കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വിശദീകരിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന കാര്യം ഓഗസ്റ്റ് 13ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചിരുന്നു. ഇതിനു ശേഷം കേസില്‍ എന്തു സംഭവിച്ചുവെന്നും കോടതി ആരാഞ്ഞു.
കേസില്‍ സാക്ഷികളായ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടോയെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. ആരും നിയമത്തിനു മുകളിലല്ലെന്നും എല്ലാവരും നിയമത്തിന് താഴെയാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള വിശദാംശങ്ങള്‍ അടുത്ത വ്യാഴാഴ്ച കോടതിയില്‍ വിശദീകരിക്കണമെന്നും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിനു മുമ്പാകെ ഇന്നു രണ്ടു ഹരജികളാണ് ഈ കേസുമായി ബന്ധപ്പെട്ടു വന്നത്.
കേസിന്റെ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും കന്യാസ്ത്രീക്ക് നീതി ഉറപ്പാക്കണമെന്നുമായിരുന്നു ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.
നേരത്തെ കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട മറ്റൊരു ഹരജിയിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ഈ സത്യവാങ്മൂലത്തിന്റെ ആറാം ഖണ്ഡികയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ നിരവധി തവണ ബലാത്സംഗം ചെയ്തുവെന്ന് പറയുന്നുണ്ട്. സത്യവാങ്മൂലത്തിലെ ഇക്കാര്യങ്ങള്‍ ഇന്നത്തെ ഇടക്കാല ഉത്തരവില്‍ കോടതി പ്രതിപാദിക്കുകയും ചെയ്തു.
WATCH THIS VIDEO: