നോര്‍ക്കയുടെ ലോണ്‍ ലഭിക്കുന്നതിന് എന്തുചെയ്യണം?
N.R.I LEGAL CORNER
നോര്‍ക്കയുടെ ലോണ്‍ ലഭിക്കുന്നതിന് എന്തുചെയ്യണം?
ആര്‍.മുരളീധരന്‍
Wednesday, 27th December 2023, 1:07 pm

പ്രവാസികളായ വായനക്കാരുടെ സംശയങ്ങള്‍ക്ക് എന്‍.ആര്‍.ഐ വിഷയങ്ങളിലെ നിയമ വിദഗ്ധന്‍ അഡ്വ. മുരളീധരന്‍. ആര്‍  മറുപടി നല്‍കുന്നു. ചോദ്യങ്ങള്‍ താഴെ നല്‍കിയിരിക്കുന്ന ഇമെയില്‍ വിലാസത്തില്‍ അയക്കാം

Email: info@nrklegal.com


ചോദ്യം: നോര്‍ക്കയുടെ ലോണ്‍ ലഭിക്കുന്നതിന് എന്തുചെയ്യണം?

ഞാന്‍ കഴിഞ്ഞ 22 വര്‍ഷങ്ങളായി ദോഹയിലെ ഒരു സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു. അധികം വൈകാതെ ഈ ജോലി അവസാനിപ്പിച്ച് നാട്ടില്‍വന്ന് ഒരു ഡയറിഫാം തുടങ്ങണമെന്നാണ് ആഗ്രഹം. കയ്യിലുള്ള നീക്കിയിരിപ്പ് തുകക്ക് ഒരു ഫാം തുടങ്ങാന്‍ കഴിയില്ലെന്നാണ് അറിയുന്നത്. കുറച്ചുതുകകൂടി ലോണ്‍ എടുക്കണം. നോര്‍ക്കക്ക് ഒരു ലോണ്‍ സ്‌കീം ഉള്ളതായി അറിയുന്നു. അവര്‍ക്ക് എന്നെ സഹായിക്കാനാവുമോ? എങ്കില്‍ എങ്ങനെയാണ് അവരെ സമീപിക്കേണ്ടത്?

ജോസഫ് ജോര്‍ജ്ജ്, ദോഹ (ഖത്തര്‍)

ഉത്തരം: നോര്‍ക്കയുടെ NDPREM (Norka Department Project for Returned Emigrants) പദ്ധതിവഴി 30 ലക്ഷം രൂപവരെ നിങ്ങള്‍ക്ക് ലോണ്‍ എടുക്കാനാവും. ഇതിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി ഒന്നര ലക്ഷം രൂപ) 3 ശതമാനം പലിശ ഇളവും കിട്ടും. കേന്ദ്രസര്‍ക്കാരിന്റെ ഉദ്യം (Udyam) രജിസ്ട്രേഷന്‍ കൂടി എടുക്കുകയാണെങ്കില്‍ പലിശനിരക്ക് വളരെ കുറഞ്ഞിരിക്കും. മാത്രമല്ല, 10 ലക്ഷം വരെയുള്ള ലോണിന് ഈടും കൊടുക്കേണ്ടതില്ല.

NDPREM ലോണിന് നോര്‍ക്ക റൂട്‌സ് വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. സ്വയം തയ്യാറാക്കിയ ഒരു ചെറിയ പ്രോജക്റ്റ് റിപ്പോര്‍ട്ട് , പാസ്‌പോര്‍ട്ട്-വിസ പേജുകളും ഫോട്ടോഗ്രാഫും അപ്ലോഡ് ചെയ്യണം. NDPREM ലോണ്‍ പദ്ധതിയുടെ ഏതെങ്കിലുമൊരു പാര്‍ട്ട്ണര്‍ ബാങ്കുകളില്‍നിന്നോ ധനകാര്യസ്ഥാപനങ്ങളില്‍നിന്നോ ലോണ്‍ ലഭ്യമാകുമെന്ന ഉറപ്പുകിട്ടിയാല്‍ മൊത്തം രേഖകളും ആ സ്ഥാപനത്തില്‍ NORKA അയക്കുകയും സാധാരണ ലോണ്‍ പോലെ പ്രോസസ്സ് ചെയ്യുകയും ചെയ്യും.

വിശദമായ ഒരു പ്രോജക്റ്റ് റിപ്പോര്‍ട്ട് നോര്‍ക്കയുടെ ഒരു അസ്സോസിയേറ്റ് സ്ഥാപനമായ CMD (Centre for Management Development)-യില്‍ നിന്നും സൗജന്യമായി ചെയ്ത് ലോണ്‍ തരാമെന്നേറ്റ ബാങ്കിലേക്ക്/സ്ഥാപനത്തിലേക്ക് അയക്കുകയും ചെയ്യും. ലോണ്‍ അനുവദിച്ചു അധികം വൈകാതെതന്നെ 15 ശതമാനം സബ്സിഡി തുക ലോണ്‍ നല്‍കിയ സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ എത്തുകയും ലോണ്‍ കാലാവധിയുടെ അവസാനം നിങ്ങള്‍ക്ക് ലഭ്യമാവുകയും ചെയ്യും. മാസവരി കൃത്യമായി അടക്കുന്നവര്‍ക്ക് 3 ശതമാനം സബ്സിഡിയും ലഭിക്കും. NDPREM ലോണിന് അപേക്ഷിക്കുന്നത് നിങ്ങള്‍ നാട്ടില്‍ മടങ്ങിവന്നതിനുശേഷം മാത്രമേ കഴിയുകയുള്ളു.

NDPREM വഴിയുള്ള ലോണ്‍ ലഭിക്കുന്നതിന് താഴെപ്പറയുന്ന ബാങ്കുകളെയും ധനകാര്യസ്ഥാപനങ്ങളെയും സമീപിക്കാവുന്നതാണ്

State Bank of India
Canara Bank
Bank of Kerala
Bank of Baroda
Federal Bank
South Indian Bank
Indian Overseas Bank
Union Bank of India
Bank of India
UCO Bank
Dhanalakshmi Bank
Kerala State Cooperative Agricultural Rural Development Bank
Kerala Financial Corporation
Kerala State Backward Development Corporation
Kerala State SC / ST Corporation
Kerala State Women Development Corporation
Kerala State Pravasi Welfare Development Cooperative Society Limited (Malappuram).
Travancore Expatriate Development Cooperative Society (Thiruvananthapuram)


അഡ്വ. മുരളീധരന്‍. ആര്‍
+919562916653
info@nrklegal.com
www.nrklegal.com 


എന്‍.ആര്‍.ഐ ലീഗല്‍ കോര്‍ണറില്‍ നേരത്തെ പ്രസിദ്ധീകരിച്ചവ ഇവിടെ വായിക്കാം

content highlights: What to do to get norka Loan?

ആര്‍.മുരളീധരന്‍
ദീര്‍ഘകാലം പ്രവാസി, ഇപ്പോള്‍ അഭിഭാഷകനായി ജോലി ചെയ്യുന്നു