്യം എന്ന നിലയില്‍ അസദിന്റെ പതനം പശ്ചിമേഷ്യയുടെ ആകെമൊത്തം രാഷ്ട്രീയ-ഭൂമിശാസ്ത്ര സാഹചര്യങ്ങളെ ബന്ധപ്പെട്ട് കിടക്കുന്നു.

അസദിന്റെ പതനത്തോടെ തന്റെ ജന്മനായുള്ള അധിനിവേശ സ്വഭാവം പുറത്തെടുത്ത അയല്‍രാജ്യമായ ഇസ്രഈല്‍ ആ അവസരം മുതലെടുക്കാന്‍ തക്കംപാര്‍ത്തിരിക്കുകയാണ് എന്ന് ദിവസങ്ങള്‍ക്കകം ലോകം മനസിലാക്കി. ഗസയിലും ലെബനനിലും തുടര്‍ന്നുകൊണ്ടിരിക്കുന്ന ആക്രമണ പരമ്പരകള്‍ അവര്‍ സിറിയയിലും ആവര്‍ത്തിക്കുന്നതാണ് പിന്നെ കണ്ടത്.

ഗസയില്‍ ഹമാസിനെയും ലെബനനില്‍ ഹിസ്ബുല്ലയേയും തുരത്താനാണ് ആക്രമണം നടത്തുന്നതെന്ന് പറയുമ്പോള്‍ സിറിയയില്‍ അല്‍പം കൂടി മാറി എച്ച്.ടി.എസിനെ പേരെടുത്ത് പറയാതെ തീവ്രവാദികളുടെ കൈയില്‍ ആയുധങ്ങള്‍ എത്തിപ്പെടാതിരിക്കാനാണ് ആക്രമണം നടത്തുന്നതെന്നാണ് ഇസ്രഈലിന്റെ ഭാഷ്യം.

ഇത്തരത്തില്‍ ‘തീവ്രവാദികളെ’തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരാഴ്ച്ചയ്ക്കിടെ 800ല്‍ അധികം വ്യോമാക്രമണങ്ങളാണ് സിറിയയുടെ വിവിധ ഭാഗങ്ങളിലായി ഇസ്രഈല്‍ നടത്തിയത്. ഇതിന്റെ മറവില്‍ പതിറ്റാണ്ടുകളായി തര്‍ക്കം നിലനില്‍ക്കുന്ന ഗോലാന്‍ കുന്നുകളും കൈവശപ്പെടുത്താനുള്ള ശ്രമങ്ങളും ഇസ്രഈല്‍ ആരംഭിച്ച് കഴിഞ്ഞു.

1,800 ചതുരശ്ര കിലോമീറ്ററില്‍ അഥവാ 700 ചതുരശ്ര മൈല്‍ വ്യാപിച്ചുകിടക്കുന്ന ഗോലാന്‍ കുന്നുകള്‍ പതിറ്റാണ്ടുകളായി സിറിയ-ഇസ്രഈല്‍ ബന്ധത്തിലെ തര്‍ക്കഭൂമിയായാണ് അറിയപ്പെടുന്നത്. സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസിന് ഏകദേശം 60 കിലോമീറ്റര്‍ മാറി തെക്ക് പടിഞ്ഞാറന്‍ സിറിയയിലാണ് ഗോലാന്‍ കുന്നുകള്‍ സ്ഥിതി ചെയ്യുന്നത്.

ഗോലാന്‍ കുന്നുകളുടെ തെക്ക് വശം യാര്‍മൂക്ക് നദിയും പടിഞ്ഞാറ് തിബിരിസ് തടാകവും സ്ഥിതി ചെയ്യുന്നു. ലെബനനില്‍ നിന്ന് ഗോലാനിലൂടെ ഒഴുകുന്ന ജോര്‍ദാന്‍ നദിയെയും ഹസ്ബാനി നദിയെയും പരിപോഷിപ്പിക്കുന്ന ഫലഭൂയിഷ്ഠമായ ഭൂമിയും സുപ്രധാന ജലസ്രോതസ്സുകളുമുള്ള ബസാള്‍ട്ട് പാറയിലാണ് ഗോലാന്‍ കുന്ന് വ്യാപിച്ചുകിടക്കുന്നത്.

