| Friday, 14th May 2021, 7:40 am

കേശവമാമന്മാരെ വിട്ടു നെറ്റ്ഫ്‌ള്കിസ് കുഞ്ഞുങ്ങളെ പിടിക്കണം - കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യേണ്ടത്

ഫാറൂഖ്

ഒരാഴ്ച മുമ്പാണ് പ്രശസ്തമായ ദി ഇന്‍ഡിപെന്‍ഡന്റ് എന്ന പത്രത്തിന്റെ അറബ് എഡിഷനില്‍ കൗതുകകരമായ ഒരു വാര്‍ത്ത വരുന്നത്. പരിശുദ്ധ നഗരമായ മദീനയിലേക്ക് പ്രവേശിക്കുന്ന റോഡില്‍ സ്ഥാപിച്ചിരുന്ന ‘മുസ്‌ലിങ്ങള്‍ മാത്രം’ എന്ന ബോര്‍ഡ് നീക്കം ചെയ്യപ്പെട്ടിരിക്കുന്നു എന്നായിരുന്നു അത്.

പൊതുവെ യാഥാസ്ഥിതികം എന്ന് കരുതപ്പെടുന്ന സൗദി മുസ്‌ലിങ്ങളില്‍ നിന്ന് ഒരെതിര്‍പ്പും ഈ നീക്കത്തിനെതിരെ ഉണ്ടായില്ല എന്ന് മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍, പ്രത്യേകിച്ച് ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും, കാര്യമായ പിന്തുണ കിട്ടുകയും ചെയ്തു. യുവാക്കള്‍ അത് ആഘോഷിച്ചു. ഈ നീക്കത്തെ സപ്പോര്‍ട്ട് ചെയ്തു കൊണ്ടുള്ള ഹാഷ്ടാഗുകള്‍ അറബ് ലോകത്ത് ഇപ്പോഴും ട്രെന്‍ഡിങ് ആണ്.

ഇതിന് ഏകദേശം രണ്ടു മാസം മുമ്പാണ് ലിബറല്‍ സമൂഹം എന്ന് നമ്മള്‍ കരുതുന്ന കേരളത്തില്‍, ശബരിമലയില്‍ ആര്‍ത്തവ അയിത്തം ലംഘിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളെ രണ്ടു വര്‍ഷം വരെ തടവിലിടാനുള്ള നിയമം കൊണ്ടു വരും എന്ന് കോണ്‍ഗ്രസ് പാര്‍ട്ടി അവരുടെ പ്രകടന പത്രികയിലൂടെ പ്രഖ്യാപിക്കുന്നത്. ജനങ്ങള്‍ അവരെ തോല്‍പ്പിച്ചത് കൊണ്ട് അത് നടക്കാന്‍ പോകുന്നില്ല എന്നത് ആശ്വാസം.

എന്നാലും നെഹ്റുവിന്റെയും അംബേദ്കറിന്റെയും പാര്‍ട്ടിയിലെ പിന്മുറക്കാര്‍ക്ക് അങ്ങനെ ഒരു വാചകം പ്രകടന പത്രികയില്‍ എഴുതി വെക്കാന്‍ തോന്നി എന്ന് പരിശോധിക്കുന്നിടത്ത് വേണം കോണ്‍ഗ്രസിന്റെ ഇനിയങ്ങോട്ടുള്ള നീക്കങ്ങളുടെ രൂപരേഖ തുടങ്ങാന്‍.

ഇക്കഴിഞ്ഞ ഞായറാഴ്ച, കേരളത്തില്‍ തെരഞ്ഞെടുപ്പ് ഫലം വന്നു കഴിയുമ്പോള്‍ ഏറ്റവും ആശ്വസിച്ചിട്ടുണ്ടാകുക സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരിക്കും. കാരണം അവര്‍ ഏറ്റവും പേടിച്ച കാര്യം സംഭവിച്ചില്ല – ബി.ജെ.പിയുടെ വളര്‍ച്ചയും കോണ്‍ഗ്രസിന്റെ തളര്‍ച്ചയും.

തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് വ്യാപകമായുണ്ടായിരുന്ന പേടി കോണ്‍ഗ്രസ് തോറ്റാല്‍ തളരുന്ന കോണ്‍ഗ്രസില്‍ നിന്ന് വളരുന്ന ബി.ജെ.പിയിലേക്ക് വലിയ കുത്തൊഴുക്കുണ്ടാകും എന്നതായിരുന്നു. കോണ്‍ഗ്രസിന് കാര്യമായ നഷ്ടം വോട്ട് ഷെയറില്‍ ഉണ്ടായില്ല, രണ്ടു മുന്നണികള്‍ തമ്മില്‍ മൂന്നു ശതമാനത്തിനടുത്ത വ്യത്യാസമേ ഉള്ളൂ. ബി.ജെ.പി തകര്‍ന്നടിയുകയും ചെയ്തു. മരമണ്ടമാരല്ലാത്ത ഏതെങ്കിലും ഒരു കോണ്‍ഗ്രസുകാരന്‍ ഇനി ബി.ജെ.പിയില്‍ പോവില്ല.

രാഷ്ട്രീയത്തില്‍ നഷ്ടപ്പെടാന്‍ പാടില്ലാത്തത് ഇടമാണ്. അധികാര നഷ്ടം ഒരു പാര്‍ട്ടിയെ ഇല്ലാതാക്കില്ല, ഇടം ഇല്ലാതായാല്‍ പാര്‍ട്ടി ഇല്ലാതാവും. ബംഗാളിലെ സി.പി.ഐ.എമ്മിനെ പോലെ. 135 കൊല്ലമായി കോണ്‍ഗ്രസുണ്ട്. ആദ്യത്തെ അറുപത് കൊല്ലം ഒരധികാരവുമില്ലാതെ നിലനിന്ന പാര്‍ട്ടിയാണ്.

രാജസ്ഥാന്‍, മധ്യപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെ പതിനഞ്ചും ഇരുപതും കൊല്ലം അധികാരമില്ലാതിരുന്നിട്ടും പാര്‍ട്ടി മരിച്ചിട്ടില്ല. കേരളത്തില്‍ ഇപ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നിലനില്‍ക്കാനുള്ള ഇടമുണ്ട് എന്ന് മാത്രമല്ല, ബി.ജെ.പി വളരുകയായിരുന്ന കഴിഞ്ഞ കുറെ കൊല്ലങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ കോണ്‍ഗ്രസിന് ഇത്രയും സുരക്ഷിതത്വം തോന്നിയ കാലമുണ്ടായിട്ടില്ല.

കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നേതൃത്വത്തിന് ഒരു ബാധ്യതയെ ഉളളൂ, പാര്‍ട്ടിക്ക് നിലവിലുള്ള ഇടം സംരക്ഷിക്കുക. അതുകൊണ്ട് തന്നെ കോണ്‍ഗ്രസുകാര്‍ ആദ്യം നോക്കേണ്ടത് പാര്‍ട്ടിയുടെ ഇടത്തിന് എന്തെങ്കിലും ഭീഷണിയുണ്ടോ എന്നാണ്. തീര്‍ച്ചയായും ഉണ്ട്. കോണ്‍ഗ്രസിന്റെ ഇപ്പോഴുള്ള നേതാക്കള്‍ മുഴുവന്‍ കേശവമാമന്മാരുടെ തടവിലാണ്.

കേശവമാമന്മാരുടെ തോന്നലുകളാണ് കോണ്‍ഗ്രസിന്റെ പോളിസി, അവരുടെ രീതികളാണ് കോണ്‍ഗ്രസ് നേതാക്കളുടെ രീതി. കേശവമാമന്മാര്‍ പൊതുവെ അറുപത് വയസ്സിന് മുകളിലുള്ളവരായത് കൊണ്ട് അടുത്ത പത്തു പതിനഞ്ചു വര്‍ഷമേ അവരുണ്ടാകൂ.

