| Thursday, 31st May 2018, 7:49 pm

കൈറാനയും പാല്‍ഘറും ഇന്ത്യന്‍ ജനാധിപത്യത്തോട് പറയുന്നത്

ശ്രീജിത്ത് ദിവാകരന്‍

പടിഞ്ഞാറന്‍ യു.പിയിലെ ബി.ജെ.പി സൃഷ്ടിച്ചെടുത്ത മത വൈര്യം ഒടുവില്‍ കെട്ടടങ്ങിയിരിക്കുന്നുവെന്നും ദുര്‍ഭരണത്തിനെതിരെ വിധിയെഴുതാനുള്ള അവസരം മതവൈര്യത്തില്‍ മുക്കി നശിപ്പിക്കുന്ന ശീലം ആ നാട് അവസാനിപ്പിച്ചിരിക്കുന്നുവെന്നുമാണ് കൈറാന ലോക്‌സഭ മണ്ഡലത്തില്‍ ആര്‍.എല്‍.ഡി സ്ഥാനാര്‍ത്ഥി തബാസും ഹസന്‍ നേടിയ ചരിത്ര വിജയം നമ്മളോട് പറയുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന് ഒരു നേരിയ ആശ്വാസം നല്‍കുന്ന കാര്യമാണത്. അതോടൊപ്പം ഇന്ത്യയിലെ ഏറ്റവും ജനസംഖ്യകൂടിയ സംസ്ഥാനത്ത് നിന്ന് നാലു വര്‍ഷത്തിന് ശേഷമെങ്കിലും ഒരു മുസ്ലിം പ്രതിനിധി ലോക്‌സഭയെ പ്രതിനിധീകരിക്കുന്നുവെന്നതും. അതും പടിഞ്ഞാറന്‍ യു.പി.യിലെ സമകാലിക മുസ്ലിം വിരുദ്ധ കലാപത്തില്‍ മുസഫര്‍ നഗര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം രക്തം വീണ കൈറാനയില്‍ നിന്ന്.

2014-ലെ തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ യു.പി ബി.ജെ.പി തൂത്തുവാരിയത് 2013-ല്‍ മുസഫര്‍ നഗറിലും മീററ്റിലും ആരംഭിച്ച കലാപങ്ങളുടെ തുടര്‍ച്ചയായാണ്. കലാപം പടരുകയും അരലക്ഷത്തിലധികം മുസ്ലീം കുടുംബങ്ങള്‍ ജീവനും കൊണ്ട് പാലായനം ചെയ്യപ്പെടുകയും തെരുവുകള്‍ ചോരയാല്‍ മുങ്ങിയപ്പോഴും സംസ്ഥാനം ഭരിച്ചിരുന്ന സമാജ്‌വാദി പാര്‍ട്ടി കാഴ്ചക്കാരായി നിന്നപ്പോള്‍ അരക്ഷിതരും അസംഘടിതരുമായ മുസ്ലീം ജനത അഭയത്തിനായി ആരെ ആശ്രയിക്കണമെന്നറിയാതെ കുഴങ്ങി.

