ഇന്ത്യ – പാകിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ വീണ്ടും മഴ വില്ലനായിരിക്കുകയാണ്. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മഴ പെയ്യുകയും മത്സരം നടത്താനാകാത്ത സാഹചര്യം ഉടലെടുത്തതോടെയാണ് സെപ്റ്റംബര്‍ പത്തിന് ഷെഡ്യൂള്‍ ചെയ്യപ്പെട്ട മത്സരം തത്കാലത്തേക്ക് നിര്‍ത്തിവെച്ചത്.
ഈ മത്സരത്തിന് റിസര്‍വ് ഡേ ഉണ്ട് എന്നതാണ് ആരാധകര്‍ക്ക് അല്‍പമെങ്കിലും ആശ്വാസത്തിന് വക നല്‍കുന്നത്. സൂപ്പര്‍ ഫോറില്‍ റിസര്‍വ് ഡേ ഉള്ള ഏക മത്സരവും ഇതാണ്. കാലാവസ്ഥ അനകൂലമാവുകയും മത്സരം പൂര്‍ത്തിയാക്കാനുള്ള സാഹചര്യം ഉടലെടുക്കുകയും ചെയ്താല്‍ കഴിഞ്ഞ ദിവസം നിര്‍ത്തിയിടത്ത് നിന്നുതന്നെ മത്സരം തുടങ്ങും.
എന്നാല്‍ റിസര്‍വ് ഡേയിലും കാര്യങ്ങള്‍ അത്രകണ്ട് തൃപ്തമല്ല. തിങ്കളാഴ്ചയും മത്സരം മഴയെടുക്കാനുള്ള സാധ്യതകളാണ് കല്‍പിക്കപ്പെടുന്നത്. കൊളംബോയില്‍ മഴ തകര്‍ത്തുപെയ്യുകയാണ്. അങ്ങനെയെങ്കില്‍ ഇന്ത്യ – പാകിസ്ഥാന്‍ മത്സരം ഉപേക്ഷിക്കേണ്ടി വന്നേക്കും.
ഒരുപക്ഷേ ഗ്രൂപ്പ് ഘട്ടത്തിലേതെന്ന പോലെ ഈ മത്സരം ഉപേക്ഷിക്കേണ്ടി വരികയാണെങ്കില്‍ ഇരുടീമുകളും പോയിന്റ് പങ്കുവെക്കും. ഇത് ഇന്ത്യയെ സംബന്ധിച്ച് അത്ര ഗുണകരമാകില്ല.
ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കുമ്പോള്‍ ഇതിനോടകം ആദ്യ മത്സരം വിജയിച്ച പാകിസ്ഥാന് മൂന്ന് പോയിന്റും ഇന്ത്യക്ക് ഒരു പോയിന്റുമാണ് ഉണ്ടാവുക. മൂന്ന് പോയിന്റുമായി പാകിസ്ഥാന്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനത്ത് തുടരേണ്ടി വന്നേക്കും.
നിലവില്‍ ഒരു മത്സരത്തില്‍ നിന്നും ഒരു ജയവുമായി രണ്ട് പോയിന്റോടെയാണ് പാകിസ്ഥാന്‍ ഒന്നാമത് തുടരുന്നത്. ആദ്യ മത്സരം വിജയിച്ച ശ്രീലങ്കക്കും രണ്ട് പോയിന്റാണ് ഉള്ളതെങ്കില്‍ കൂടിയും നെറ്റ് റണ്‍ റേറ്റാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ തീരുമാനിക്കുന്നത്. പാകിസ്ഥാന് +1.051 എന്ന നെറ്റ് റണ്‍ റേറ്റുള്ളപ്പോള്‍ +0.420 എന്ന റണ്‍ റേറ്റാണ് ലങ്കക്കുള്ളത്.
കളിച്ച രണ്ട് മത്സരത്തിലും പരാജയപ്പെട്ട ബംഗ്ലാദേശ് ഏറെക്കുറെ പുറത്തായ മട്ടാണ്. -0.749 എന്ന നെറ്റ് റണ്‍റേറ്റുള്ള ബംഗ്ലാദേശിന് സൂപ്പര്‍ ഫോറില്‍ കാര്യമായി ഒന്നും തന്നെ ചെയ്യാനില്ല.
റിസര്‍വ് ഡേയിലും മഴ മൂലം മത്സരം നടക്കാത്ത സാഹചര്യം ഉടലെടുക്കുകയാണെങ്കില്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ഇന്ത്യക്ക് നിര്‍ണായകമാകും. വിജയമല്ലാതെ മറ്റൊന്നും തന്നെ ഇന്ത്യക്ക് മുമ്പോട്ടുള്ള വഴി തുറന്നേക്കില്ല.
അതേസമയം, ശേഷിക്കുന്ന മത്സരങ്ങളിലും മഴ ഭീതി നിലനില്‍ക്കുന്നതിനാല്‍ ടീമുകളുടെ ഭാവി ത്രിശങ്കുവിലാണ്.
Content highlight: What will happen if it rains in the Super 4 match between India and Pakistan on Reserve Day?