ഇപ്പോഴുള്ള മധ്യവയസ്‌കരില്‍ കുറേപേര്‍ ഭാവിയില്‍ കേശവമാമന്മാരാകുമെങ്കിലും എണ്ണം കുറവായിരിക്കും. ഇപ്പോഴത്തെ പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളാണ് കോണ്‍ഗ്രസിനെ ഇനി വോട്ട് ചെയ്തു വിജയിപ്പിക്കേണ്ടത്. അവര്‍ക്ക് ചില പ്രത്യേകതകളുണ്ട്, അവര്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി സിനിമകള്‍ കണ്ടല്ല വളരുന്നത്, അവര്‍ കാണുന്നത് നെറ്റ്ഫ്‌ളിക്‌സിലെ അമേരിക്കന്‍ സീരീസുകളാണ്.

അവര്‍ ക്രിക്കറ്റ് അല്ല കാണുന്നത്, ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗുകളാണ്. അതുകൊണ്ട് തന്നെ അവരെ മനസിലാക്കണമെങ്കില്‍ ഒന്നുകില്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ നെറ്റ്ഫ്‌ളിക്‌സ് കാണണം, അല്ലെങ്കില്‍ അവരുടെ ഉപദേശകര്‍ കാണണം. പിണറായിയുടെ ഉപദേശകര്‍ നെറ്റ്ഫ്ളിക്സ് സീരീസുകള്‍ കാണുന്നുണ്ട്, അത് അദ്ദേഹത്തിന്റെ ഇക്കഴിഞ്ഞ മാതൃ ദിനപോസ്റ്റുകളിലും മറ്റും കാണാനുണ്ട്.

നെറ്റ്ഫ്‌ളിക്‌സിന്റെ ലോകത്ത് കുട്ടികള്‍ കാണുന്ന കാഴ്ച നമ്മള്‍ കണ്ടു വളര്‍ന്ന കാഴ്ചകളല്ല. പ്രധാനമായും മൂന്നാല് കാര്യങ്ങള്‍ അവര്‍ വല്ലാതെ ശ്രദ്ധിക്കുന്നുണ്ട്.

ഒന്ന്, എല്ലാവര്‍ക്കും നല്ല വീടുകളും, വീടുകള്‍ക്കകത്ത് ഓരോരുത്തര്‍ക്കും ഓരോ മുറിയും ഉണ്ട്. മിക്കവര്‍ക്കും ജീവിതം എളുപ്പമാക്കാനുള്ള ആധുനിക ഉപകാരണങ്ങളെല്ലാമുണ്ട്. ഫ്രിഡ്ജ്, എ.സി, കാര്‍, ലാപ്‌ടോപ് തുടങ്ങിയവ. സ്‌കൂളുകളിലും കോളേജുകളിലും ആശുപത്രികളിലുമെല്ലാം ആധുനിക സൗകര്യങ്ങളെല്ലാമുണ്ട്.

റോഡുകള്‍ക്കും മാര്‍ക്കറ്റുകള്‍ക്കുമൊക്കെ വൃത്തിയും വെടിപ്പുമുണ്ട്. സര്‍വോപരി, പലവിധത്തിലുള്ളതാണെങ്കിലും എല്ലാവര്‍ക്കും മാന്യമായി ജീവിക്കാനുള്ള ജോലിയുണ്ട്. പ്രായപൂര്‍ത്തിയായ മക്കള്‍ അച്ഛനമ്മമാരെ ആശ്രയിച്ചു ജീവിക്കുന്ന സംവിധാനമില്ല.