ഗോലാന്‍ കുന്നുകളില്‍ അവകാശം ആര്‍ക്ക്

  • ഐക്യരാഷ്ട്രസംഘടനയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗോലാന്‍ കുന്നുകള്‍ സിറിയയ്ക്ക് അവകാശപ്പെട്ടതാണ്. എന്നാല്‍ 1967ല്‍ ആറ് ദിവസം നീണ്ടുനിന്ന യുദ്ധത്തിനൊടുവില്‍ ഇസ്രഈല്‍ ഗോലാന്‍ കുന്നുകള്‍ കൈവശപ്പെടുത്തി. നിലവില്‍ പ്രദേശത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തെ 1,200 ചതുരശ്ര കിലോമീറ്റര്‍ ഇസ്രഈലിന്റെ നിയന്ത്രണത്തിലാണ്.
  • 1973ലെ അറബ്-ഇസ്രഈല്‍ യുദ്ധത്തിനിടെ ഗോലാന്‍ തിരിച്ചുപിടിക്കാന്‍ സിറിയ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 1974ല്‍ ഇസ്രഈലും സിറിയയും യുദ്ധവിരാമക്കരാറില്‍ ഒപ്പുവച്ചതോടെ പ്രദേശം താരതമ്യേന ശാന്തമായിരുന്നു.
  • ഇസ്രഈലിന്റെ ഈ അധിനിവേശത്തെ ഭൂരിഭാഗം ലോകരാജ്യങ്ങളും അംഗീകരിച്ചിട്ടില്ല. എന്നിരുന്നാലും തന്ത്രപ്രധാനമായ ഈ പ്രദേശത്തെ 1981ല്‍ ഇസ്രഈല്‍ ഏകപക്ഷീയമായി അവരുടേതാക്കിമാറ്റി. സിറിയയുടെ കൈവശമുള്ള ഗോലാന്റെ ഒരു ഭാഗം നിലനിര്‍ത്തി അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് ഇസ്രഈല്‍ പിന്മാറണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.
  • 1981 ഡിസംബറില്‍, യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഇത് സംബന്ധിച്ച 497ാം പ്രമേയം പാസാക്കി. ഗോലാന്‍ ഇപ്പോഴും ഒരു അധിനിവേശ പ്രദേശമാണെന്നും ഇസ്രഈലിന്റെ പിടിച്ചെടുക്കല്‍ അസാധുവും അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരാണെന്നും പ്രമേയം പ്രഖ്യാപിച്ചു.
  • 2000ല്‍, ഇരുരാജ്യങ്ങളും തമ്മില്‍ ഉയര്‍ന്ന തലത്തിലുള്ള പല ചര്‍ച്ചകളും അതുവഴി സമാധാന ഉടമ്പടികള്‍ ഒപ്പുവെക്കാന്‍ ശ്രമം നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു.
  • നിലവില്‍ യുണൈറ്റഡ് സ്റ്റേറ്റ്സും ഇസ്രഈലും ഒഴികെയുള്ള മറ്റ് ലോകരാജ്യങ്ങളെല്ലാം തന്നെ ഗോലാന്‍ കുന്നുകളെ സിറിയയില്‍ നിന്ന് ഇസ്രഈല്‍ കൈവശപ്പെടുത്തിയതായാണ് കണക്കാക്കുന്നത്.

ഇസ്രഈല്‍ അധിനിവേശ ഗോലാനില്‍ നിലവില്‍ ഏകദേശം 55,000 ജനങ്ങളാണ് താമസിക്കുന്നത്. അതില്‍ 24,000 പേര്‍ അറബ് ന്യൂനപക്ഷ വിഭാഗമായ ഡ്രൂസ് ആണ്. ഇവര്‍ കൂടുതലും സിറിയക്കാരാണ്. ഡ്രൂസ് ജനത 1967 ലെ യുദ്ധസമയത്ത് ഇവിടെ നിന്ന് പലായനം ചെയ്തിരുന്നില്ല. അവര്‍ നിലവില്‍ ഗോലാന്‍ കുന്നുകളിലെ 30 ഇസ്രഈലി സെറ്റില്‍മെന്റുകള്‍ക്ക് സമീപം താമസിക്കുന്നു, അതേസമയം ഗോലാന്‍ കുന്നുകളില്‍ ഇസ്രഈല്‍ അധിനിവേശം ഇരട്ടിയാക്കാനുള്ള ശ്രമങ്ങള്‍ ഇസ്രഈല്‍ ആരംഭിച്ചു കഴിഞ്ഞു.

