ഗവര്‍ണറുടെ അധികാരം എന്താണെന്ന് ഉടനറിയും; സര്‍ക്കാറിനെ വെല്ലുവിളിച്ച് ആരിഫ് മുഹമ്മദ് ഖാന്‍
Kerala News
ഗവര്‍ണറുടെ അധികാരം എന്താണെന്ന് ഉടനറിയും; സര്‍ക്കാറിനെ വെല്ലുവിളിച്ച് ആരിഫ് മുഹമ്മദ് ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th October 2024, 7:22 pm

തിരുവനന്തപുരം: തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാറിനെ വെല്ലുവിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും ഗവര്‍ണറുടെ അധികാരമെന്താണെന്ന് അപ്പോള്‍ അറിയാമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

ദി ഹിന്ദു ദിനപത്രത്തില്‍ വന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങളില്‍ വിശദീകരണം തേടിയ ഗവര്‍ണറുടെ കത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ വിയോജിപ്പറിയിച്ച് കൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ മറുപടിയില്‍ വിശ്വാസമില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

പി.ആര്‍.ഏജന്‍സിയാണ് അഭിമുഖം തയ്യാറാക്കിയതെന്നാണ് പത്രം പറയുന്നത്, എന്നാല്‍ മുഖ്യമന്ത്രി അത് നിഷേധിക്കുന്നു. താന്‍ ആരെയാണ് വിശ്വസിക്കേണ്ടത് എന്നും ഗവര്‍ണര്‍ ചോദിക്കുന്നു. സംസ്ഥാനത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ സംസ്ഥാനത്തിന്റെ ചീഫ് എന്ന നിലയില്‍ താന്‍ അത് അറിയേണ്ടതുണ്ടെന്നും എന്നാല്‍ അതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി തെറ്റായ മറുപടികളാണ് നല്‍കുന്നതെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ ദി ഹിന്ദു ദിനപത്രങ്ങളിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച വിശദീകരണങ്ങള്‍ നല്‍കാനായി ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ചത്. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥരെ വിളിപ്പിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് കാണിച്ച് സര്‍ക്കാര്‍ രാജ്ഭവന് മറുപടി നല്‍കുകയായിരുന്നു.

ഇതിന് മറുപടിയായി മുഖ്യമന്ത്രിക്ക് എന്തോ മറയ്ക്കാനുണ്ടെന്നും ചട്ടങ്ങള്‍ പറഞ്ഞ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ മറയ്ക്കാനാകില്ലെന്നും പറഞ്ഞ് രാജ്ഭവന്‍ വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഭരണഘടപരമായ തന്റെ ഉത്തരവാദിത്തമാണ് താന്‍ നിര്‍വഹിക്കുന്നതെന്നും ഈ കത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ ഈ കത്തിന് ഇന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

തന്റെ അഭിമുഖത്തില്‍ താന്‍ ദേശവിരുദ്ധ പ്രവര്‍ത്തനം എന്ന് പറഞ്ഞിട്ടില്ലെന്നും ദി ഹിന്ദു ദിനപത്രം തന്നെ അത് നിഷേധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ പറഞ്ഞു. മാത്രവുമല്ല, മുഖ്യമന്ത്രിക്ക് എന്തോ മറയ്ക്കാനുണ്ടെന്ന ഗവര്‍ണറുടെ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി വിയോജിപ്പ് അറിയിക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് ഇപ്പോള്‍ സര്‍ക്കാറിനെ വെല്ലുവിളിച്ചുകൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയിരിക്കുന്നത്.

content highlights: What the Governor’s powers are will be immediately known; Arif Mohammad Khan challenged the government