രണ്ട്, മനുഷ്യ സമത്വം എന്നൊന്നുണ്ട്. പ്രത്യേകിച്ച് ലിംഗ സമത്വം. അത് സ്ത്രീകളുടെ കാര്യത്തില്‍ മാത്രമല്ല, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ കാര്യത്തിലും. സെയിം സെക്‌സ് മാര്യേജ് സര്‍വ സാധാരണമായ സംഗതിയാണ്. ആര്‍ക്കും അതില്‍ ഒരു കൗതുകമോ പരാതിയോ ഇല്ല.

വസ്ത്രങ്ങളിലോ, ജോലിയിലോ, സൗഹൃദങ്ങളിലോ, ബന്ധങ്ങളിലോ സ്ത്രീ, പുരുഷ, ട്രാന്‍സ്ജെന്‍ഡര്‍ വിവേചനങ്ങളില്ല, ജോലിയോ സാമ്പത്തികമോ ഒരു ഘടകവുമല്ല. ഭാഷ മിക്കവാറും ലിംഗ-നിരപേക്ഷമായിരിക്കുന്നു. ഡിഗ്‌നിറ്റി ഓഫ് ജോബ് എന്നത് സത്യത്തില്‍ ലോകത്ത് നിലനില്‍ക്കുന്നുണ്ട്.

മൂന്ന്, നെറ്റ്ഫ്‌ളിക്‌സ് സീരീസുകളില്‍ കല്യാണം എന്നത് വളരെ അപ്രസക്തമായ ഒരു സംഗതിയാണ്. പുരുഷനും സ്ത്രീയും ഒന്നിച്ചു താമസിക്കുന്നതും അവര്‍ക്ക് കുട്ടികളുണ്ടാകുന്നതുമൊന്നും കല്യാണം കഴിച്ചിട്ടല്ല. മൂന്നാലു കുട്ടികളുണ്ടായി കഴിയുമ്പോള്‍ ബോറടി മാറ്റാന്‍ ചെയ്യുന്ന ഒരു ചടങ്ങായിരിക്കുന്നു കല്യാണം.

നാല്, ഈ സീരീസുകളിലൊന്നും മതങ്ങളെ പറ്റി ഒരു പരാമര്‍ശവുമില്ല. അഥവാ എവിടെയെങ്കിലും എന്തെങ്കിലും പരാമര്‍ശമുണ്ടായാല്‍ തന്നെ പണ്ടെങ്ങോ നിലനിന്ന ഒരു സംഗതി പോലെയാണ്. എന്റെ അമ്മൂമ്മേടെ അപ്പന്‍ ഒരു കാത്തലിക് വിശ്വാസി ആയിരുന്നു എന്നൊക്കെയാണ് ഡയലോഗ്.

ഈ സീരീസുകളും കണ്ടു വളരുന്ന കുട്ടികളെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ആകര്‍ഷിക്കണമെങ്കില്‍ അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാര്യങ്ങള്‍ പറയണം. ഒന്ന്, തൊഴിലവസരങ്ങളെ പറ്റി നിരന്തരം സംസാരിക്കണം. രണ്ടു, സമത്വം പ്രത്യേകിച്ചു ലിംഗ-സമത്വത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യരുത്, അവരോട് സംസാരിക്കുന്ന ഭാഷ ലിംഗ-നിരപേക്ഷമായിരിക്കണം. മൂന്ന്, അവരുടെ റിലേഷന്‍ഷിപ്പ് ചോയ്സില്‍ വേണ്ടാതെ കയറി അഭിപ്രായം പറയരുത്. നാല്, മതങ്ങളെ പറ്റി സംസാരിക്കരുത്.

കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് വേണ്ടി വിശദീകരിക്കാം;

ഒന്ന്, തൊഴിലവസരങ്ങളെ പറ്റി നിരന്തരം സംസാരിക്കണം. ഇക്കാര്യം ഇതിനു മുമ്പ് വിശദമായി എഴുതിയിട്ടുണ്ട്. ആളുകള്‍ക്ക് വേണ്ടത് ജോലിയാണ്, ജോലി മാത്രമാണ്. ജോലിയുണ്ടെങ്കില്‍ ബാക്കിയെല്ലാം അവര്‍ തനിയെ ഉണ്ടാക്കിക്കോളും.

