മെസേജിങ് ആപ്ലിക്കേഷന്‍ എന്നതിനപ്പുറം പേഴ്‌സണല്‍ അസിസ്റ്റന്റ് എന്ന നിലയിലും ഉപകരിക്കുന്നതാണ് അലോ.
ന്യൂദല്‍ഹി: വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്ലിക്കേഷനുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി ഗൂഗിള്‍ പുതിയ മെസേജിങ് ആപ്പ് പുറത്തിറക്കി. അലോ എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് കമ്പനി അറിയിച്ചു.
മെസേജിങ് ആപ്ലിക്കേഷന്‍ എന്നതിനപ്പുറം പേഴ്‌സണല്‍ അസിസ്റ്റന്റ് എന്ന നിലയിലും ഉപകരിക്കുന്നതാണ് അലോ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കരുത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. സ്മാര്‍ട്ട് റിപ്ലൈ, ഫോട്ടോ ഷെയറിങ്, ഇമോജികള്‍, സ്റ്റിക്കറുകള്‍ എന്നിവ അലോയിലുണ്ട്.
ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കുന്നതിന് 200ല്‍ അധികം ഇന്ത്യന്‍ കലാകാരന്മാരുടെ സ്റ്റിക്കറുകളും ആപ്പിലുണ്ട്. ഈ വര്‍ഷം മെയ് മാസത്തിലാണ് ഗൂഗിള്‍ അലോ പ്രഖ്യാപിച്ചത്. ഉപയോക്താക്കളുടെ സംഭാഷണങ്ങള്‍ മുറിയാതെ സംരക്ഷിക്കുക എന്നതാണ് അലോ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഗൂഗിള്‍ പ്രോഡക്ട് മാനേജര്‍ അമിത് ഫുലേ പറഞ്ഞു.
ഇന്ന് മെസേജിങ് ആപ്ലിക്കേഷനുകള്‍ വ്യാപകമായി നമ്മള്‍ ഉപയോഗിക്കുന്നുണ്ട്. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമുള്ള സൗഹൃദം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. പക്ഷേ മിക്കപ്പോഴും നമ്മുടെ സംഭാഷണങ്ങള്‍ക്ക് തടസ്സം വരുന്നു. റസ്റ്റോറന്റ് അന്വേഷിക്കുമ്പോഴോ, ഫ്‌ളൈറ്റ് സ്റ്റാറ്റസ് നോക്കുമ്പോഴോ സംഭാഷണങ്ങള്‍ മുറിയുന്നു. ഇതിന് ഉത്തമ പരിഹാരമായിരിക്കും അലോ എന്നും അമിത് ഫുലേ കൂട്ടിച്ചേര്‍ത്തു.
ഗൂഗിളിള്‍ നേരത്തെ പുറത്തിറക്കിയ വീഡിയോ കോളിങ് ആപ്പായ ഡുവോയുടെ മെസഞ്ചര്‍ പതിപ്പാണ് അലോ. രൂപകല്‍പ്പനയിലും ഫീച്ചറുകളിലും ഏതാണ്ട് വാട്ട്‌സ്ആപ്പിന് സമാനമാണ് അലോ. 2016 മെയ് മാസത്തിലാണ് ഗൂഗിള്‍ അലോയും ഡുവോയും പുറത്തിറക്കുന്ന കാര്യം പ്രഖ്യാപിച്ചിരുന്നത്. ഓഗസ്റ്റ് 16ന് ഡുവോ അവതരിപ്പിച്ചു. ഇതിനുപിന്നാലെയാണ് അലോ അവതരിപ്പിച്ചിരിക്കുന്നത്.
സ്മാര്‍ട്ട് മേസേജിങ് ആപ്പ് എന്നാണ് അലോയെക്കുറിച്ച് ഗൂഗിള്‍ പറയുന്നത്. ചാറ്റിങ്ങിന് പുറമെ പല കാര്യങ്ങളും ആപ്പിലൂടെ നടക്കും.