മുംബൈ: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കുന്നത് ഭക്തരെ ബോധ്യപ്പെടുത്തിക്കൊണ്ടാകണമെന്ന് ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. സുപ്രീംകോടതി വിധി ശരിയാണ്. അതേസമയം അമിത് ഷാ പറഞ്ഞതും ശരിയാണെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
മഹാരാഷ്ട്രയിലെ ശനി ക്ഷേത്രത്തില്‍ സ്ത്രീപ്രവേശനം അനുവദിച്ചുള്ള മുംബൈ ഹൈക്കോടതി വിധിയെ ബി.ജെ.പി സര്‍ക്കാര്‍ നടപ്പിലാക്കുമ്പോള്‍ കേരളത്തില്‍ ഇടതുസര്‍ക്കാരായത് കൊണ്ടല്ലേ പ്രതിഷേധമുണ്ടാക്കുന്നത് എന്ന ആരോപണത്തെ തള്ളിക്കൊണ്ടാണ് ദേവേന്ദ്ര ഫട്‌നാവിസ് സംസാരിച്ചത്.
“ഇടതുപക്ഷ സര്‍ക്കാരുമായി ഇതിന് ബന്ധമില്ല, ഒരു സര്‍ക്കാരുകള്‍ക്കും ഒന്നും ചെയ്യാനില്ല. ജനങ്ങളാണ് കാര്യം. ഒരു ദിവസം കൊണ്ട് ആളുകളെ മാറ്റാന്‍ ശ്രമിച്ചാല്‍ അതു സാധ്യമാവില്ല. സുപ്രീംകോടതി പറഞ്ഞത് ശരിയാണ്. പക്ഷെ അമിത് ഷാ പറഞ്ഞതും ശരിയാണ്” ദേവേന്ദ്ര ഫട് നാവിസ് പറഞ്ഞു.
മഹാരാഷ്ട്രയില്‍ ശനിക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനായത് ആളുകളെ ബോധ്യപ്പെടുത്തിയത് കൊണ്ടാണെന്ന് ഫട്‌നാവിസ് പറഞ്ഞു. ശിനി ശിംഗ്‌നാപ്പൂരില്‍ ഇപ്പോഴും സ്ത്രീകളെ കയറാത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ശനി ക്ഷേത്രമല്ലെന്നും സ്ത്രീകളെ ഒരു പാറയുടെ മുകളില്‍ കയറ്റുന്ന പ്രശ്‌നമായിരുന്നുവെന്നും ഫ്ട്‌നാവിസ് പറഞ്ഞു.
സുപ്രീംകോടതി വിധി ഭരണഘടനയ്ക്ക് അനുസരിച്ചുള്ളതാണെന്നും എന്നാല്‍ ആളുകളുടെ വിശ്വാസത്തിലും ചില കാര്യങ്ങളുണ്ടെന്നും ആളുകളില്‍ മാറ്റം വരാന്‍ സമയമെടുക്കുമെന്നും ഫ്ട്‌നാവിസ് പറഞ്ഞു.
ശനി ശിംഗ്‌നാപ്പൂരില്‍ സ്ത്രീകള്‍ക്ക് വിലക്കില്ലെന്ന് ആളുകളെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ജനങ്ങളത് അംഗീകരിച്ചു. കോടതിവിധിയും ജനങ്ങളുടെ വികാരവും മാനിക്കപ്പെട്ടു. ശബരിമലയിലും കോടതിവിധിയും ആളുകളുടെ വികാരവും ഒന്നിച്ചു കൊണ്ടുപോകുന്നതിനുള്ള ഒരു മാര്‍ഗം കണ്ടെത്തണം ഫട്‌നാവിസ് പറഞ്ഞു.
ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുപ്രീംകോടതി വിധി ആചാരലംഘനമല്ലെന്ന് വ്യക്തമാക്കുന്ന ഫട്‌നാവിസിന്റെ പ്രതികരണം.