Analysis
പ്രിയങ്ക കൈപ്പിടിയിലൊതുക്കുമോ ഉത്തര്‍പ്രദേശ്; യു.പി രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് മുന്‍പില്‍ ഇനിയുള്ള വഴികളെന്ത്
ജമാല്‍ കിഡ്‌വായി
2020 Jul 07, 11:09 am
Tuesday, 7th July 2020, 4:39 pm

യു.പി നിയമസഭ തെരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം മാത്രം ശേഷിക്കേ, പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പതിറ്റാണ്ടുകള്‍ക്കിപ്പുറമാണ് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയും അടിയന്തിരതയോടെയും പെരുമാറുന്നത്.

പ്രിയങ്ക ഗാന്ധിയോട് ദല്‍ഹിയിലെ വസതി ഒഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെ അവര്‍ ഉത്തര്‍പ്രദേശിലേക്ക് മാറാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു മുന്‍പേ തന്നെ ഉത്തര്‍പ്രദേശിലെ ട്രെന്‍ഡിങ്ങ് ടോപ്പിക്കുകളിലൊന്നായിരുന്നു പ്രിയങ്ക ഗാന്ധി.

ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി(ബി.എസ്.പി) നേതാവ് മായാവതിയുമായി പ്രിയങ്ക ഗാന്ധി ചില തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. അതിഥി തൊഴിലാളികളുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട് മായാവതി കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയതില്‍ നിന്നായിരുന്നു ഇതിന് തുടക്കം.

രാജ്യത്തെ ദുര്‍ബല വിഭാഗങ്ങളുടെ വികസനത്തിന് കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല എന്നായിരുന്നു മായാവതി പറഞ്ഞത്. ചില പ്രതിപക്ഷ നേതാക്കള്‍ ബി.ജെ.പി വക്താക്കളെ പോലെയാണ് സംസാരിക്കുന്നത് എന്ന് പറഞ്ഞായിരുന്നു പ്രിയങ്ക ഇതിന് മറുപടി നല്‍കിയത്.

 

നിലവില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് കോണ്‍ഗ്രസിനെ വ്യത്യസ്തമാക്കുന്നത് ഉത്തര്‍പ്രദേശ് പൊലീസിനെതിരെ നിരവധി തവണ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി എന്നതാണ്.

കോണ്‍ഗ്രസ് പ്രസിഡന്റ് അജയ്കുമാര്‍ ലല്ലുവിന്റെ നേതൃത്വത്തില്‍ തെരുവിലിറങ്ങിയ നിരവധി പ്രാദേശീയ നേതാക്കള്‍ ഉള്‍പ്പെടെ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രിയങ്ക ഗാന്ധി അതിഥി തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ബസിന് അനുമതി നിഷേധിച്ച യു.പി സര്‍ക്കാരിന്റെ നയത്തിനെതിരെ പ്രതിഷേധിക്കുന്നതിനിടയില്‍ അജയ്കുമാര്‍ ലല്ലുവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

യു.പി കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വിഭാഗം നേതാവ് ഷാനവാസ് അലാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ഈ ആഴ്ച്ച ആദ്യവാരം വീണ്ടും പൊലീസ് അറസ്റ്റു ചെയ്യുകയുണ്ടായി. ഇതെല്ലാം സംഭവിക്കുന്നത് ലോക്ക് ഡൗണ്‍ നീക്കുന്നതിനും മുന്‍പും സാമൂഹിക അകലവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴുമാണ്.

ഇതുകൊണ്ട് മാത്രം 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.പി.യി.ലെ രാഷ്ട്രീയ ഭാഗ്യം പുനരുജ്ജീവിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമോ? സംസ്ഥാനത്ത് കിടപിടിച്ചു നില്‍ക്കുന്ന തെരഞ്ഞെടുപ്പ് ശക്തിയായി മാറണമെങ്കില്‍ എന്തായിരിക്കണം കോണ്‍ഗ്രസ് മെനയേണ്ട തന്ത്രങ്ങള്‍?

