'പാശ്ചാത്യരായ നമ്മള്‍ ഇസ്‌ലാമിക പണ്ഡിതരോട് കടപ്പെട്ടിരിക്കുന്നു'; ബ്രിട്ടന്റെ ചാള്‍സ് രാജാവ് ഇസ്‌ലാമിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍
World News
'പാശ്ചാത്യരായ നമ്മള്‍ ഇസ്‌ലാമിക പണ്ഡിതരോട് കടപ്പെട്ടിരിക്കുന്നു'; ബ്രിട്ടന്റെ ചാള്‍സ് രാജാവ് ഇസ്‌ലാമിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th September 2022, 6:12 pm

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ബ്രിട്ടന്റെ പുതിയ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റിരിക്കുകയാണ്. എലിസബത്ത് രാജ്ഞിയുടേയോ മരിച്ചുപോയ ഡയാന രാജകുമാരിയുടെയോ തന്റെ മക്കളായ വില്യമിന്റെയോ ഹാരിയുടെയോ അത്ര ‘ജനപ്രിയത’ ഇല്ലാത്ത ചാള്‍സിന്റെ സ്ഥാനാരോഹണത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.

എലിസബത്ത് രാജ്ഞിയുടെ അന്ത്യത്തോടെ ജനാധിപത്യ വിരുദ്ധമായ രാജവാഴ്ച അവസാനിപ്പിക്കണമെന്നും അഭിപ്രായമുയരുന്നുണ്ട്.

വിമര്‍ശനങ്ങളുയരുമ്പോള്‍ തന്നെ ചാള്‍സ് മുമ്പ് ചെയ്ത പല കാര്യങ്ങളും, ഉയര്‍ത്തിപ്പിടിച്ച അഭിപ്രായങ്ങളും ഇപ്പോള്‍ ചര്‍ച്ചയിലേക്ക് വരുന്നുണ്ട്. അതിലൊന്നാണ് ഇസ്‌ലാമിനെ കുറിച്ചുള്ള ചാള്‍സിന്റെ വീക്ഷണങ്ങളും നിലപാടുകളും.

ബ്രിട്ടനിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും മുസ്‌ലിങ്ങള്‍ ന്യൂനപക്ഷങ്ങളാണെന്നിരിക്കെ, ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങളില്‍ ഇസ്‌ലാമോഫോബിക്കായ, മുസ്‌ലിങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇസ്‌ലാമിക വീക്ഷണങ്ങളെ ബഹുമാനത്തോടെ കണ്ടുകൊണ്ടുള്ള ചാള്‍സിന്റെ നിലപാടുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും വാദിക്കാറുള്ള ചാള്‍സ് ഈ വിഷയത്തില്‍ ഇസ്‌ലാമിക ദൈവശാസ്ത്രവും ഉള്‍പ്പെടുത്തി സംസാരിക്കുമായിരുന്നു.

1996ല്‍ ‘എ സെന്‍സ് ഓഫ് ദി സേക്രഡ്; ബില്‍ഡിങ് ബ്രിഡ്ജസ് ബിറ്റ്‌വീന്‍ ഇസ്‌ലാം ആന്‍ഡ് ദ വെസ്റ്റ്’ (A Sense of the Sacred: Building Bridges Between Islam and the West) എന്ന വിഷയത്തില്‍ നടത്തിയ ഒരു പ്രസംഗത്തില്‍, പ്രകൃതി ക്രമത്തെക്കുറിച്ചുള്ള ഇസ്‌ലാമിക വീക്ഷണങ്ങളെ കുറിച്ച് ചാള്‍സ് സംസാരിക്കുന്നുണ്ട്.

‘പ്രകൃതി ക്രമത്തെക്കുറിച്ചുള്ള ഇസ്‌ലാമിക വീക്ഷണം, കൂടുതല്‍ നല്ല കാര്യങ്ങള്‍ക്ക് വേണ്ടി പുനര്‍വിചിന്തനം ചെയ്യാന്‍ നമ്മള്‍ പാശ്ചാത്യരെ സഹായിക്കും, നമ്മുടെ പ്രായോഗിക കാര്യനിര്‍വഹണത്തെ സഹായിക്കും,” എന്നായിരുന്നു ചാള്‍സ് അന്ന് പറഞ്ഞിരുന്നത്.

മനുഷ്യരാശിയില്‍ ലഭ്യമായ വിജ്ഞാനത്തിന്റെ ഏറ്റവും വലിയ നിധികളിലൊന്ന് ഇസ്‌ലാമിന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

1,200 വര്‍ഷങ്ങള്‍ക്ക്മുമ്പത്തെ സ്‌പെയിനിലെ ജലസേചന സംവിധാനങ്ങള്‍ ഉള്‍പ്പെടെ, ഇസ്‌ലാമിക നഗരാസൂത്രണത്തിന്റെ ഉദാഹരണങ്ങളും അദ്ദേഹം പലതവണ പരാമര്‍ശിച്ചിട്ടുണ്ട്.

