| Wednesday, 6th November 2019, 1:39 pm

മഹാരാഷ്ട്രയിലെ സുവര്‍ണാവസരം കോണ്‍ഗ്രസ് നഷ്ടപ്പെടുത്തുന്നത് എന്തുകൊണ്ട്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെരഞ്ഞെടുപ്പ് ഫലം വന്ന് 12 ദിവസങ്ങള്‍ക്ക് ശേഷവും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി- ശിവസേനാ സഖ്യത്തിനായിട്ടില്ല. ബി.ജെ.പിയെ കൂടെക്കൂട്ടിയും അല്ലാതെയും സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേന തയ്യാറാണ്. എന്നാല്‍ മറുപക്ഷത്തുള്ള എന്‍.സി.പി- കോണ്‍ഗ്രസ് സഖ്യം ശിവസേനയുമായി അടുക്കുന്നില്ല എന്നതാണ് പ്രശ്‌നം.

ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന സഖ്യം എന്തുകൊണ്ടാണ് മഹാരാഷ്ട്രയില്‍ അതിനായി ശ്രമിക്കാത്തത്. സഖ്യത്തിനായി ശിവസേന ആവര്‍ത്തിച്ച് ശ്രമിക്കുമ്പോഴും എന്തുകൊണ്ടാണ് കോണ്‍ഗ്രസും എന്‍.സി.പിയും മുഖം തിരിഞ്ഞുനില്‍ക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഭരിക്കാനാവശ്യമായ സീറ്റില്ലാതിരുന്നിട്ടും കര്‍ണാടകയില്‍ അവസാന നിമിഷം ജെ.ഡി.എസുമായി ചേര്‍ന്ന് ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ഒരു വര്‍ഷത്തിനുശേഷം ബി.ജെ.പിയ്ക്ക് മുന്നില്‍ കീഴടങ്ങുകയും ചെയ്തത് കോണ്‍ഗ്രസിനെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. അത് തന്നെയാണ് ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസിനെ പിന്തിരിപ്പിക്കുന്ന പ്രധാനകാരണം.

മഹാരാഷ്ട്രയിലേതിന് സമാനമായി ബി.ജെ.പി തന്നെയായിരുന്നു കര്‍ണാടകയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പരസ്പരം മത്സരിച്ച ജെ.ഡി.എസും കോണ്‍ഗ്രസും ഫലത്തിന് ശേഷം സഖ്യം ചേര്‍ന്നതോടെ ബി.ജെ.പി പ്രതിപക്ഷത്തായി.

അന്ന് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിയായിരുന്നു ഈ നീക്കത്തിന് പിന്നില്‍. എന്നാല്‍ സഖ്യസര്‍ക്കാര്‍ 13 മാസം കൊണ്ട് താഴെ വീണതോടെ രാഹുലിന്റെ ഈ കൗശലം മഹാരാഷ്ട്രയില്‍ പ്രയോഗിക്കേണ്ട എന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഹരിയാനയിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് പിന്നോട്ട് പോയത് ഇക്കാരണത്താലാണ്.

സര്‍ക്കാര്‍ രൂപീകരണത്തിനായി ചരടുവലി നടത്തുന്ന ശിവസേനയുടെ ഉള്ളിലിരിപ്പെന്താണെന്ന കാര്യത്തില്‍ കോണ്‍ഗ്രസിനും എന്‍.സി.പിയ്ക്കും ഇപ്പോഴും വ്യക്തതയില്ല എന്നതാണ് രണ്ടാമത്തെ കാര്യം. ഇടഞ്ഞുനില്‍ക്കുമ്പോഴും ബി.ജെ.പിയുമായുള്ള സഖ്യം ശിവസേന ഇതുവരെ ഒഴിവാക്കിയിട്ടില്ല.

കേവല ധാരണയുടെ പുറത്ത് ഒരുപക്ഷെ ഇരുകൂട്ടരും തമ്മില്‍ ഒത്തുതീര്‍പ്പിനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പ്രശ്‌നപരിഹാരത്തിനായി നിതിന്‍ ഗഡ്കരിയെ നിയോഗിക്കണമെന്ന് ആര്‍.എസ്.എസിനോട് ശിവസേന ആവശ്യപ്പെട്ടതും ഇതുകൊണ്ടാണ്.

ഹിന്ദുത്വ എന്ന ആശയം പേറുന്നവര്‍ തന്നെയാണ് ശിവസേന എന്നതാണ് കോണ്‍ഗ്രസ് പിന്തുണയെ പിന്നോട്ടുവലിക്കുന്ന മൂന്നാമത്തെ കാരണം. ബി.ജെ.പിയുമായി സഖ്യത്തിലുള്ള ഏക ഹിന്ദുത്വ പാര്‍ട്ടിയും ശിവസേനയാണ്. നിതീഷ് കുമാറിന്റെ ജെ.ഡി.യുവും രാംവിലാസ് പാസ്വാന്റെ എല്‍.ജെ.പിയും സുഖ്ഭീര്‍ സിംഗ് ബാദലിന്റെ ശിരോമണി അകാലിദളുമൊന്നും ഹിന്ദുത്വ ബ്രാന്‍ഡ് അടിസ്ഥാനമാക്കിയല്ല തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ബി.ജെ.പിയുടെ ഹിന്ദുത്വയെ എതിര്‍ക്കാന്‍ ശിവസേനയുടെ ഹിന്ദുത്വയെ പിന്തുണയ്ക്കുന്നത് എന്തിനാണെന്ന് കോണ്‍ഗ്രസിന് വിശദീകരിക്കേണ്ടിവരും. എന്‍.സി.പി-ശിവസേന സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്നതില്‍ നിന്നുപോലും കോണ്‍ഗ്രസിനെ പിന്തിരിപ്പിക്കുന്നത് ഈ ഘടകമാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മുസ്ലീം ഭൂരിപക്ഷമേഖലയില്‍ ലഭിച്ച മേല്‍ക്കോയ്മ നഷ്ടപ്പെടാനും ഇത് കാരണമായേക്കും.

മഹാരാഷ്ട്ര ബി.ജെ.പിയ്ക്ക് നഷ്ടമാക്കണോ അതോ സ്വന്തം മതേതര മുഖം നഷ്ടപ്പെടുത്താതെ നോക്കണോ എന്നാണ് കോണ്‍ഗ്രസും എന്‍.സി.പിയും ആലോചിക്കുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more