 

യു.പിയിലെ കോണ്‍ഗ്രസ്: അന്നും ഇന്നും

കൂടുതല്‍ ആധികാരികമായ വിവരങ്ങളുമായി മുന്നോട്ട് പോകുന്നതിന് മുന്‍പ്, കോണ്‍ഗ്രസിന്റെ ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ പാത മറ്റ് പാര്‍ട്ടികളുമായി താരതമ്യം ചെയ്യേണ്ടത് അനിവാര്യമാണ്.

1980കളിലെ മണ്ഡല്‍, കമാന്‍ഡല്‍ പ്രക്ഷോഭങ്ങളിലുടെയാണ് കോണ്‍ഗ്രസ് തകരുന്നത്. അതിനു ശേഷം യു.പിയുടെ രാഷ്ട്രീയ മണ്ണ് സ്വത്വ രാഷ്ട്രീയ വാദത്തിലും( ഒ.ബി.സി-ദലിത്) വര്‍ഗീയ (ഹിന്ദു-മുസ്‌ലിം) വാദത്തിലും ഊന്നിയാണ് നിലകൊണ്ടത്.

1980കള്‍ വരെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അടിത്തറയില്‍ ദളിതര്‍- മുസ്‌ലിംകള്‍- ബ്രാഹ്മണര്‍ എന്നിവര്‍ കൂടി ഉള്‍പ്പെടുന്ന ഒരു സാമൂഹിക അന്തരീക്ഷമായിരുന്നു നിലനിന്നിരുന്നത്. പിന്നീട് കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ബി.എസ്.പിയിലേക്കും സമാജ്‌വാദി പാര്‍ട്ടിയിലേക്കും പോയി. പിന്നീടങ്ങോട്ട് കോണ്‍ഗ്രസിന് സുരക്ഷിതമായ രാഷ്ട്രീയ അടിത്തറ ഉത്തര്‍പ്രദേശില്‍ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിട്ടില്ല.

നരേന്ദ്ര മോദിയുടെ ജനസമ്മിതിയിലൂടെ മുന്നോട്ട് പോകുന്ന ബി.ജെ.പി, ഹിന്ദു-മുസ്‌ലിം ധ്രുവീകരണത്തിലൂടെയും അതിതീവ്ര ദേശീയവാദത്തിലൂന്നിയും 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ നിര്‍ണായക ശക്തിയായി മാറുകയും 71 ലോക്‌സഭ സീറ്റുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. മൂന്ന് വര്‍ഷത്തിനു ശേഷം ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഗംഭീര വിജയവും നേടി. 2019ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ഞെട്ടിപ്പിക്കുന്ന വിജയമാണ് യു.പിയില്‍ ബി.ജെ.പി കൈവരിച്ചത്. പിന്നീടങ്ങോട്ട് കേന്ദ്രസര്‍ക്കാരിനു സമാനമായ രീതിയിലാണ് യു.പി മുഖ്യമന്ത്രി ആദിത്യനാഥും ഭരണം നടത്തിയത്.

ലോക്ക് ഡൗണ്‍ വലിയ രീതിയിലുള്ള ദുരിതമാണ് ഉത്തര്‍പ്രദേശിലും സൃഷ്ടിച്ചത്. പലര്‍ക്കും ജോലിയും അതിജീവനമാര്‍ഗവും നഷ്ടമായി. മാനസിക സമ്മര്‍ദ്ദവും ശാരീരിക ആഘാതവും സംഭവിച്ചു. ദളിതര്‍, മുസ്‌ലിംകള്‍, ഒ.ബി.സി തുടങ്ങിയ ദുര്‍ബല വിഭാഗങ്ങളെയാണ് ലോക്ക് ഡൗണ്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് നഗരത്തില്‍ നിന്നും ഗ്രാമത്തിലേക്ക് തിരികെ മടങ്ങേണ്ടി വന്നു.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് മാത്രമാണ് അതിഥി തൊഴിലാളികള്‍ നേരിട്ട പ്രശ്‌നത്തിനെതിരെ പ്രതികരിച്ചത്. 2022ലെ നിയമസഭ തെരഞ്ഞെടുപ്പ് വരെ ഈ സംവേഗശക്തി നിലനിര്‍ത്താനും മുന്നോട്ട് കൊണ്ടു പോകാനും കോണ്‍ഗ്രസിന് സാധിക്കുമോ? എന്താണ് പ്രിയങ്ക ഗാന്ധിയ്ക്കും കോണ്‍ഗ്രസിനും മുന്നിലുള്ള വഴികള്‍? ഒന്നാമതായി വ്യത്യസ്ത ജാതി മത വിഭാഗങ്ങളെ സന്നിവേശിപ്പിച്ചു കൊണ്ടുള്ള സാമൂഹിക സഖ്യം കോണ്‍ഗ്രസിന് നഷ്ടമായിട്ടുണ്ട്. അതിലുപരി പല ജില്ലകളിലും കോണ്‍ഗ്രസിന്റെ സാന്നിധ്യം ഇല്ല എന്ന് തന്നെ പറയാം.