ഈ പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ ജൂത സെറ്റില്‍മെന്റ്സുകള്‍ ഇരട്ടിയാക്കാനുള്ള പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിര്‍ദേശത്തിന് ഇസ്രഈല്‍ മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി. ഇതുപ്രകാരം സിറിയയില്‍ നിന്ന് പിടിച്ചെടുത്ത ഗോലാന്‍ മേഖലകളില്‍ കൂടുതല്‍ ജൂത സെറ്റില്‍മെന്റ്സുകള്‍ നിര്‍മിക്കും. ഇതിനുവേണ്ടി 1.1 കോടി ഡോളര്‍ നീക്കിവെക്കുമെന്ന് ഇസ്രഈല്‍ അറിയിച്ചിട്ടുണ്ട്.

നിലവില്‍ യു.എന്റെ നിരീക്ഷണത്തിലുള്ള ഒരു ബഫര്‍ സോണ്‍ ഇസ്രഈല്‍ അധിനിവേശ പ്രദേശത്തെയും സിറിയയുടെ നിയന്ത്രണത്തിലുള്ള ശേഷിക്കുന്ന ഭാഗത്തെയും വേര്‍തിരിക്കുന്നുണ്ട്. എന്നാല്‍ അസദ് ഭരണകൂടം വീണതോടെ സിറിയന്‍ നിയന്ത്രണത്തിലുള്ള ഗോലാന്‍ കുന്നുകളി
ലെ സൈനികവല്‍ക്കരിക്കപ്പെട്ട ബഫര്‍ സോണിലേക്ക് ഇസ്രഈല്‍ അനധികൃതമായി കടന്നുകയറുകയായിരുന്നു. ഇതുവഴി സിറിയന്‍ പ്രദേശത്തേക്ക് പ്രവേശിച്ച സൈന്യം രാജ്യത്ത് ആക്രമണം ശക്തമാക്കി.

എന്നാല്‍ സൈന്യത്തിന്റെ ഈ നീക്കത്തെ ന്യായീകരിക്കുന്ന സമീപനമായിരുന്നു നെതന്യാഹുവിന്റേത്. ഇസ്രഈലിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ സുരക്ഷ ഉറപ്പ് വരുത്താനുള്ളതാണെന്നും ഗോലാന്‍ എല്ലാകാലത്തും ഇസ്രഈലിന്റെ ഭാഗമായിരിക്കും എന്നാണ് ഈ വിഷയത്തില്‍ നെതന്യാഹു പ്രതികരിച്ചത്. ഇസ്രഈലിന്റെ ഈ നീക്കത്തിനെതിരെ യു.എന്നും സൗദി അറേബ്യയും ഖത്തറും യു.എ.ഇയും വിമര്‍ശനം ഉന്നയിച്ചെങ്കിലും നെതന്യാഹുവുവും സൈന്യവും പിന്മാറിയില്ല.

അതേസമയം തങ്ങളുടെ അതിര്‍ത്തിയില്‍ ഒരു ശത്രുശക്തിയെയും നിലയുറപ്പിക്കാന്‍ അനുവദിക്കില്ല എന്ന് നെതന്യാഹു പറയുന്നുണ്ടെങ്കിലും സിറിയയുമായി ഒരു സംഘര്‍ഷം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഇസ്രഈല്‍ സിറിയയില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ താത്പര്യമില്ലെന്ന് അധികാരം പിടിച്ച വിമത ഗ്രൂപ്പായ തെഹ്‌രീര്‍ അല്‍ ഷാം കൂടി അറിയച്ചതോടെ ഇസ്രഈലിന് ഗോലാനില്‍ അധിനിവേശം എളുപ്പമായിരിക്കുകയാണ്.

സയണിസ്റ്റ് രാജ്യത്തിന്റെ സ്വപ്‌ന പദ്ധതിയായ ‘ഗ്രേറ്റര്‍ ഇസ്രഈല്‍’

ഗ്രേറ്റര്‍ ഇസ്രഈല്‍ അഥവാ ഹീബ്രു ഭാഷയിലെ Eretz Yisrael Hashlema ബൈബിളിലെ രാഷ്ട്രീയപരമായ അര്‍ത്ഥങ്ങളുള്ള ഒരു പദപ്രയോഗമാണ്. ഇസ്രഈലിന് ആവശ്യമുള്ള പ്രദേശങ്ങളെ അഥവാ അധിനിവേശം നടത്താന്‍ താത്പര്യമുള്ള പ്രദേശങ്ങളെയാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്.

