കൊവിഡ് ലോകവ്യാപകമായി പ്രതിസന്ധി സൃഷ്ടിച്ചതോടൊപ്പം തന്നെ ഉയര്‍ന്നു കേട്ട ഒരു പേരാണ് ചൈനയിലെ വുഹാന്‍ ലാബ്. ഈ ലാബില്‍ നിന്നാണ് സാര്‍സ് കൊവ്-2 ഉത്ഭവിച്ചതെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും അടക്കമുള്ളവര്‍ സംശയും പ്രകടിപ്പിക്കുന്നത്.
വുഹാനിലെ ആ വൈറോളജി ലാബ്
ചൈനീസ് ദേശീയ അക്കാദമി ഓഫ് സയന്‍സിന്റെ കീഴിലുള്ളതാണ് ഈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്. ഏറ്റവും അപകടകരമായ വൈറസുകളില്‍ പരീക്ഷണം നടത്താന്‍ സൗകര്യമുള്ള ചൈനയിലെ ഏക ലാബാണിത്. ബയോസേഫ്റ്റി ലെവല്‍ 4 (BSL-4) എന്നാണ് ഈ ലാബുകള്‍ അറിയപ്പെടുന്നത്.
അതിവേഗത്തില്‍ രോഗ വ്യാപനം നടക്കാന്‍ സാധ്യതയുള്ളതും മരണ സാധ്യത കൂടിയതും മരുന്നുകള്‍ കണ്ടു പിടിച്ചിട്ടാല്ലാത്തതുമായ രോഗകാരികളുടെ മേല്‍ ഈ ലാബില്‍ പരീക്ഷണം നടത്തുന്നു.
2002-2003 വര്‍ഷങ്ങളില്‍ ചൈനയില്‍ സാര്‍സ് വൈറസ് രോഗം പടര്‍ന്നു പിടിച്ചതിനു ശേഷമാണ് ഇത്തരമൊരു ലാബ് നിര്‍മിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ തീരുമാനിച്ചത്. വരും കാലങ്ങളില്‍ സമാനമായ മഹാവ്യാധികള്‍ക്കെതിരെ കരുതിയിരിക്കാനും ഇതോടനുബന്ധിച്ച പരീക്ഷണങ്ങളും വാക്‌സിന്‍ കണ്ടുപിടുത്തങ്ങളും നടത്തുക ആയിരുന്നു ഇങ്ങനെയൊരു ലാബ് കൊണ്ടുദ്ദേശിച്ചത്.
ബി.എസ്.എല്‍-4 ലാബിന്റെ നിര്‍മാണത്തിന് ഫ്രാന്‍സിന്റെ സഹായവുമുണ്ടായിരുന്നു. 2014 ലാണ് ലാബ് നിര്‍മാണം പൂര്‍ണമായത്.
ലാബിലെ ഷെന്‍ജില്‍ എന്ന ലീഡ് വൈറോളജിസ്റ്റായ സ്ത്രീ ഷെര്‍ജില്‍ അറിയപ്പെടുന്നത് ബാറ്റ് വുമണ്‍ എന്ന പേരിലാണ്. ഗുഹകളിലെ വവ്വാലുകളെ പിടിച്ച് അവ പരത്തുന്ന വിവിധ കൊറോണ വൈറസുകളെ പറ്റി ഇവരും സംഘവും പഠനം നടത്താറുണ്ട്. കൊവിഡ് വ്യാപനത്തിനു ശേഷം സാര്‍സ് കൊവ്-2 വൈറസ് പഠനത്തിലും ഇവര്‍ മുന്‍ നിരയിലുണ്ടായിരുന്നു.
ഈ ലാബും വൈറസിന്റെ ഉത്ഭവം എന്ന് കരുതപ്പെടുന്ന വുഹാന്‍ മാര്‍ക്കറ്റും തമ്മില്‍ 12.8 കിലോ മീറ്റര്‍ ദൂരവും മാത്രമായതാണ് കൊവിഡിന്റെ ഉത്ഭവം ഈ ലാബില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന് ആരോപിക്കുന്നവര്‍ പറയുന്ന പ്രധാന കാര്യം.
എന്താണ് ഈ ആരോപണത്തെക്കുറിച്ച് ശാസ്ത്രജ്ഞര്‍ പറയാനുള്ളത്?
കൊറോണ വൈറസ് മനുഷ്യ നിര്‍മിതമാണെന്ന ആരോപണം തെറ്റാണെന്നാണ് ഇതുവരെ ശാസ്ത്രജ്ഞര്‍ അറിയിച്ചിരിക്കുന്നത്.
മാര്‍ച്ച് 17 ന് നാച്യുര്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച അമേരിക്കയിലെയും യു.കെയിലും ആസ്‌ട്രേലിയയിലെയും പകര്‍ച്ചരോഗ വിദഗ്ധരുടെ കുറിപ്പില്‍ പറയുന്നത് കൊറോണ വൈറസ് ലാബില്‍ നിന്ന് പുറത്ത് വരുന്നത് അസാധ്യമാണെന്നാണ്.
‘ ഞങ്ങളുടെ വിശകലനങ്ങള്‍ വ്യക്തമായി കാണിക്കുന്നത് സാര്‍സ് കൊവ്-2 ഒരു ലബോറട്ടറി നിര്‍മാണമോ മനഃപൂര്‍വ്വം നിര്‍മിച്ചതോ അല്ലെന്നാണ്,’ ഇവരുടെ കുറിപ്പില്‍ പറയുന്നു.
ഒപ്പം ലോകാരോഗ്യ സംഘടനയും വൈറസ് മനുഷ്യ നിര്‍മിതമാണെന്നതിനു തെളിവില്ലെന്നാണ് വ്യക്തമാക്കിയത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.