മുന്നോട്ടുള്ള വഴി

സാമൂഹിക സഖ്യമുണ്ടാക്കാനും സംഘടന ശക്തിപ്പെടുത്താനുമുള്ള നീക്കങ്ങള്‍ക്കാണ് കോണ്‍ഗ്രസ് ഊന്നല്‍ നല്‍കേണ്ടത്.
പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിക്കുകയും അവരെ ഏറെ വൈകാതെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്യണം. കഴിഞ്ഞ കുറച്ചു മാസങ്ങളായി യോഗി ആദിത്യനാഥ് പ്രിയങ്ക ഗാന്ധിക്ക് നേരെ നിരന്തരം രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നടത്തിയത് കോണ്‍ഗ്രസാണ് ഉത്തര്‍പ്രദേശിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയെന്ന പ്രതീതി ജനിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്.

പ്രിയങ്ക ഗാന്ധി ഇപ്പോള്‍ ലക്‌നൗവിലേക്ക് മാറി താമസിച്ചാല്‍ അത് ബി.ജെ.പിക്ക് അത്ര എളുപ്പമല്ലാത്ത രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാന്‍ ഇടയാക്കും. യോഗി ആദിത്യനാഥിന്റെ ശിഥിലമായ ഭരണ സംവിധാനങ്ങള്‍ക്കെതിരെയും ക്രമസമാധാന വിഷയങ്ങള്‍ ഏറ്റവും മോശമായി കൈകാര്യം ചെയ്യുന്നതിനെയും തുറന്നുകാട്ടാന്‍ കോണ്‍ഗ്രസിന് സാധിക്കേണ്ടതുണ്ട്.

വിനയാന്വിതരായ പ്രാദേശിക മാധ്യമങ്ങളിലൂടെയും വല്ലപ്പോഴുമുള്ള സാമൂഹിക മാധ്യമ സാന്നിധ്യത്തിലൂടെയും പ്രസ് കോണ്‍ഫറന്‍സിലൂടെയും മാത്രം ഇത് നടക്കില്ല. ബി.ജെ.പിയുടെ അത്ര റിസോഴ്‌സുകളോ മാധ്യമ സ്വാധീനമോ കോണ്‍ഗ്രസിനില്ല. അതുകൊണ്ട് തന്നെ പ്രാദേശിക സംവിധാനത്തെ ഉപയോഗിച്ചു കൊണ്ടുള്ള പ്രക്ഷോഭാത്മക രാഷ്ട്രീയത്തിന് തന്നെ കോണ്‍ഗ്രസ് ഊന്നല്‍ നല്‍കേണ്ടി വരും. പക്ഷേ അപ്പോഴും പ്രിയങ്ക ഗാന്ധി തന്നെ മുന്നില്‍ നിന്ന് ഇതിനെല്ലാം നേതൃത്വം നല്‍കേണ്ടതും അനിവാര്യമാണ്.

മൂന്നാമത്, നിയമസഭ തെരഞ്ഞെടുപ്പിന് ഇനിയും രണ്ട് വര്‍ഷമുണ്ട്. ന്യൂനപക്ഷ, ദളിത്, പിന്നാക്ക സമുദായത്തില്‍ നിന്നുവരുന്നവരെ കണ്ടെത്തി അവരില്‍ നിന്നും നേതാക്കളെ കണ്ടെത്തി പ്രാദേശിക ഘടകങ്ങള്‍ ശക്തിപ്പെടുത്താന്‍ ഇനിയും ധാരാളം സമയമുണ്ട്.

ഉത്തര്‍പ്രദേശിലേക്ക് തിരികെയെത്തിയ ലക്ഷക്കണക്കിന് അതിഥി തൊഴിലാളികളില്‍ പലരും ഈ സാമൂഹിക വിഭാഗത്തില്‍പ്പെടുന്നവരാണ്. അവരുടെ ദുരിതങ്ങള്‍ വരും ദിനങ്ങളില്‍ വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അത് അവരെ കൂടുതല്‍ അസ്വസ്ഥരാക്കുകയും ചെയ്യും. ഇവരില്‍ പലരും അഖിലേഷ് യാദവിന്റെയും മായാവതിയുടെയും അനുകൂലികളാണ്. ഇതില്‍ സമാജ്‌വാദി പാര്‍ട്ടിയാകട്ടെ ഇപ്പോഴും ആലസ്യത്തില്‍ തന്നെയാണ് ഉള്ളത്. മായാവതിയാകട്ടെ ബി.ജെ.പിയുമായി സമരസപ്പെടാനുള്ള ശ്രമത്തിലുമാണ്. ഇത് കോണ്‍ഗ്രസിന് ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പടുത്താന്‍ കഴിയുന്ന ഒരു രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്.

 

നാലാമതായി 2022 ലെ ലോകസഭ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് രൂപപ്പെടുത്തുന്ന പദ്ധതികള്‍ പ്രായോഗികമായിരിക്കുകയും വ്യക്തതയുള്ളതുമായിരിക്കണം. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും 2017ലെ നിയമസഭ തെരഞ്ഞെടുപ്പിലും 6.3 ശതമാനം വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. പക്ഷേ ഇന്ത്യയിലെ രാഷ്ട്രീയ അന്തരീക്ഷം എക്കാലത്തും എന്തും സംഭവിക്കാമെന്ന തരത്തില്‍ മാറിമറയുന്നത് തന്നെയായിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപികരിക്കാനുള്ള സാധ്യതകള്‍ കോണ്‍ഗ്രസിനില്ല. അതുകൊണ്ട് തന്നെ അടുത്ത തെരഞ്ഞെടുപ്പ് എത്തുമ്പോഴേക്കും 20 ശതമാനം വോട്ട് ഷെയര്‍ എങ്കിലും കോണ്‍ഗ്രസ് നേടിയെടുക്കേണ്ടതുണ്ട്. സീറ്റുകളില്‍ ഇരട്ട അക്കം കടക്കാനും കോണ്‍ഗ്രസിനാകണം. അത് യു.പി രാഷ്ട്രീയത്തില്‍ നിര്‍ണായക സീധീനമാകാന്‍ കോണ്‍ഗ്രസിനെ സഹായിക്കും.

ഏറ്റവും ഒടുവിലായി വര്‍ഗീയ ധ്രുവീകരണവും അതിദേശീയതയും ബി.ജെ.പി എക്കാലത്തും രാഷ്ട്രീയമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പൗരത്വഭേദഗതി നിയമം, അയോധ്യ വിഷയം, കശ്മീര്‍, പാകിസ്താന്‍ പ്രശ്‌നങ്ങള്‍ എന്നിവയില്‍ തങ്ങള്‍ക്ക് അനുകൂലമായ പിച്ചില്‍ കോണ്‍ഗ്രസ് ബാറ്റ് ചെയ്യണമെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. ഇതിനെ തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥ, തൊഴിലില്ലായ്മ, ക്രമസമാധാന പ്രശ്‌നം, തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി തിരിച്ചടിക്കാന്‍ കോണ്‍ഗ്രസും തയ്യാറെടുക്കേണ്ടതുണ്ട്. അത് നിശ്ചയമായും വലിയ ഒരു ദൗത്യം തന്നെയാണ്, പക്ഷേ സാധ്യവുമാണ്.

മൊഴിമാറ്റം: ശ്രിന്‍ഷ രാമകൃഷ്ണന്‍

(ഐ.പി.എസ്.എം.എഫ് സഹകരണത്താല്‍ ദി വയറിന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

 

ജമാല്‍ കിഡ്‌വായി
സാമൂഹിക സംരംഭമായ ഭാരഗോണ്‍ വീവ്‌സിന്റെ സ്ഥാപകന്‍