ഇസ്രഈലിലെ തീവ്രവലതുപക്ഷമാണ് ഗ്രേറ്റര്‍ ഇസ്രഈല്‍ എന്ന് ആശയം ആദ്യമായി മുന്നോട്ട് വെച്ചത്. ഇസ്രഈലിന്റെ അതിര്‍ത്തികള്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അധിനിവേശം നടത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈജിപ്തിലെ നൈല്‍ നദി മുതല്‍ ഇറാഖിലെ യൂഫ്രട്ടീസ് നദി വരെയും ലെബനനിലെ ലിതാനി നദി മുതല്‍ സൗദിയിലെ മദീന വരെയാണ് ഈ പദ്ധതിയിലൂടെ ഇസ്രഈല്‍ ലക്ഷ്യം വെക്കുന്നത്.

തുര്‍ക്കി, ഫല്‌സതീന്‍, ജോര്‍ദാന്‍, ഈജിപ്ത്, ഇറാഖ്, സിറിയ, ലെബനന്‍, സൗദി അറേബ്യയും എല്ലാം ഉള്‍പ്പെടുന്നതാണ് ഇസ്രഈലിന്റെ ഗ്രേറ്റര്‍ ഇസ്രഈലിന്റെ ഭൂപടം.

അതിനാല്‍ തന്നെ വെസ്റ്റ്ബാങ്ക് അധിനിവേശത്തിലൂടെ കീഴടക്കിയതുപോലെ ഗോലാന്‍ വഴി സിറിയയും പിടിച്ച് ഗ്രേറ്റര്‍ ഇസ്രഈലിലേക്ക് രാജ്യത്തെ വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നാലും അവയെ തള്ളിക്കളയാന്‍ സാധിക്കില്ല.

എന്തുകൊണ്ട് ഇസ്രഈല്‍ ഗോലാന്‍ കുന്നുകള്‍ കീഴടക്കുന്നു

‘ഗോലാന്‍ ശക്തിപ്പെടുത്തുന്നത് ഇസ്രഈലിനെ ശക്തിപ്പെടുത്തുന്നതിന് തുല്യമാണ്, ഈ സമയത്ത് ഇത് വളരെ പ്രധാനപ്പെട്ടതാണ്. കാരണം ശത്രുക്കളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് ഞങ്ങള്‍ അത് മുറുകെ പിടിക്കുക തന്നെ ചെയ്യും. അവിടെ സ്ഥിരതാമസവുമാക്കും,’ ഗോലാനിനെപ്പറ്റി നെതന്യാഹു പറഞ്ഞ വാക്കുകള്‍ ആണിത്.

ഗോലാന്‍ കുന്നുകളില്‍ ഇസ്രഈലിന് തന്ത്രപ്രധാനമായ പ്രാധാന്യമുണ്ട്. ഇന്‍ഡിപെന്‍ഡന്റിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 1967 വരെ ഗോലാന്‍ സിറിയയുടെ ഭാഗമായിരുന്നപ്പോള്‍, വടക്കന്‍ ഇസ്രഈലിനെ സംരക്ഷിച്ച് നിര്‍ത്തുന്ന ഒരു പുറംചട്ടയായി പ്രവര്‍ത്തിക്കാന്‍ ഈ പ്രദേശത്തിന് സാധിച്ചിട്ടുണ്ട്.

ഡമസ്‌കസില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഗോലാനില്‍ നിന്ന് സിറിയന്‍ തലസ്ഥാനത്തിന്റെ വ്യൂ കൃത്യമായി കാണാന്‍ സാധിക്കുന്നു. അതിനാല്‍ തന്നെ സിറിയയിലെ വിവിധ ഗ്രൂപ്പുകളില്‍ നിന്ന് സയണിസ്റ്റ് രാഷ്ട്രത്തിനെതിരെ ഉണ്ടാവുന്ന ആക്രമണങ്ങള്‍ മുന്‍കൂട്ടി മനസിലാക്കാന്‍ ഈ പ്രദേശത്തിലെ മേല്‍ക്കൈ ഇസ്രഈലിന് സഹായകമാകും. കൂടാതെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളായ ഗോലാന്റെ ഫലഭൂയിഷ്ഠമായ ഭൂമിയും ജലസ്രോതസ്സുകളും ഇസ്രഈലിന് ഈ പ്രദേശത്തെ വേണ്ടപ്പെട്ടതാക്കി മാറ്റുന്നു.

Content Highlight: What will Israel gain by conquering the Golan Heights after the collapse of Syria?

അമയ. കെ.പി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേര്‍ണലിസത്തില്‍ ഡിപ്ലോമ.

We use cookies to give you the best possible experience. Learn more