സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി
പത്മനാഭസ്വാമിക്ഷേത്രം ചരിത്രപ്രസിദ്ധമാണ്. തിരുവിതാംകൂര്‍ രാജവംശത്തിന്റെ കുലദൈവതം എന്നതാണ് അല്ലാതെ മുഴുവന്‍ ഹിന്ദുക്കളുടേയും ദൈവം എന്നതല്ല പത്മനാഭസ്വാമിയുടെ ചരിത്രപ്രസക്തിക്ക് ആധാരം. ക്ഷേത്രപ്രവേശനവിളംബരത്തിനു തൊട്ടുമുമ്പുവരെ പത്മനാഭസ്വാമിയോ അവിടുത്തെ ക്ഷേത്രമോ മുഴുവന്‍ ഹിന്ദുക്കളുടേതുമായിരുന്നില്ല എന്നതു ഒരു ചരിത്രവസ്തുതമാത്രമാണ്. എങ്കിലും, ക്ഷേത്രപ്രവേശനവിളംബരത്തിനുശേഷം തമിഴ് ശില്പതന്ത്രത്തിന്റെ കലാവടിവുകള്‍ നിറഞ്ഞക്ഷേത്രം കേരളീയര്‍ക്ക് കൗതുകകരമായ ഒരു അനുഭവമായി ശ്രദ്ധേയമായി തീര്‍ന്നു.
അനന്തശയനനായ വിഷ്ണുഭഗവാന്‍ ആരാധ്യമൂര്‍ത്തിയായ ക്ഷേത്രങ്ങള്‍ അപൂര്‍വ്വമാണെന്നതും പത്മനാഭസ്വാമിക്ഷേത്രത്തെ സവിശേഷമാക്കുന്ന ഘടകമാണ്. ഭഗവാനെ ഇരുത്തിയും നിര്‍ത്തിയും പൂജിക്കുന്നതു പതിവാണെങ്കിലും കിടന്നകിടപ്പില്‍ പൂജിക്കുന്നത് അപൂര്‍വ്വതയാണ്. പക്ഷേ ഇത്തരം അപൂര്‍വ്വതകളെ കൊണ്ടാന്നുമല്ല ഇപ്പോള്‍ തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രം ലോകശ്രദ്ധനേടിയിരിക്കുന്നത്. മറിച്ച് ക്ഷേത്രത്തിനകത്തെ രഹസ്യഅറകളില്‍ നിന്നു കണ്ടെടുത്ത ലക്ഷക്കണക്കിനു കോടികള്‍ വിലമതിപ്പുണ്ടെന്നു ഊഹിക്കപ്പെടുന്ന നിധി ശേഖരത്തിന്റെ പേരിലാണ്.
പണമുണ്ടെങ്കില്‍ മറ്റെല്ലാം പണത്തെ പരിസേവിക്കും. അതാണു പത്മനാഭസ്വാമിക്ഷേത്രവിഷയത്തിലും സംഭവിച്ചിരിക്കുന്നത്. ഗംഗാനദിയുടെ സംരക്ഷണത്തിനുവേണ്ടി നിര്‍ദ്ധനായ ഒരു സ്വാമി നിരാഹാരം കിടന്നപ്പോള്‍ അദ്ദേഹം പട്ടിണിക്കിടന്നു ചാവുന്നതുവരെ ആ വിഷയം ദേശീയമാധ്യമങ്ങളില്‍ വാര്‍ത്തയായില്ല. “ഗംഗാജലം” ചെറുകുപ്പികളിലാക്കി വിറ്റ് കാശുവാരിക്കൂട്ടിയ സംഘപരിവാരവും നിര്‍ദ്ധനസ്വാമിയുടെ നിരാഹാരത്തെ കണ്ടെന്നു നടിച്ചിരുന്നില്ല. എന്നാല്‍ കോടീശ്വരനായ ബാബാരാംദേവ് ഡല്‍ഹിയില്‍ സമരത്തിനുപുറപ്പെട്ടപ്പോള്‍ മുതല്‍ അതു വലിയനിലയില്‍ മാധ്യമങ്ങള്‍ ആഘോഷിച്ചു. സുഷമാസ്വരാജും, എല്‍.കെ.അദ്വാനിയും ഒക്കെ ബാബാരാംദേവിനു സ്തുതി പാടുവാന്‍ മത്സരിച്ചു.[]
ഇത്തരം സ്തുതിപാഠനലീലകള്‍ ഭാരതീയ സന്ന്യാസി പാരമ്പര്യത്തോടുള്ള കൂറിനെയാണോ അതോ ബാബാരാംദേവിന്റെ കോടികള്‍ കിലുങ്ങുന്ന കാവിമടിശീലയോടുള്ള കൂറിനെയാണോ പ്രത്യക്ഷീകരിച്ചതെന്ന കാര്യത്തില്‍ ഒരു ചര്‍ച്ചയുടെ ആവശ്യമില്ല കാവിയേക്കാള്‍ കാശിനോടുള്ള ഭക്തിയായിരുന്നു ബാബാരാംദേവിനൊപ്പം നിന്നവര്‍ പ്രതിഫലിപ്പിച്ചത്. ഇതു പണമുള്ളവനേ വാര്‍ത്താപ്രാധാന്യവും ഉള്ളൂ എന്നതിനുചൂണ്ടികാണിക്കാവുന്ന മികച്ച തെളിവാണ്.