കോണ്‍ഗ്രസിനും എസ്.പിയും ബി.എസ്.പിക്കും ചില പ്രദേശിക മുസ്ലിം പാര്‍ട്ടികള്‍ക്കുമിടയില്‍ അവരുടെ വോട്ട് ചിതറിപ്പോയപ്പോള്‍ ഹൈന്ദവ വോട്ട് ബി.ജെ.പി സമാഹരിച്ചു. ദളിത് വോട്ടുകളേയും പിന്നാക്ക ഹിന്ദു വോട്ടുകളേയും വരെ തങ്ങളുടെ പോക്കറ്റിലേയ്ക്ക് എത്തിക്കാനും മുസ്ലീം വിരുദ്ധ സാമൂഹ്യന്തരീക്ഷത്തിന്റെ ഭാഗമാക്കാനും അവര്‍ക്കായി. അതേ തുടര്‍ന്ന് 2014 ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ 80 സീറ്റുകളില്‍ 71 സീറ്റ് ബി.ജെ.പിയും രണ്ട് സീറ്റ് അവരുടെ സഖ്യകക്ഷിയായ അപ്നദളും നേടി. രാഹുല്‍ ഗാന്ധിയും സോണിയഗാന്ധിയും മാത്രം കോണ്‍ഗ്രസില്‍ നിന്ന് ജയിച്ചു. ബി.എസ്.പിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. സമാജ്വാദി പാര്‍ട്ടിയുടെ മുസ്ലീം സ്ഥാനാര്‍ത്ഥികളൊക്കെ തോറ്റു. മുലായമടക്കമുള്ള അഞ്ച് പേരുമാത്രമാണ് എസ്.പിയില്‍ നിന്ന് ജയിച്ചത്.

ഏതാണ്ട് അതേ തരംഗമാണ് 2017-ലെ നിയമസഭ തിരഞ്ഞെടുപ്പിലും യു.പിയില്‍ ആവര്‍ത്തിച്ചത്. ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്താതെ ബി.ജെ.പി കടുത്ത മുസ്ലീം വിരുദ്ധ വര്‍ഗ്ഗീയ പ്രചരണവുമായി തെരഞ്ഞെടുപ്പിനെ നേരിട്ടു. അപ്നാദള്‍, സുഹേദള്‍ ഭാരതീയ സമാജ് പാര്‍ട്ടി എന്ന പിന്നാക്ക രാഷ്ട്രീയ സംഘടന എന്നിവരുമായി സഖ്യത്തില്‍ മത്സരിച്ച ബി.ജെ.പി സംഘം 403-ല്‍ 325 സീറ്റും പിടിച്ചെടുത്തു. 384 സീറ്റില്‍ മത്സരിച്ച ബി.ജെ.പിക്ക് 312 സീറ്റുകളാണ് ലഭിച്ചത്. യോഗി ആദിത്യനാഥ് എന്ന വംശവെറിയുടെ ആചാര്യനെ മുഖ്യമന്ത്രിയുമായി ബി.ജെ.പി നിശ്ചയിച്ചു.

തൊണ്ണൂറുകളുടെ മധ്യം മുതല്‍ പിന്നാക്ക-ദളിത് രാഷ്ട്രീയവുമായി ഉത്തര്‍പ്രദേശിലെ സാമൂഹ്യാന്തരീക്ഷം പുതുക്കി എഴുതുന്ന ബി.എസ്.പി-എസ്.പി കക്ഷികള്‍ക്ക് മതപരമായ ഈ പിളര്‍പ്പിന്റെ കാലത്ത് പൂര്‍ണ്ണമായും കാലിടറി. 2014 മുതല്‍ ഡല്‍ഹിയില്‍ നിന്ന് ഉത്തര്‍പ്രദേശിലേയ്ക്ക് താമസം മാറ്റി പൂര്‍ണ്ണമായും സംഘടന പ്രവര്‍ത്തനത്തില്‍ മുഴുകിയിട്ട് പോലും മായാവതിക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു ചലനം പോലും ഉണ്ടാക്കാനായില്ല. തൊണ്ണൂറുകള്‍ക്ക് ശേഷം പടിപടിയായി ഉത്തര്‍പ്രദേശില്‍ തിരിച്ചടി നേരിടുകയാണെങ്കിലും ഇത്തരത്തില്‍ അപ്രസക്തരായി പോകുന്ന വിധമുള്ള നിരാകരണം കോണ്‍ഗ്രസും നേരിട്ടിട്ടില്ല. ഇതേ തുടര്‍ന്നാണ് ബീഹാറില്‍ ആര്‍.ജെ.ഡിയും-ജെ.ഡി.യുവും തെരഞ്ഞെടുപ്പിനെ നേരിട്ട അതേ മാതൃകയില്‍ ഒന്നിച്ച് നില്‍ക്കണമെന്ന രാഷ്ട്രീയ ബോധ്യം ബി.എസ്.പി-എസ്.പി-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കുണ്ടായത്.