ഒരു പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് ഉയര്‍ത്തേണ്ടിയിരുന്ന ഒരേ ഒരു വിഷയം തൊഴിലില്ലായ്മ ആയിരുന്നു. അതവര്‍ ചെയ്തില്ല. തോറ്റു. പിണറായി വിജയന്‍ ഫലപ്രഖ്യാപന ദിവസം നടത്തിയ പത്ര സമ്മേളനത്തില്‍ തൊഴിലവസരങ്ങളുണ്ടാക്കുകയെന്നതായിരിക്കും അടുത്ത അഞ്ചു വര്‍ഷത്തെ മുഖ്യ പരിഗണന വിഷയം എന്ന് പറയുകയും ചെയ്തു. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ഇനിയും സമയമുണ്ട്.

രണ്ടു, സമത്വം പ്രത്യേകിച്ചു ലിംഗ-സമത്വത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യരുത്. ഭാഷ ലിംഗ-നിരപേക്ഷമായിരിക്കണം. സ്ത്രീ വിരുദ്ധം, അല്ലെങ്കില്‍ ട്രാസ്ജെന്‍ഡര്‍ വിരുദ്ധം എന്ന് വിദൂര ഭാവനയില്‍ പോലും തോന്നാന്‍ സാധ്യതയുള്ള ഒരു വാക്കോ നിലപാടോ കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടാകരുത്, എന്ന് മാത്രമല്ല സമത്വത്തിന് വേണ്ടിയുള്ള പ്രൊ-ആക്റ്റീവ് നിലപാടുകള്‍ എടുക്കുകയും വേണം.

ആര്‍ത്തവ അയിത്തമൊക്കെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് കേശവമാമന്മാര്‍ക്ക് മാത്രമാണ്. കുട്ടികള്‍ക്ക് അതൊന്നും മനസ്സിലാവില്ല. സെയിം സെക്‌സ് മാരിയേജിനുള്ള അവകാശം, മുസ്‌ലിം സ്ത്രീകള്‍ക്ക് തുല്യ സ്വത്ത് ലഭിക്കാനുള്ള നിയമ നിര്‍മാണം തുടങ്ങിയ കാര്യങ്ങളില്‍ കോണ്‍ഗ്രസ് മുന്‍കൈയെടുക്കണം.

ഭാഷ ലിംഗ-നിരപേക്ഷമായിരിക്കണം എന്ന് പറഞ്ഞാല്‍ പ്രായമുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്ത്രീകളെ സഹോദരീ, അമ്മേ എന്നൊക്കെ വിളിക്കുന്നത് ബഹുമാനമായി കരുതിയ തലമുറയാണ് കഴിഞ്ഞു പോയത്. പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ condescending എന്ന ഇംഗ്ലീഷ് വാക്കുപയോഗിച്ചാണ് അത്തരം അഭിസംബോധനകളെ നിരാകരിക്കുന്നത്.

ഫാറൂഖ് എഴുതിയ മറ്റ് ലേഖനങ്ങള്‍ ഇവിടെ വായിക്കാം

അടുക്കളയില്‍ സ്ത്രീകളെ സഹായിക്കാന്‍ ആഹ്വാനം ചെയ്യുന്നവരൊക്കെ വലിയ മഹാന്മാരായി പരിഗണിക്കപ്പെട്ട കാലം കഴിഞ്ഞു പോയി. ഇനി അങ്ങനെ പറയുന്നവരെ ദിനോസറുകള്‍ എന്ന് കുട്ടികള്‍ വിളിക്കും. മാതാവിനെ ത്യാഗത്തിന്റെയും ക്ഷമയുടെയുമൊക്കെ നിറകുടമായി വിശേഷിപ്പിക്കുന്നത് പോലും അശ്ലീലമാവുന്ന കാലമാണ്. പിണറായി വിജയന് അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഉപദേശകര്‍ക്ക് അത് മനസ്സിലാവുന്നുണ്ട്. കോണ്‍ഗ്രസുകാര്‍ക്കാണ് മനസിലാകാനുള്ളത്.