പത്മനാഭസ്വാമിക്ഷേത്രത്തില്‍ നിന്നു കണ്ടെത്താനായതു കോടികള്‍ വിലമതിപ്പുള്ള നിധിശേഖരമായതിനാലാണ് അതു ഇത്രയേറെ വാര്‍ത്താപ്രാധാന്യം നേടിയിരിക്കുന്നത്. ഇവിടെ വിഷയം പത്മനാഭസ്വാമിയല്ല അവിടുത്തെ പണമാണ്.പണമുള്ള സ്വാമി തന്നെയാണിപ്പോള്‍ വലിയ സ്വാമി ആയിരിക്കുന്നത്. പണത്തോടാണ് പത്മനാഭസ്വാമിയോടല്ല ഹിന്ദുനേതൃത്വവും അവരുടെ ഭക്തി പാരവശ്യം പ്രഖ്യാപിക്കുന്നത്?
ഇതുകൊണ്ടുതന്നെ കണ്ടെടുത്ത നിധി എന്തുചെയ്യണം എന്നതിനെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍ നടന്നു വരുന്നത്-പത്മനാഭനെ എന്തുചെയ്യണമെന്നല്ല അവിടുത്തെ പണത്തിനെ എന്തു ചെയ്യണമെന്നാണ് സര്‍വ്വരും ആലോചിക്കുന്നതും തര്‍ക്കിക്കുന്നതും. ഈ വിഷയത്തില്‍ ഇതിനോടകം ധാരാളം അഭിപ്രായങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിധിശേഖരത്തെ പുരാവസ്തുവായി കണക്കാക്കി സുരക്ഷിതമായി ഒരു മ്യൂസിയത്തില്‍ അതേപ്പടി സംരക്ഷിക്കണമെന്നും; പൊതുജനങ്ങള്‍ക്ക് മ്യൂസിയം സന്ദര്‍ശിക്കാന്‍ അവസരമുണ്ടാകണം എന്നുമാണ് ഒരു വാദം.
കണ്ടെടുത്ത സ്വത്തുവകകള്‍ ഉപയോഗരഹിതമായി കാത്തുസൂക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അതെല്ലാം ഒരു ട്രസ്റ്റോ മറ്റോ രൂപീകരിച്ച് ഹിന്ദുക്കള്‍ക്ക് പ്രയോജനകരമായ ജീവിതാവശ്യങ്ങള്‍ക്കു നിവൃത്തിയുണ്ടാക്കാന്‍ ഉപയോഗിക്കണമെന്നും പത്മനാഭനിധിയില്‍ നിന്നൊരു ചില്ല കാശുപോലും ഹിന്ദുക്കള്‍ അല്ലാത്തവര്‍ക്ക് പ്രയോജനകരമായി ലഭിക്കരുതെന്നും വാദങ്ങള്‍ ഉയരുന്നുണ്ട്. പി.പരമേശ്വരനെപ്പോലുള്ളവര്‍ ഇക്കാര്യത്തിലും അവരുടെ ഹിന്ദുത്വപിടിവാദം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതരമതസ്ഥരുടെ ആരാധനാലയങ്ങളില്‍ നിന്നാണ് ഇത്തരമൊരു നിധിശേഖരം കണ്ടെടുത്തിരുന്നതെങ്കില്‍ അതു മുഴുവന്‍ സര്‍ക്കാര്‍ കണ്ടെടുത്ത് പൊതുഖജനാവില്‍ വകയിരുത്തി പൊതു ആവശ്യങ്ങള്‍ക്കു ചിലവഴിക്കണം എന്നു വാദിക്കുവാന്‍ യു.കലാനാഥന്മാര്‍ ധൈര്യപ്പെടുമായിരുന്നോ എന്നു ചോദിക്കുന്നവരും ഉണ്ട്. വെള്ളാപ്പിള്ളി നടേശനൊക്കെ ഇത്തരമൊരു നിലപാടാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇവിടെ ഉന്നയിക്കപ്പെട്ടിരിക്കുന്ന വിഷയങ്ങളെല്ലാം ചര്‍ച്ചചെയ്യപ്പെടേണ്ടതു തന്നെയാണ്.