പടിഞ്ഞാറന്‍ യു.പിയിലല്ല, കിഴക്കന്‍ യു.പി.യിലാണ് ഈ സഖ്യ പരീക്ഷണത്തിന്റെ ആദ്യ കളമൊരുങ്ങിയത്. പതിറ്റാണ്ടുകളായി ബി.ജെ.പി കൈവശം വച്ചിരുന്ന, മുഖ്യമന്ത്രി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലവും പ്രവര്‍ത്തന കേന്ദ്രവുമായ ഗൊരഖ്പൂരിലെ സമാജ്‌വാദി
പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ അഖിലേഷ് ക്ഷണിച്ചു. ബി.എസ്പിയും കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചു. ഉപുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ ഒഴിച്ചിട്ട ഫുല്‍പൂരില്‍ എസ്.പിയുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാനും ബി.എസ്.പിയും കോണ്‍ഗ്രസും തയ്യാറായി. അതിഗംഭീരവിജയമാണ് ഇരു സീറ്റുകളിലും സംയുക്ത പ്രതിപക്ഷത്തിന് കിട്ടിയത്. ബി.ജെ.പിയുടെത് കനത്ത പരാജയവും.

ഇതേ വഴിയാണ് പടിഞ്ഞാറാന്‍ യു.പിയിലെ കൈറാന ലോക്‌സഭ മണ്ഡലത്തിലും നൂപുര്‍ നിയമസഭ മണ്ഡലത്തിലും പ്രതിപക്ഷ സഖ്യം ആവര്‍ത്തിച്ചത്. കൈറാനയില്‍ മരിച്ചു പോയ ഹുക്കും സിങ്ങ് എന്ന ബി.ജെ.പി എം.പിയുടെ മകള്‍ മൃഗാംഗസിങ്ങിനെ എതിര്‍ക്കാന്‍ ആര്‍.എല്‍.ഡിക്ക് പിന്തുണ നല്‍കാന്‍ എസ്.പി, ബി.എസ്.പി, കോണ്‍ഗ്രസ് കക്ഷികള്‍ തീരുമാനിച്ചു. ബി.എസ്.പിയുടെ മുന്‍ നേതാവും നിലവില്‍ എസ്.പിയുടെ പ്രദേശിക ഭാരവാഹിയുമായ തബാസും ഹസനെയാണ് ആര്‍.എല്‍.ഡി സ്ഥാനാര്‍ത്ഥിയാക്കിയത്. ആര്‍.എല്‍.ഡി എന്ന രാഷ്ട്രീയ ലോക്ദള്‍, പഴയ സോഷ്യലിസ്റ്റ് അജിത് സിങ്ങിന്റെ പാര്‍ട്ടി, ജാട്ട് പാര്‍ട്ടിയായാണ് അറിയപ്പെടുന്നത്.

പടിഞ്ഞാറന്‍ യു.പിയെ ബാധിച്ച കലാപങ്ങളാകട്ടെ അടിസ്ഥാനപരമായി ജാട്ട് -മുസ്ലീം പോരാട്ടങ്ങളുമായിരുന്നു. ജാട്ട് പെണ്‍കുട്ടിയെ സ്നേഹിച്ച മുസ്ലീം ചെറുപ്പക്കാരനെ ആക്രമിച്ച് തുടങ്ങിയ സംഭവം. സംഘപരിവാര്‍ അജണ്ടയിലേയ്ക്ക് ജാട്ട് സമുദായം ഒന്നടങ്കം വീണുപോയിരുന്നു. ആ സാഹചര്യത്തിലാണ് ജാട്ട് പാര്‍ട്ടി, തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി ഒരു മുസ്ലിം വനിതയെ നിര്‍ത്തുന്നത്. രാഷ്ട്രീയലോകം ഉറ്റുനോക്കിയതും കൈറാനയിലെ ജാട്ട് പുരുഷന്മാര്‍ മുസ്ലീം വനിതയ്ക്ക് വോട്ടുചെയ്യുമോ എന്നാണ്. അവര്‍ ഒന്നടങ്കം വോട്ടുചെയ്തു എന്നാണ് പ്രാഥമികമായി നമ്മള്‍ അവിടെ നിന്ന് മനസിലാക്കുന്നത്.

