| Saturday, 20th March 2021, 6:49 pm

എന്തായിരുന്നു പുന്നപ്ര വയലാര്‍ | വി.എം. ദേവദാസ് എഴുതുന്നു

ദേവദാസ് വി.എം.

പുന്നപ്ര-വയലാര്‍ പ്രക്ഷോഭത്തെക്കുറിച്ച് മലയാളി പൊതുബോധത്തില്‍ കുറെ തെറ്റിധാരണകളുണ്ടെന്ന് തോന്നുന്നു. പ്രക്ഷോഭത്തിനെതിരെ പ്രചരണം അഴിച്ചുവിടുന്നവര്‍ പറയുന്ന പലവിധ കിംവതന്തികളുണ്ട് – അതൊരു ക്രൈസ്തവകുടുംബത്തിലെ കല്യാണാലോചനയുമായി ബന്ധപ്പെട്ടതായിരുന്നു, മത്സ്യബന്ധനത്തിലെ തരകുമായി (ഇടനിലക്കാര്‍ക്ക് ലഭിക്കുന്ന ലഭിക്കുന്ന ലാഭവിഹിതം) ബന്ധപ്പെട്ടതായിരുന്നു – എന്നൊക്കെയാണവ.

അത്തരം കെട്ടുകഥകളൊക്കെ പോകട്ടെയെന്നുവെക്കാം, മറ്റൊരു ആരോപണം വാരിക്കുന്തവും വടികളുമൊക്കെയായി പട്ടാളത്തിനെതിരെ നീങ്ങിയ തൊഴിലാളികളെ കബളിപ്പിച്ച് നേതാക്കള്‍ ഒഴിഞ്ഞുമാറി എന്നതാണ്. ഇതിന്റെയൊക്കെ പുറകിലുള്ള മലയാളി പൊതുബോധചിത്രമെന്നത് മഹാ അബദ്ധമാണ്.

മൈതാനത്തിന്റെ ഒരുവശത്ത് പട്ടാളവും മറുവശത്ത് തൊഴിലാളികളും അണിനിരക്കുകയും, ബി.ആര്‍.ചോപ്രയുടെ മഹാഭാരതം ടെലിവിഷന്‍ സീരിയല്‍ പോലെ ഒരു കൂട്ടര്‍ ‘ആക്രമണ്‍..’ എന്നും മറുകൂട്ടര്‍ ‘സാവ്ധാന്‍…’ എന്നും ആക്രോശിച്ച് പടവെട്ടിയ ഒന്നല്ല പുന്നപ്ര-വയലാര്‍ പ്രക്ഷോഭം. വാസ്തവത്തിലത് ഒരൊറ്റ പ്രക്ഷോഭമല്ല, മറിച്ച് പലയിടങ്ങളിലായി നടന്ന പ്രതിഷേധങ്ങളുടെ ആകെത്തുകയാണ്. അതിന്റെ പുറകില്‍ ഒരുപാട് കാരണങ്ങളുമുണ്ട്.

ചെമ്പകശേരിയും കായംകുളവും കീഴടക്കിയ മാര്‍ത്താണ്ഡവര്‍മ്മയാണ് ആലപ്പുഴയെ തിരുവിതാംകൂറിനോട് ചേര്‍ത്തുകെട്ടുന്നത്. പിന്നെ ദിവാന്‍ രാജാകേശവദാസന്‍ അതിനെയൊരു തുറമുഖപട്ടണമാക്കാന്‍ ശ്രമം നടത്തി. വൈദേശികരുടെ ഭരണകാലത്ത് കായല്‍ത്തീരങ്ങളില്‍ ഒരുപാട് കമ്പനികള്‍ വന്നു. കൃഷിയില്‍ നിന്ന് മാറി ആളുകള്‍ക്ക് നിരവധി തൊഴിലവസരങ്ങളുണ്ടായി, ജന്മിയില്ലെങ്കിലും കൂലി കിട്ടുമെന്ന അവസ്ഥയുണ്ടായി, ആ കൂലിയിന്മേല്‍ തര്‍ക്കങ്ങളുണ്ടായി, അതു പരിഹരിക്കാന്‍ സംഘടനകളുണ്ടായി, അതിനെതിരെ അടിച്ചമര്‍ത്തലുകളുമുണ്ടായി.

കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് ചേരിക്കാര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടാക്കിയശേഷം നേരിട്ട് കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കുമിടയിലേക്കിറങ്ങി പ്രവര്‍ത്തിച്ചതോടെ ചൂഷണങ്ങള്‍ക്കെതിരെ ജാഥകളും യോഗങ്ങളും സമ്മേളനങ്ങളും സമരങ്ങളുമുണ്ടായി. കട്ടിക്കസവുള്ള തലപ്പാവ് ആവോളം വരിഞ്ഞുമുറുക്കിയിട്ടും തിരുവിതാംകൂറിന്റെ ദിവാനായ സി.പി രാമസ്വാമിക്ക് തലവേദനയൊഴിയാത്ത ദിവസങ്ങളായിരുന്നു ബാക്കിയായിരുന്നത്.

കയറുപിരിത്തൊഴിലാളികളുടെ കൂലിക്കുറവിനെതിരെ ആഹ്വാനം ചെയ്ത പണിമുടക്കില്‍ മറ്റുള്ളവരും സഹകരിച്ചതോടെ തൃക്കുന്നപ്പുഴ മുതല്‍ തൃശ്ശൂര്‍ വരെയുള്ള തൊഴില്‍ശാലകളേതാണ്ട് മുഴുവനായും സ്തംഭിച്ചു. ആ പ്രദേശത്തെ സകല ജന്മിമാരും മുതലാളിമാരും തലയില്‍ കൈവെച്ചിരുന്നുപോയൊരു കാലമായിരുന്നു അത്.

സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളില്‍ സര്‍ സി.പി. നിര്‍ദ്ദേശിച്ച അമേരിക്കന്‍ മോഡല്‍ ഭരണം അറബിക്കടലിലെറിയാനും, വോട്ടവകാശം ഏവര്‍ക്കും വേണമെന്നും, ജന്മിമുതലാളിത്തം അവസാനിക്കട്ടേയെന്നും മുദ്രാവാക്യങ്ങളുയര്‍ന്നതോടെ ആ നാടുമുഴുവന്‍ സായുധസേന നിരന്നു. തൊഴിലാളി സംഘടനകളുടെ ഓഫീസുകള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെട്ടു. പോലീസ് വീടുകളില്‍ക്കയറി കണ്ണില്‍ക്കണ്ടവരെയെല്ലാം പിടിച്ചുകൊണ്ടുപോയി.

കൂരയിലെയും പുരയിടത്തിലെയും ആടും മാടും കോഴിയുമൊക്കെ പട്ടാളക്യാമ്പിലെ തീറ്റയായി മാറി. അതിന് പട്ടാളത്തെ പൂര്‍ണ്ണമായും കുറ്റം പറഞ്ഞിട്ടും കാര്യമില്ല. തിരുവിതാംകൂറിന്റെ ഇങ്ങേയറ്റത്തേക്ക് സൈന്യവിന്യാസം നടത്താനും വേണ്ട സാമഗ്രികളെത്തിക്കാനും ദിവാനും കൂട്ടരും പ്രയാസപ്പെട്ടു, മാത്രമല്ല തൊഴിലാളികളതിന് തടസ്സവുമുണ്ടാക്കി. തല്‍ഫലമായി അറസ്റ്റുകളും പീഡനപരമ്പരകളുമുണ്ടായി.

സംഘര്‍ഷങ്ങളും വിലക്കുകളുമെല്ലാം കൂടിക്കൂടി വന്നതോടെ ആക്രമണത്തെ ചെറുക്കാനായി കര്‍ഷകത്തൊഴിലാളികളും ആയുധപരിശീലനത്തിലേര്‍പ്പെട്ടു. കവുങ്ങ് വെട്ടിക്കൂര്‍പ്പിച്ച വാരിക്കുന്തങ്ങളായിരുന്നു അവര്‍ക്കു തുണ. ഏതു നിമിഷവും കലാപം പൊട്ടിപ്പുറപ്പെടാമെന്ന് ഊഹിച്ച പട്ടാളകമാന്ററും, രക്തച്ചൊരിച്ചിലൊഴിവാക്കാനായി കമ്യൂണിസ്റ്റ് നേതാക്കളും അവസാന ഉപായമെന്ന നിലയില്‍ നടത്തിയ ചര്‍ച്ചയും നിര്‍ദ്ദേശങ്ങളുമൊക്കെ ദിവാന്‍ നിഷ്‌ക്കരുണം തള്ളി. അതും പോരാഞ്ഞ് സംഘടനകളെ നിരോധിച്ചുകൊണ്ട് ദിവാന്‍ അടിയന്തിരാവസ്ഥയും പ്രഖ്യാപിച്ചു.

ശേഷമുള്ള സംഭവങ്ങളൊക്കെ നൂറുകണക്കിന് ആളുകളുടെ ചോരകൊണ്ടാണ് കേരളത്തിന്റെ സമരചരിത്രത്തില്‍ അടയാളപ്പെടുത്തിയത്. പട്ടാളഭരണം പ്രഖ്യാപിച്ചുകൊണ്ട് ഹെലികോപ്ടറില്‍ വിതരണം ചെയ്ത നോട്ടീസുകള്‍ കോപാകുലരായ സമരക്കാരും നാട്ടുകാരുമൊക്കെ ചേര്‍ന്ന് കീറിയെറിഞ്ഞു കാറ്റില്‍ പറത്തി. പുന്നപ്രയിലെ തൊഴിലാളി ക്യാമ്പ് ആക്രമിച്ചു തകര്‍ത്തശേഷം യന്ത്രത്തോക്കുകളുമായി വയലാറിലേക്കു മാര്‍ച്ചുചെയ്തു തുടങ്ങിയ പട്ടാളനീക്കത്തെ ചെറുക്കാനായി മുഹമ്മയിലെ കലുങ്കുകളും മാരാരിക്കുളത്തെ പാലങ്ങളും പ്രക്ഷോഭകാരികള്‍ പൊളിച്ചുകളയാന്‍ ശ്രമിച്ചു.

ഒരു സ്ഥലത്തല്ല, ഒരു മൈതാനത്തിന്റെ അങ്ങേപ്പുറമിങ്ങേപ്പുറമായിട്ടല്ല സായുധാക്രമണമുണ്ടായത്. പുന്നപ്രയിലും കാട്ടൂരും മാരാരിക്കുളത്തും മേനാശ്ശേരിയിലും വയലാറിലും ഒളതലയിലുമൊക്കെ ആക്രമണങ്ങളും വെടിവെപ്പുമുണ്ടായി. വിവാദങ്ങള്‍ക്കൊക്കെയപ്പുറത്ത്, പൊതുബോധചിത്രത്തെ മാറ്റിവെച്ചുകൊണ്ട് പുന്നപ്ര-വയലാര്‍ പ്രക്ഷോഭമെന്ന സങ്കീര്‍ണ്ണവിഷയത്തെ അറിയാനും മനസ്സിലാക്കാനും കുറച്ചുകൂടി ശ്രമം ആവശ്യമാണെന്ന് തോന്നുന്നു.

Content Highlight: What was Punnapra Vayalar Incident – Devedas VM writes

ദേവദാസ് വി.എം.

We use cookies to give you the best possible experience. Learn more