ഭാഷ ലിംഗനിരപേക്ഷം മാത്രമല്ല വിവേചനരഹിതവും ആയിരിക്കണം. തെറി വിളിക്കാന്‍ പോലും വിവേചനരഹിത ലിംഗനിരപേക്ഷ വാക്കുകള്‍ ഉപയോഗിക്കണം. ഉദാഹരണത്തിന്, ചെറ്റക്കുടിലില്‍ വളര്‍ന്നവര്‍ക്ക് സംസ്‌കാരം കുറവാണ് എന്ന ചിന്തയില്‍ നിന്നുണ്ടായ ചെറ്റ, ചെറ്റത്തരം തുടങ്ങിയ അധിക്ഷേപങ്ങള്‍, ജാതിപരമായി വ്യാഖ്യാനിക്കപ്പെടാവുന്ന പുലബന്ധം, പുലയാടി തുടങ്ങിയ വാക്കുകള്‍, വിവാഹേതര ബന്ധങ്ങളിലുണ്ടായ കുട്ടികള്‍ എന്തോ മോശക്കാരാണെന്ന ധാരണയില്‍ നിന്നുണ്ടായ തന്തയില്ലാത്തവന്‍ തുടങ്ങിയവ ഉപയോഗിക്കരുത്. വിവേചനരഹിത ലിംഗനിരപേക്ഷ തെറികള്‍ ഇഷ്ടം പോലെയാവാം, അത് പുതിയ തലമുറക്കിഷ്ടവുമാണ്. ഉദാഹരണത്തിന് ജോജി.

മൂന്ന്, അവരുടെ റിലേഷന്‍ഷിപ്പ് ചോയ്‌സുകളില്‍ വേണ്ടാതെ കയറി അഭിപ്രായം പറയരുത്. സുകുമാരന്‍ നായരെ പോലെയുള്ള കേശവമാമന്മാരുടെ സമ്പര്‍ക്ക പട്ടികകയിലുള്ള രാഷ്ട്രീയ നേതാക്കന്മാര്‍ പൊതുവെ ചിന്തിക്കുക വംശശുദ്ധി, കുലമഹിമ, ലവ് ജിഹാദ് എന്നൊക്കെ പറഞ്ഞാല്‍ പുതു തലമുറക്ക് മനസിലാകുന്ന വിഷയങ്ങളാണ് എന്നാണ്.

അര്‍ദ്ധ വിദ്യാഭ്യാസം മാത്രമുള്ള, പ്രായം കുറവാണെങ്കിലും കേശവമാമനെ പോലെ ചിന്തിക്കുന്ന യുവാക്കള്‍ക്ക് മാത്രമാണ് ഇതിലൊക്കെ താല്പര്യം. അവരുടെ എണ്ണം 318 ബൂത്തുകളില്‍ പൂജ്യവും 493 ബൂത്തുകളില്‍ ഒന്നും മാത്രമാണ്. അവരുടെ വോട്ട് വേണ്ടെന്ന് വക്കണം.

നാല്, മതങ്ങളെ പറ്റി സംസാരിക്കരുത്. കഴിഞ്ഞ പത്തെഴുപത് കൊല്ലമായി മതം മാത്രമായിരുന്നു രാഷ്ട്രീയക്കാരുടെ പ്രധാന പരിഗണനാ വിഷയം. ഇനിയത് പറയുന്നത് ബോറാണ്. അറേഞ്ച്ഡ് മാര്യേജ് എന്ന സമ്പ്രദായം കൊണ്ടു മാത്രം നിലനില്‍ക്കുന്ന ഒരു സംഗതിയാണ് മതം.

നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അറേഞ്ച്‌ഡോ അല്ലാത്തതോ ആയ വിവാഹങ്ങളുടെ കാലം അവസാനിക്കുകയാണ്. മുപ്പതോ നാല്‍പ്പതോ കൊല്ലം കൊണ്ട് അറേഞ്ച്ഡ് മാര്യേജും കൂടെ മതങ്ങളും അപ്രസക്തമാകും. നൂറു കണക്കിന് കൊല്ലങ്ങള്‍ ഇനിയും നിലനില്‍ക്കാനുള്ള പാര്‍ട്ടികള്‍ ഇപ്പോഴേ അതിനുള്ള തയ്യാറെടുപ്പ് നടത്തണം.

കേരളത്തിന് കോണ്‍ഗ്രസും സി.പി.ഐ.എമ്മും വേണമെന്നാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് നമ്മോട് പറഞ്ഞത്. ഭാവിക്ക് വേണ്ടി ഈ രണ്ടു പാര്‍ട്ടികളെയും നിലനിര്‍ത്തണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. പുതിയ തലമുറ എങ്ങനെ ചിന്തിക്കുന്നു എന്ന് സി.പി.ഐ.എമ്മിന് മനസിലാവുന്നുണ്ട്. കോണ്‍ഗ്രസിന് മനസിലാവുന്നുമില്ല.

നേതാക്കന്മാരുടെ പ്രായമല്ല ഘടകം, പിണറായിക്കും ജോ ബൈഡനുമൊക്കെ എഴുപതിന് മുകളില്‍ പ്രായമുണ്ട്, അവര്‍ക്കൊക്കെ പുതിയ തലമുറയെ മനസിലാകുന്നുമുണ്ട്. നമ്മള്‍ തുടക്കത്തില്‍ പറഞ്ഞത് പോലെ അങ്ങേയറ്റം യാഥാസ്ഥിതികം എന്ന് കരുതപ്പെടുന്ന സൗദി അറേബ്യ പോലും പുതിയ തലമുറക്ക് വേണ്ടി മാറുന്നുണ്ട്.

തോറ്റവരെ ഉപദേശിക്കുന്നത് നാട്ടുനടപ്പായത് കൊണ്ട് കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് ഒരു ഉപദേശം തരാം. ഇന്ദിരാ ഭവനില്‍ ഇപ്പോഴുള്ള ടി വിയില്‍ ഇരുപത്തി നാല് മണിക്കൂറും വാര്‍ത്തയാണ്. ആ വാര്‍ത്താ ചാനലുകള്‍ മുഴുവന്‍ അണ്‍ സബ്‌സ്‌ക്രൈബ് ചെയ്തു പകരം നെറ്റ്ഫ്‌ളിക്‌സ് സബ്സ്‌ക്രൈബ് ചെയ്യണം. എന്നിട്ട് നേതാക്കന്മാരോടൊക്കെ ദിവസവും മൂന്നോ നാലോ മണിക്കൂര്‍ നിര്‍ബന്ധമായും അമേരിക്കന്‍ സീരീസുകള്‍ കാണാന്‍ പറയണം. ക്ഷീണിക്കുമ്പോള്‍ അല്പം നേരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും കാണാം.

എല്ലാ വര്‍ണങ്ങളും ചേരുന്നതാണ് വെളിച്ചം. രാഷ്ട്രീയത്തില്‍ വര്‍ണങ്ങളില്ലാതാവുമ്പോള്‍ വരുന്ന ഇരുട്ടാണ് ഫാസിസം.

(ലേഖനങ്ങളുടെ ഉള്ളടക്കം ഡൂള്‍ന്യൂസിന്റെ എഡിറ്റോറിയില്‍ നിലപാടുകളോട് ചേര്‍ന്നതാവണമെന്നില്ല)

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: What should be the next policy and target population of Congress party in Kerala to come back to power , Farooq writes

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more