മുസഫര്‍ നഗര്‍ കലാപത്തിന്റെ തോളിലേറിയാണ് നേരത്തേ കൈറാനയില്‍ ബി.ജെ.പി വിജയിച്ചത്. 16 ലക്ഷത്തിലധികം വോട്ടര്‍മാരുള്ള കൈറാനയില്‍ ആറുലക്ഷത്തോളം മുസ്ലീങ്ങളുണ്ട്. അവര്‍ക്കെതിരെ ദളിതരും പിന്നാക്കാക്കാരും ഗുജ്ജറുകളും സൈനികളും ബ്രാഹ്മണരുമെല്ലാം ബി.ജെ.പിയുടെ ഹൈന്ദവവിലാപത്തിന്റെ കീഴില്‍ ഒന്നിച്ചു. അതോടെ പരമ്പരാഗതമായി ജാട്ടുകളുടെ പാര്‍ട്ടിയായ ആര്‍.എല്‍.ഡി അപ്രസക്തരായി.. എന്നാല്‍ ജാട്ട് സമുദായത്തോട് ബി.ജെ.പി യാതൊരു നീതിയും കാണിക്കുന്നില്ല എന്ന പരാതികള്‍ ഉയര്‍ന്ന് വന്നിട്ടും കാലം കുറേയായി. ബി.ജെ.പി സൃഷ്ടിച്ചെടുത്ത ജാട്ട്മുസ്ലീം വിരോധം ഇല്ലാതായി എന്നതാണ് കൈറാനയും നൂപുറും നമ്മളോട് പറയുന്നത്. ബി.എസ്.പിയുടെ പിന്തുണയും തബാസും ഹസനുണ്ടായിരുന്നു എന്ന് ശ്രദ്ധിക്കണം. മണ്ഡലത്തിലെ രണ്ടരലക്ഷത്തോളം വരുന്ന ദളിതരില്‍ സിംഹഭാഗവും ജാടവ് വിഭാഗക്കാണ്, മായാവതി ഉള്‍പ്പെടുന്ന ശക്തമായ വിഭാഗം.

കൈറാനയില്‍ നിന്ന് സാധിച്ചത് എന്തുകൊണ്ട് മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ സാധിച്ചില്ല എന്നു കൂടി ആലോചിക്കണം. സംസ്ഥാനത്തും ദേശീയതലത്തിലും സഖ്യകക്ഷികളായ ബി.ജെ.പിയും ശിവസേനയും പരസ്പരം മത്സരിക്കുന്ന സാഹചര്യം മുതലെടുക്കാന്‍ എന്തുകൊണ്ട് പ്രതിപക്ഷ കക്ഷികള്‍ക്ക് കഴിഞ്ഞില്ല എന്നതാണ് ഇവിടെത്തെ ചോദ്യം.

ബി.ജെ.പിയുടെ ശക്തമായ ഈ സിറ്റിങ് സീറ്റില്‍ എം.പിയായിരുന്ന ചിന്താമന്‍ വനാഗയുടെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പ് സേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെയ്ക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനും അഭിമാനപോരാട്ടമായിരുന്നു. കാരണം മരിച്ചുപോയ ചിന്താമന്‍ വനാഗയുടെ മകന്‍ ശ്രീനിവാസ് വനാഗയാണ് ശിവസേനയുടെ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് പാര്‍ട്ടിയെ കൈയ്യൊഴിഞ്ഞ് ബി.ജെ.പി പാളയത്തിലെത്തിയ രാജേന്ദ്ര ഗാവിത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയും.

മണ്ഡലത്തില്‍ രാജേന്ദ്ര ഗാവിതിനുള്ള വ്യക്തിപരമായ വോട്ടും ബി.ജെ.പിയുടെ രാഷ്ട്രീയാടിത്തറയും ചേര്‍ന്നാല്‍ അവര്‍ക്ക് ജയിക്കാന്‍ കഴിയുമെന്ന് വ്യക്തമായിരുന്നു. എന്നിട്ടും ബഹുജന്‍ വികാസ് അഖാഡ എന്ന ദളിത് പാര്‍ട്ടിയും മണ്ഡലത്തില്‍ നല്ല ബഹുജനാടിത്തറയുള്ള സി.പി.ഐ.എമ്മും കോണ്‍ഗ്രസും പരസ്പരം മത്സരിച്ചു. ഏതാണ്ട് രണ്ടേകാല്‍ ലക്ഷം വോട്ടുപിടിച്ച് മൂന്നാം സ്ഥാനത്ത് ബി.വി.എ സ്ഥാനാര്‍ത്ഥി ബലിറാം സുകൂര്‍ ജാധവ് എത്തി. രണ്ടേമുക്കാല്‍ ലക്ഷത്തിനടുത്താണ് വിജയിച്ച രാജേന്ദ്ര ഗാവിത്തിന്റെ വോട്ടുകള്‍. അഥവാ എഴുപതിനായിരത്തില്‍ പരം വോട്ടു നേടിയ സി.പി.ഐ.എമ്മും നാല്‍പ്പതിനായിരത്തിനടുത്ത് വോട്ടുപിടിച്ച കോണ്‍ഗ്രസും ഒരുമിച്ച് നിന്ന് ബി.വി.എയ്ക്ക് പിന്തുണ നല്‍കിരുന്നുവെങ്കില്‍ മഹാരാഷ്ട്രയിലെ രണ്ട് ലോകസഭ മണ്ഡലവും ബി.ജെ.പി-ശിവസേന പാര്‍ട്ടികളില്‍ നിന്ന് പ്രതിപക്ഷത്തിന് പിടിച്ചെടുക്കാമായിരുന്നു. മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ മറ്റൊരു സിറ്റിങ് സീറ്റായ ഭണ്ഡാര-ഗോണ്ടിയ മണ്ഡലം നേരിട്ടുള്ള മത്സരത്തില്‍ വ്യക്തമായ ഭൂരിപക്ഷത്തില്‍ എന്‍.സി.പിയുടെ മധുകര്‍റാവു യശ്വന്ത്റാവു പിടിച്ചെടുത്തു.

മറ്റൊരു ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് ഫലം ബീഹാറിലെ ജൊകീഹാട്ടിലേതാണ്. ജെ.ഡി.യു-ബി.ജെ.പി സഖ്യത്തെ ജയിലിന്നകത്തുനിന്ന് ലാലുപ്രസാദ് യാദവും പുറത്ത് നിന്ന് മകന്‍ തേജസ്വിനിയാദവും അതിഗംഭീരമായി നേരിട്ടു. കോണ്‍ഗ്രസില്‍ നിന്നും പ്രാദേശിക പാര്‍ട്ടിയില്‍ നിന്നും കരുത്തരായ ജനകീയ നേതാക്കളെ പാര്‍ട്ടിയിലേയ്ക്ക് വലിച്ചൂറ്റിയെടുത്ത് ഭരണം നേടുന്ന അമിത്ഷാ-മോഡി തന്ത്രത്തെ ലാലു-തേജസ്വി
യാദവുമാര്‍ തിരിച്ച് നേരിട്ടതിന്റെ ബാക്കി പത്രം കൂടിയാണ് ജൊകീഹാട്ടിലെ വിജയം.
ആരിയ എം.പിയും ജെ.ഡി.യു നേതാവുമായിരുന്ന മുഹമ്മദ് തസ്ലിമുദ്ദീന്റെ മരണത്തെ തുടര്‍ന്നുള്ള ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ജൊകീഹാട്ട് എം.എല്‍.എ സ്ഥാനം സര്‍ഫറാസ് അലം രാജി വച്ചത്. പക്ഷേ, ആരിയയില്‍ സര്‍ഫറാസ് അലം മത്സരിച്ചത് ജെ.ഡി.യു സ്ഥാനാര്‍ത്ഥിയായല്ല, ജെ.ഡി.യു-വീണ്ടും ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച ആര്‍.ജെ.ഡിയില്‍ ചേര്‍ന്നാണ് സര്‍ഫറാസ് മത്സരിച്ചത്. ജെ.ഡി.യുവിന് കനത്ത പ്രഹരം ഏല്‍പ്പിച്ച് സര്‍ഫറാസ് വന്‍ വിജയം ആരിയായില്‍ നേടി.

സര്‍ഫറാസ് രാജിവച്ചപ്പോള്‍ ഒഴിഞ്ഞ ജൊകീഹാട്ടില്‍ ഇപ്പോള്‍ ജെ.ഡി.യു സ്ഥാനാര്‍ത്ഥി മുഹമ്മദ് മൂര്‍ഷിദ് ആലത്തെ അവരുടെ സിറ്റിങ് സീറ്റില്‍ ഇരട്ടിയിലധികം വോട്ടു നേടിയാണ് ആര്‍.ജെ.ഡിയുടെ ഷാഹ്നാവാസ് തകര്‍ത്തുകളഞ്ഞത്. തങ്ങളുടെ ഭൂരിപക്ഷം പോലും നേടാന്‍ ആകാത്ത ജെ.ഡി.യുവിന്റെ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് തേജസ്വിനി ആവശ്യപ്പെട്ടുകഴിഞ്ഞു.

പാല്‍ഘറും കൈറാനയും നമ്മളോട് ഒന്നേ പറയുന്നുള്ളൂ. ഒന്നിച്ചു നിന്നാലെങ്ങനെ ഫാഷിസത്തെ തോല്‍പ്പിക്കാമെന്ന്.

നാല് ലോക്‌സഭ മണ്ഡലങ്ങള്‍, 11 നിയമസഭ മണ്ഡലങ്ങള്‍ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത് നാലില്‍ മൂന്നും ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകള്‍. അതില്‍ രണ്ടും അവര്‍ തോറ്റു. ഒന്ന് നിലനിര്‍ത്തി. നാലാമത്തേത് നാഗ്ലാന്‍ഡ് മണ്ഡലമാണ്. അവിടത്തെ പ്രദേശിക പാര്‍ട്ടികള്‍ തമ്മിലായിരുന്നു മത്സരം. മറ്റാര്‍ക്കും പങ്കില്ലാത്തത്. പതിനൊന്ന് നിയമസഭ മണ്ഡലങ്ങളില്‍ ബി.ജെ.പി ജയിച്ചത് വെറും ഒന്നില്‍. ഉത്തരാഖണ്ഡിലെ തരാളി മണ്ഡലമാണ് അവസാന നിമിഷം വരെ പിന്നിട്ടു നിന്നതിന് ശേഷം അവര്‍ നിലനിര്‍ത്തിയത്. ഉത്തര്‍പ്രദേശിലെ നൂപുര്‍ ബി.ജെ.പിയില്‍ നിന്ന് എസ്.പി പിടിച്ചെടുത്തു. മഹാരാഷ്ട്രയിലും കര്‍ണാടകയിലും മേഘാലയയിലും സിറ്റിങ് സീറ്റ് കോണ്‍ഗ്രസ് നിലനിര്‍ത്തി. ജാര്‍ഖണ്ഡില്‍ രണ്ട് സിറ്റിങ് സീറ്റുകളും പ്രതിപക്ഷ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച ബി.ജെ.പിയെ അതിജീവിച്ച് നിലനിര്‍ത്തി.

