| Saturday, 10th December 2022, 4:00 pm

രാജമൗലി തെലുങ്ക് സിനിമക്ക് എന്താണോ നല്‍കിയത് അതെനിക്ക് മലയാളത്തിന് വേണ്ടി ചെയ്യണം: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും ഇന്ത്യന്‍ സിനിമക്ക് പരിചിതമായ മുഖമാണ് പൃഥ്വിരാജിന്റേത്. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പ്രശാന്ത് നീലിന്റെ സലാര്‍ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയിലേക്കും അരങ്ങേറ്റം കുറിക്കാന്‍ പോവുകയാണ് പൃഥ്വിരാജ്.

ഫിലിം കമ്പാനിയന്‍ നടത്തുന്ന ഇന്ത്യന്‍ ഫിലിം മേക്കേഴ്‌സ് ആഡയില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘രാജമൗലി തെലുങ്ക് സിനിമക്ക് എന്താണോ നല്‍കിയത് അതെനിക്ക് മലയാളത്തിന് വേണ്ടി ചെയ്യണം. വലിയ സ്വപ്നങ്ങള്‍ കാണാനും ചിന്തിക്കുന്നതിനുമപ്പുറമുള്ളത് കൊണ്ടുവരാനാകുമെന്നുമുള്ള ധൈര്യവും വിശ്വാസവും നല്‍കുന്ന എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ഫിലിം കമ്പാനിയന്‍ പോസ്റ്റര്‍ രൂപത്തിലാണ് പൃഥ്വിരാജിന്റെ വാക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.

നിര്‍മാതാവ് സ്വപ്‌ന ദത്ത് ചലസാനി, സംവിധായകരായ ഗൗതം വാസുദേവ മേനോന്‍, ലോകേഷ് കനകരാജ്, എസ്.എസ്. രാജമൗലി, നടനും സംവിധായകനുമായ കമല്‍ ഹാസന്‍ എന്നിവരാണ് ഫിലിം കമ്പാനിയിന്റെ ഇന്ത്യന്‍ ഫിലിം മേക്കേഴ്‌സ് ആഡയില്‍ പങ്കെടുക്കുന്നത്. വീഡിയോയുടെ പൂര്‍ണ രൂപം ഡിസംബര്‍ 12നാണ് പുറത്ത് വരിക.

ഷാജി കൈലാസിന്റെ സംവിധാനത്തിലൊരുങ്ങുന്ന കാപ്പയാണ് ഉടനെ പുറത്തിറങ്ങാനിരിക്കുന്ന പൃഥ്വിരാജ് ചിത്രം. കൊട്ട മധുവെന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ആസിഫ് അലി, അപര്‍ണ ബാലമുരളി, അന്ന ബെന്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ, ജിജോ സംവിധാനം ചെയ്യുന്ന കാളിയന്‍ എന്നിവയാണ് പൃഥ്വിരാജിന്റേതായി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റ് ചിത്രങ്ങള്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പൂരാന്റെ ഷൂട്ടും ഉടന്‍ ആരംഭിക്കും.

Content Highlight: What Rajamouli gave to Telugu cinema, I should do that for Malayalam cinema, says Prithviraj

We use cookies to give you the best possible experience. Learn more