ദേവന്റെ ആചാരങ്ങള്‍ക്കു വേണ്ടുന്ന തിരുവാഭരണങ്ങളും മറ്റും തന്ത്രിയും ജ്യോത്സ്യനും ഭക്തരും ഉള്‍പ്പെടുന്ന ഒരു പ്രത്യേകകമ്മറ്റിയുടെ ചുമതലയില്‍ തന്നെ പരിപാലിക്കപ്പെടണം. കിരീടം, മാലകള്‍ എന്നിവയൊക്കെ ഇങ്ങിനെ സംരക്ഷിക്കപ്പെടേണ്ടവയാണ്. അതുപോലെ സ്വര്‍ണ്ണവും വെള്ളിയും ഒക്കെ ഉരുക്കി “നെല്‍മണി” വലുപ്പത്തിലാക്കി പറക്കണക്കിനു സൂക്ഷിച്ചിരിക്കുന്നതായി പറയപ്പെടുന്നു. ഇതില്‍ നാഴിസ്വര്‍ണ്ണനെല്‍മണിയോ മറ്റോ ഒരു “മാതൃക” എന്ന നിലയില്‍ പുരാവസ്തു ശേഖരത്തില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുന്നതിനും ഏര്‍പ്പാടുണ്ടാക്കണം.
ബാക്കിവരുന്ന നിധിശേഖരം ഏറ്റവും അന്തസ്സാര്‍ന്ന നിലയില്‍ ക്ഷേത്രത്തേയും ആചാരങ്ങളേയും നിലനിര്‍ത്തുവാന്‍ വേണ്ടുന്നതിനു ആവശ്യമായ തുക നിര്‍ല്ലോഭം ലഭ്യമാക്കാനുതകുന്ന വ്യവസ്ഥകളോടെ സര്‍ക്കാര്‍ ഏറ്റെടുക്കണം. അതിനെ കുടിവെള്ളം, പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം, കാര്‍ഷികസംരക്ഷണം തുടങ്ങിയമേഖലകളില്‍ ചെലവഴിക്കുന്നതിനു സാധിക്കണം. പത്മനാഭന്റെ പണം അഹൈന്ദവര്‍ക്കുപ്രയോജനപ്പെടുന്ന വിധത്തില്‍ ചെലവഴിച്ചുകൂടാ എന്നവാദം “പണ”ത്തിന്റെ പരിക്രമണത്തെ സംബന്ധിച്ച് യാതൊരുബോധവും ഇല്ലാത്തവരില്‍നിന്നു പുറപ്പെടുന്ന ശുദ്ധവര്‍ഗ്ഗീയവാദമാണ്.
കേരളത്തിനു പണമുണ്ടായത് കേരളീയര്‍ അവരുടെ നിത്യജീവിതത്തില്‍ അപൂര്‍വ്വമായി മാത്രം ഉപയോഗിച്ചുവരുന്ന, കാട്ടുച്ചെടിയുടെ കുരുവായ “കുരുമുളക്” റോമക്കാരും അറബികളും ചീനത്തുകാരും പിന്നീടു പറങ്കികളും ഇംഗ്ലീഷുകാരും യഥേഷ്ടം വാങ്ങി “കറുത്തപൊന്നാക്കി തീര്‍ത്തപ്പോഴാണ്. ഈ വിദേശവ്യാപാരത്തിലൂടെയാണ് മറ്റെല്ലാ രാജാക്കന്മാരേയും പോലെ കേരളത്തിലെ തിരുവിതാംകൂര്‍ രാജാക്കന്മാരും കുമിഞ്ഞുകൂടിയ സമ്പത്തുള്ളവരായത്. ഇന്നും കേരളത്തിന്റെ സമ്പദ്ഘടനയെ കാര്യമായ തോതില്‍ നിയന്ത്രിക്കുന്നത് അഹൈന്ദവരുടെ നാടുകളില്‍ പോയി കേരളീയര്‍ പണിയെടുത്തുണ്ടാക്കി അയക്കുന്ന വരുമാനം കൊണ്ടാണ്.