മാത്രമല്ല ചാള്‍സ് മൂന്നാമന്റെ ഗ്ലൗസെസ്റ്റര്‍ഷെയറിലെ (Gloucestershire) വസതിയിലെ പൂന്തോട്ടം ഇസ്‌ലാമിക പാരമ്പര്യങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഉണ്ടാക്കിയതാണെന്നും അതിലെ ചെടികള്‍ ഖുര്‍ആനില്‍ പരാമര്‍ശിച്ചിരിക്കുന്നവയുമാണെന്നും മിഡില്‍ ഈസ്റ്റ് ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2006ല്‍, ഈജിപ്തിലെ കെയ്‌റോയിലെ അല്‍- അസ്ഹര്‍ സര്‍വകലാശാല (Al-Azhar University) സന്ദര്‍ശിച്ച സമയത്ത്, പ്രവാചകന്‍ മുഹമ്മദിനെ കളിയാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച ഡാനിഷ് കാര്‍ട്ടൂണുകളെ അദ്ദേഹം വിമര്‍ശിച്ചിരുന്നു.

”ഒരു പരിഷ്‌കൃത സമൂഹത്തിന്റെ യഥാര്‍ത്ഥ അടയാളം അത് ന്യൂനപക്ഷങ്ങള്‍ക്കും അപരിചിതര്‍ക്കും നല്‍കുന്ന ബഹുമാനമാണ്,” എന്നായിരുന്നു ചാള്‍സ് അന്ന് പറഞ്ഞത്.

ദ സാത്താനിക് വേഴ്‌സസിന്റെ (The Satanic Verses) പ്രസിദ്ധീകരണത്തിന് പിന്നാലെ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ പിന്തുണക്കുന്നതില്‍ നിന്നും ചാള്‍സ് മൂന്നാമന്‍ വിട്ടുനിന്നിരുന്നു.

പാശ്ചാത്യ രാജ്യങ്ങളിലുള്ളവര്‍ ഇസ്‌ലാമിനെ കൂടുതല്‍ മനസിലാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും 1993ലെ ഒരു പ്രസംഗത്തില്‍ കിങ് ചാള്‍സ് പരാമര്‍ശിച്ചിരുന്നു.

2013ല്‍ ലണ്ടനിലെ വേള്‍ഡ് ഇസ്‌ലാമിക് ഇക്കണോമിക് ഫോറത്തില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍, ഇസ്‌ലാമിക് ഫിനാന്‍സിനെക്കുറിച്ചുള്ള തന്റെ പരന്ന അറിവ് പ്രകടിപ്പിച്ച ചാള്‍സ് മൂന്നാമന്‍, ആഗോള സാമ്പത്തിക വിപണിയില്‍ അത് കൊണ്ടുവരാവുന്ന നേട്ടങ്ങളെ കുറിച്ചും സംസാരിച്ചിരുന്നു.

സയന്‍സ്, ആര്‍ട്സ്, അക്കാദമിക് മേഖലകളില്‍ മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ളവര്‍ നല്‍കിയ സംഭാവനകളെ കുറിച്ചും അദ്ദേഹം നിരന്തരം സംസാരിക്കാറുണ്ട്.

”പാശ്ചാത്യരായ നമ്മള്‍ ഇസ്‌ലാമിക പണ്ഡിതന്മാരോട് കടപ്പെട്ടിരിക്കുന്നുവെന്ന് നാം ഓര്‍ക്കേണ്ടതുണ്ട്,” എന്നായിരുന്നു 2006ല്‍ ചാള്‍സ് പറഞ്ഞത്.

ചില പാശ്ചാത്യ രാജ്യങ്ങളെ പോലും മറികടന്നുകൊണ്ട് മുസ്‌ലിം രാജ്യങ്ങള്‍ നടത്തുന്ന സ്ത്രീകളുടെ അവകാശ മുന്നേറ്റങ്ങളെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്.

ഇതിനിടെ, ചാള്‍സ് രഹസ്യമായി മുസ്‌ലിമായി ജീവിക്കുന്നുണ്ടെന്ന് 1996ല്‍ ഗ്രാന്‍ഡ് മുഫ്തി ഓഫ് സൈപ്രസ് (grand mufti of Cyprus) ആരോപിച്ചിരുന്നു.

”ചാള്‍സ് രാജകുമാരന്‍ ഇസ്‌ലാം മതം സ്വീകരിച്ചുവെന്ന കാര്യം നിങ്ങള്‍ക്കറിയാമോ. അതെ, അദ്ദേഹം ഒരു മുസ്‌ലിമാണ്.

കൂടുതലൊന്നും പറയാന്‍ എനിക്ക് കഴിയില്ല. പക്ഷേ അത് തുര്‍ക്കിയില്‍ സംഭവിച്ചു,” എന്നായിരുന്നു അന്തരിച്ച നാസിം അല്‍- ഹഖാനി അന്ന് പറഞ്ഞത് എന്നാണ് റയ്ഹാന്‍ ഉദ്ദിന്‍ മിഡില്‍ ഈസ്റ്റ് ഐയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്.

Content Highlight: What the new British monarch King Charles III said about Islam and Muslims