ബില്ലുകളുടെ എണ്ണത്തില്‍ പ്രതീക്ഷാവഹമെന്നു തോന്നുമെങ്കിലും അത് പാസാക്കിയെടുത്ത രീതി ആശങ്കപ്പെടുത്തുന്നതാണ്.
അതുപോലെ രണ്ടാം മോദിസര്‍ക്കാരിന്റെ ആദ്യമാസത്തില്‍ ലോക്‌സഭയില്‍ ചോദ്യമുന്നയിച്ച എം.പിമാര്‍ ആരൊക്കെയെന്ന് ഇന്ത്യാ ടുഡേ നടത്തിയ പരിശോധനയിലെ കണ്ടെത്തലും ആശങ്കപ്പെടുത്തുന്നതാണ്. യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും അടക്കമുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കള്‍ ഇത്തവണ ചോദ്യമുന്നയിക്കാന്‍ തയ്യാറായില്ല.
ആ വിഭാഗത്തില്‍പ്പെടുന്ന എം.പിമാരില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ഇപ്പോള്‍ മോദിയോട് ഏറെ അടുത്തുനില്‍ക്കുന്ന വ്യക്തിയുമായ മുലായം സിങ് യാദവ്, വിവാദങ്ങളുടെ തോഴിയായ ബി.ജെ.പി അംഗം പ്രജ്ഞാ സിങ് താക്കൂര്‍, പ്രമുഖ ബോളിവുഡ് താരവും ബി.ജെ.പി എം.പിയുമായ സണ്ണി ദിയോള്‍ തുടങ്ങിയവരാണുള്ളത്.
നുസ്രത്ത് ജഹാന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്), മിമി ചക്രബര്‍ത്തി (തൃണമൂല്‍ കോണ്‍ഗ്രസ്), സത്യപാല്‍ സിങ് (ബി.ജെ.പി), അനുപ്രിയ പട്ടേല്‍ (അപ്‌നാ ദള്‍) എന്നിവരാണ് ചോദ്യമുന്നയിക്കുന്നതില്‍ തീരെപ്പിറകിലായപ്പോയ മറ്റുള്ളവര്‍.
മോദിസര്‍ക്കാരിനെതിരെ ശക്തമായ ഭാഷയില്‍ ലോക്‌സഭയില്‍ ശബ്ദമുയര്‍ത്തിയ തൃണമൂലിന്റെ മഹുവ മോയിത്രയാകട്ടെ, ഉന്നയിച്ചത് ഒരു ചോദ്യവും. അകാലിദളിന്റെ സുഖ്ബീര്‍ ബാദലിനും ചോദിക്കാനായത് ഒരെണ്ണം. മഹുവയുടെ ചോദ്യമാകട്ടെ, തന്റെ മണ്ഡലത്തിനോ ബംഗാളിനോ വേണ്ടി കേന്ദ്രം ഒന്നും ചെയ്യാത്തത് എന്തെന്നുള്ളതും.
രാഹുല്‍ ഗാന്ധിയാകട്ടെ, രണ്ട് ചോദ്യമാണുന്നയിച്ചത്. രണ്ടും സ്വന്തം മണ്ഡലമായ വയനാടിനെക്കുറിച്ച്. ഒന്ന്, ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള രാത്രിസഞ്ചാരത്തെപ്പറ്റി. രണ്ട്, കര്‍ഷക വായ്പ സംബന്ധിച്ചത്.
ഏറ്റവുമധികം ചോദ്യങ്ങളുന്നയിച്ച് ഇത്തവണ ശ്രദ്ധേയയായത് എന്‍.സി.പി നേതാവ് സുപ്രിയ സുലേയാണ്. അതും 109 ചോദ്യങ്ങള്‍. ബാരാമതിയില്‍ നിന്നുള്ള എം.പിയാണവര്‍.
രണ്ടാമത്, ശിവസേനാ അംഗം ശ്രീകാന്ത് ഏക്‌നാഥ് ഷിന്‍ഡെയാണ്. 84 ചോദ്യങ്ങളാണ് ഷിന്‍ഡെ ഉന്നയിച്ചത്. കല്യാണില്‍ നിന്നുള്ള എം.പിയാണ് ഷിന്‍ഡെ.
ഹൈദരാബാദ് എം.പിയും മോദിസര്‍ക്കാരിന്റെ നിശിത വിമര്‍ശകനും എ.ഐ.എം.ഐ.എം നേതാവുമായ അസദുദ്ദീന്‍ ഉവൈസി 68 ചോദ്യങ്ങളാണ് ഉന്നയിച്ചത്. അതില്‍ ഒരെണ്ണം മുത്തലാഖിനെപ്പറ്റിയാണ്.
നാലാമത് ബി.ജെ.ഡി നേതാവ് ഭര്‍തൃഹരി മഹ്താബാണ്. കട്ടക്കില്‍ നിന്നുള്ള എം.പി 61 ചോദ്യങ്ങളാണ് ഉന്നയിച്ചത്. അഞ്ചാമത് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂരാണ്. 53 ചോദ്യങ്ങളാണ് തരൂര്‍ ഉന്നയിച്ചത്.
വരുണ്‍ ഗാന്ധി 25 ചോദ്യങ്ങളും ഗൗതം ഗംഭീര്‍ 22 ചോദ്യങ്ങളും ഉന്നയിച്ചു. ഇങ്ങനെ 6,179 ചോദ്യങ്ങളാണ് ലോക്‌സഭയില്‍ ഇത്തവണയുണ്ടായത്.