നമ്മുടെ നാട്ടിലെ ഹൈന്ദവക്ഷേത്രങ്ങള്‍ പൊന്നുപൂശപ്പെടുന്നതിനുള്ള പണം അറബിനാട്ടിലെ പൊരിവെയിലത്തു പണിയെടുത്ത് മലയാളികള്‍ ഉണ്ടാക്കുന്ന പണമാണ്. ഇങ്ങിനെ ജാതി-മത-ഭാഷ ദേശാതിര്‍ത്തികള്‍ അതിലംഘിച്ചുകൊണ്ടുള്ള ഒരു വിനിമയപ്രക്രിയയാണ് പണത്തിന് എപ്പോഴും ചരിത്രത്തില്‍ ഉണ്ടായിട്ടുള്ളത്. ഇതിലൊരു ഓഹരി തന്നെയാണ് പത്മനാഭസ്വാമിക്ഷേത്രത്തിലും നന്നായി സൂക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ ആ പണത്തില്‍ പണ്ടത്തെ കുരുമുളകു കച്ചവടക്കാരായ അഹൈന്ദവര്‍ക്കും പങ്കുണ്ട്.അതുകൊണ്ട് ആ പണം ഉപയോഗിക്കപ്പെടുന്നതിന്റെ ഫലം അനുഭവിക്കാന്‍ മുഴുവന്‍ ജനങ്ങള്‍ക്കും അവകാശവും ഉണ്ട്.
“ഹിന്ദു ഹിന്ദുമാത്രം” എന്ന നിലപാട് കാറ്റിന്റെ കാര്യത്തില്‍ എന്നപോലെ കാശിന്റെ കാര്യത്തിലും പുലര്‍ത്താവുന്നതല്ല. ഈഴവരായ ഹിന്ദുക്കള്‍ മാത്രം കള്ളുകുടിച്ചതു കൊണ്ടുണ്ടായ ലാഭമല്ല വെള്ളാപ്പിള്ളി നടേശന്റെ മടിശീലയെപ്പോലും കനപ്പെടുത്തിയിരിക്കുന്നത് എന്ന് ആര്‍ക്കാണറിയാത്തത്..?
ഗോദ്‌റെജ് താഴുകളാണ് പത്മനാഭസ്വാമിക്ഷേത്രനിലവറകളെ ഭദ്രമായി സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്നതെന്നു പത്രവാര്‍ത്തകള്‍ പറയുന്നു. അതിനര്‍ത്ഥം ഗോദ്‌റെജ് പൂട്ടു ഉപയോഗിക്കുന്നതിനു മുമ്പ് അതു തുറന്നിട്ടുണ്ടെന്നാണ്-ഗോദ്‌റെജ് പൂട്ടുകള്‍ നിലവില്‍വന്ന കാലവും നിലവറയുടെ നിധിയുടെ കാലപ്പഴമയും ഒത്തുവരാത്തിടത്തോളം ഗോദ്‌റെജ് പൂട്ടു ഉപയോഗിക്കുന്ന രീതിയിലേക്ക് മാറാനായി നിലവറതുറന്നിട്ടുണ്ടെന്നു വ്യക്തമാണ്.
എങ്കില്‍ അതാരുതുറന്നു…? തുറന്നപ്പോള്‍ ഒന്നും നഷ്ടപ്പെട്ടിരുന്നില്ലേ..? തുടങ്ങിയ സന്ദേഹങ്ങള്‍ അവശേഷിക്കുന്നുണ്ട്. അതിനാല്‍ സര്‍ക്കാറിന്റെ സംരക്ഷണയില്‍ പത്മനാഭസ്വാമിക്ഷേത്രനിലവറകളിലെ ആസ്തി കൃത്യമായ കണക്കുകളോടെ യഥോചിതം സംരക്ഷിക്കപ്പെടണം. കോടതിയുടെ ഇടപെടലുകളും മറ്റും അതിനു വഴിയൊരുക്കിയതു നന്നായി. കാണാതായ താക്കോലുകള്‍ കാണാതാക്കിയത് ആരാണെന്ന ചോദ്യത്തിന് ഇനിയും ഇടയുണ്ടാക്കരുത്.