കേരളത്തിലും പശ്ചിമബംഗാളിലും ബി.ജെ.പി ഒന്നുമായില്ല. ബീഹാറില്‍ ബി.ജെ.പി-ജെ.ഡി.യു സഖ്യത്തിന്റെ സിറ്റിങ് സീറ്റ് ആര്‍.ജെ.ഡിയും പഞ്ചാബില്‍ അകാലി-ബി.ജെ.പി സഖ്യത്തിന്റെ സീറ്റ് കോണ്‍ഗ്രസും പിടിച്ചെടുത്തു. അഥവാ കോണ്‍ഗ്രസ്, എസ്.പി, ആര്‍.ജെ.ഡി, സി.പി.എം, തൃണമൂല്‍ കോണ്‍ഗ്രസ്, ജെ.എം.എം, ആര്‍.എല്‍.ഡി എന്നിങ്ങനെയുളള പ്രതിപക്ഷകക്ഷികള്‍ വിജയം കൈവരിക്കുന്നു. ബി.എസ്.പി പ്രതിപക്ഷ സഖ്യത്തിന്റെ ഏകീകരണത്തില്‍ മുഖ്യപങ്ക് കൈക്കൊണ്ട് നില്‍ക്കുന്നു.

പതിനഞ്ച് സീറ്റുകളുടെ മത്സരത്തില്‍ ബി.ജെ.പിയുടെ ഉദ്ധരിച്ച, പര്‍വ്വതീകരിച്ച ഹൈന്ദവാഭിമാന-പൗരുഷാങ്കാരത്തിന് പ്രതിപക്ഷ പ്രഹരമേല്‍ക്കുമ്പോളും അവരെ അതികഠിനമായി വേദനിപ്പിക്കുന്നത് കൈറാനയാകും. മനുഷ്യരെ തമ്മിലടിപ്പിച്ചുകൊണ്ട് എല്ലാക്കാലവും രാഷ്ട്രീയ വിജയമുണ്ടാക്കാം എന്ന പഴയ കഥയിലെ ചതിക്കളിക്ക് ഉത്തര്‍പ്രദേശ് അന്ത്യം കുറിക്കുകയാണ്. അത് ഒരു കാവ്യനീതിയുടെ ആഘോഷമായി.

ബീഗം തബാസും ഹസന്‍  ഈ പേര് ഓര്‍ത്തുവച്ചോളൂ. ഈ മുസ്ലീം സ്ത്രീ- ആരെ ഉപയോഗിച്ചാണോ ബി.ജെ.പി കലാപങ്ങളുടെ രാഷ്ട്രീയവും അരക്ഷതാവസ്ഥയും ഭീതിയും സൃഷ്ടിച്ചത്, അവരുടെ തന്നെ പിന്തുണയാല്‍- ഈ ലോകസഭയില്‍ ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള ഉത്തര്‍പ്രദേശ് സംസ്ഥാനത്ത് നിനുള്ള ഏക മുസ്ലീം പ്രതിനിധിയായി വിജയിച്ചിരിക്കുന്നു. അതും വന്‍ ഭൂരിപക്ഷത്തില്‍, ബി.ജെ.പി തകര്‍ത്ത് തരിപ്പണമാക്കി.

ഉത്തര്‍പ്രദേശിന്, കൈറാനയ്ക്ക്, മുസ്ലീങ്ങള്‍ക്ക്, സ്ത്രീകള്‍ക്ക് ബി.ജെ.പിയോട് ചിലത് പറയാനുണ്ട്. അതിന്റെ മുഖവുരയാണ് ഈ തിരഞ്ഞെടുപ്പ് ഫലം.

ശ്രീജിത്ത് ദിവാകരന്‍

മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more